Kerala
വി എസ്; നിലപാടുകളിലെ കാര്‍ക്കശ്യത്തെ മറികടക്കുന്ന ജനകീയന്‍: ഖലീല്‍ തങ്ങള്‍
2004ല്‍ പ്രതിപക്ഷ നേതാവായിരിക്കെ പ്രത്യേകമായി ക്ഷണിക്കാതെ തന്നെ മഅ്ദിന്‍ സ്ഥാപനം സന്ദര്‍ശിക്കാനെത്തി.. മഅ്ദിന്‍ നേരിട്ട പ്രതിസന്ധികളോടുള്ള ഐക്യദാര്‍ഢ്യം കൂടിയായിരുന്നു ആ സന്ദര്‍ശനം.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദനെ ആദ്യമായി നേരില്‍ കാണുന്നതും പരിചയപ്പെടുന്നതും മഞ്ഞളാംകുഴി അലി എം എല്‍ എയുടെ വീട്ടിലെ ഒരു ചടങ്ങിനിടെയാണ്. നിലപാടുകളിലെ കാര്‍ക്കശ്യത്തെ മറികടക്കുന്ന ജനകീയതയും സാമൂഹിക-പരിസ്ഥിതി വിഷയങ്ങളിലെ വേറിട്ട നിലപാടുകളുമായി അദ്ദേഹം സജീവമായി നില്‍ക്കുന്ന കാലം.
മഅ്ദിന്‍ അക്കാദമിയുടെ ആരംഭ കാലത്ത് നേരിടേണ്ടിവന്ന പ്രതിസന്ധികള്‍ കേട്ടറിഞ്ഞ അദ്ദേഹം സ്ഥാപനം സന്ദര്‍ശിക്കാന്‍ വരുമെന്ന് ഉറപ്പു പറഞ്ഞു. 2004ല്‍ പ്രതിപക്ഷ നേതാവായിരിക്കെ പ്രത്യേകമായി ക്ഷണിക്കാതെ തന്നെ അദ്ദേഹം സ്ഥാപനം സന്ദര്‍ശിക്കാനെത്തുകയും ചെയ്തു. മഅ്ദിന്‍ നേരിട്ട പ്രതിസന്ധികളോടുള്ള ഐക്യദാര്‍ഢ്യം കൂടിയായിരുന്നു ആ സന്ദര്‍ശനം. വലിയ തയ്യാറെടുപ്പുകളോടെ അതിഥികളെ സ്വീകരിക്കാനുള്ള സൗകര്യങ്ങളൊന്നും അന്ന് മഅ്ദിന്‍ കാമ്പസിലുണ്ടായിരുന്നില്ല. അന്നുണ്ടായിരുന്ന ഒറ്റമുറി ഓഫീസിലെ ലളിതമായ സൗകര്യങ്ങള്‍ക്കിടയിലിരുന്ന് വിശദമായി ഞങ്ങളെ കേള്‍ക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചു കിട്ടുന്നതിലടക്കം മഅ്ദിന്‍ ഉള്‍പ്പടെയുള്ള സുന്നി സ്ഥാപനങ്ങള്‍ അന്ന് നേരിട്ട പ്രത്യേകമായ അവഗണനകള്‍ കൃത്യമായി മനസ്സിലാക്കി. വിശദമായ തയാറെടുപ്പുകളോടെയാണ് അദ്ദേഹം വന്നതെന്ന് ആ സംഭാഷണത്തില്‍ നിന്നും മനസ്സിലായിരുന്നു. പ്രതിസന്ധികളെ എങ്ങനെ മറികടക്കാനാകുമെന്ന് ഞങ്ങള്‍ കൂട്ടമായി ആലോചിച്ചു. പല അര്‍ഥത്തിലും വഴിത്തിരിവായിരുന്നു ആ കൂടിക്കാഴ്ച.
പിന്നീട് മുഖ്യമന്ത്രിയായിരിക്കെ, 2008ല്‍ മഅ്ദിന്‍ ചരിത്രവീഥി ഡോക്യമെന്ററി പരമ്പരയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. നേരത്തെ തീരുമാനിച്ച ഒരു യാത്ര കാരണം വിദേശത്തായതിനാല്‍ ഞാന്‍ ആ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. മഅ്ദിന്‍ പ്രതിനിധികളോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം അപ്പോള്‍ തന്നെ ഫോണില്‍ സംസാരിക്കാനും അടുപ്പം സൂക്ഷിക്കാനും ശ്രദ്ധിച്ചു. പാലോളി കമ്മീഷന്‍, അലീഗഢ് കാമ്പസ്, പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുടങ്ങി ന്യൂനപക്ഷങ്ങളുടെ സാമൂഹികോന്നമനം ലക്ഷ്യമാക്കി മുഖ്യമന്ത്രിയായിരുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ മുന്‍കൈയില്‍ നടന്ന നീക്കങ്ങളധികവും വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. എന്നാല്‍, വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം തന്നെ തുടക്കം കുറിച്ച ഈ പരിശ്രമങ്ങളുടെ അന്തസത്തയോട് യോജിക്കാത്ത ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായപ്പോള്‍ എന്റെ വിയോജിപ്പ് നേരിട്ടറിയിച്ചു. അദ്ദേഹം സഹിഷ്ണുതയോടെ കേള്‍ക്കുകയും ചെയ്തു. മറുത്തൊന്നും പറഞ്ഞില്ല. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടമായി അടയാളപ്പെടുത്തേണ്ട വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.