Kerala
ഒരു വര്‍ഷം പൂര്‍ത്തിയാക്കി വിഴിഞ്ഞം തുറമുഖം; ഇതുവരെ എത്തിയത് 615 കപ്പലുകള്‍
ആഗോള നിലവാരത്തിലെ പ്രകടനത്തില്‍ 12 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തന മികവ് വിഴിഞ്ഞം കൈവരിച്ചു.
വിഴിഞ്ഞം | വാണിജ്യപ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷമാകുമ്പോള്‍ വിഴിഞ്ഞം രാജ്യാന്തര തുറമുഖം അത്ഭുതകരമായ നേട്ടങ്ങളാണ് കൈവരിച്ചത്. ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം ടിഇയു കണ്ടെയ്‌നറും കൈകാര്യം ചെയ്ത് നേട്ടങ്ങളോടെ മുന്നേറുകയാണ് തുറമുഖം. ആദ്യ വര്‍ഷം തന്നെ ദേശീയ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഒരു ദശലക്ഷം ടിഇയു മറികടക്കുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ തുറമുഖമായും ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ക്കും അനായാസം അടുക്കാനാകുന്ന തുറമുഖം എന്ന ഖ്യാദിയും സ്വന്തമാക്കി. പ്രകൃതിദത്ത ആഴം, സെമി ഓട്ടോമേഷന്‍, ലോകോത്തര എൻജിനീയറിംഗ് എന്നിവ സംയോജിപ്പിച്ച് പ്രമുഖ ആഗോള ട്രാന്‍സ്ഷിപ്പ്‌മെന്റ്ഹബുകളുടെ നിരയില്‍ ചേരുന്നതിനായി മുന്നേറുകയാണ് തുറമുഖം.
വിഴിഞ്ഞത്തിന്റെ ഉയര്‍ച്ച ഇന്ത്യയുടെ ലോജിസ്റ്റിക് ലാന്‍ഡ്‌സ്‌കേപ്പ് പുനര്‍നിര്‍മിക്കുകയും പ്രധാന കിഴക്ക് പടിഞ്ഞാറന്‍ വ്യാപാര റൂട്ടുകളില്‍ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അഭൂതപൂര്‍വമായ വളര്‍ച്ച, ദേശീയ റെക്കോര്‍ഡുകള്‍, ആഗോള അംഗീകാരം എന്നിവ ഒരു വര്‍ഷത്തിനകം വിഴിഞ്ഞം തുറമുഖം നേടിയെടുത്തു. ഇന്ത്യയുടെ അത്ഭുത തുറമുഖം എന്ന് പരക്കെ പ്രശംസിക്കപ്പെടുന്ന വിഴിഞ്ഞം തുറമുഖം രാജ്യത്തെ ഏറ്റവും നൂതനമായ ആഴക്കടല്‍ തുറമുഖങ്ങളില്‍ ഒന്നായി അതിവേഗം ഉയര്‍ന്നു.
ആഗോള നിലവാരത്തിലെ പ്രകടനത്തില്‍ 12 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തന മികവ് വിഴിഞ്ഞം കൈവരിച്ചു. പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് പത്ത് മാസത്തിനുള്ളില്‍ ഒരു ദശലക്ഷം ടി ഇ യു വാര്‍ഷിക ശേഷി മറികടന്നു. ഇതുവരെ 615 കപ്പലുകളും 1.32 ദശലക്ഷം ടി ഇ യു കണ്ടെയ്‌നറുകളും കൈകാര്യം ചെയ്തു. 399 മീറ്റര്‍ നീളമുള്ള 41 അള്‍ട്രാലാര്‍ജ് കണ്ടെയ്‌നര്‍ കപ്പലുകള്‍ കൈകാര്യം ചെയ്തു. 300 മീറ്ററില്‍ കൂടുതല്‍ നീളമുള്ള 154 കപ്പലുകള്‍ കൈകാര്യം ചെയ്തത് ലോകത്തിലെ വലിയ കാരിയറുകളെ കൈകാര്യം ചെയ്യാനുള്ള കഴിവ് പ്രകടമാക്കി.
16 മീറ്ററില്‍ കൂടുതല്‍ ഡ്രാഫ്റ്റുകളുമായി 45 കപ്പലുകള്‍ എത്തി. ഇത് സ്വാഭാവിക ആഴത്തിന്റെ നേട്ടത്തെ ശക്തിപ്പെടുത്തി. 17.1 മീറ്റര്‍ അറൈവല്‍ ഡ്രാഫ്റ്റുള്ള എം എസ് സി വെറോണ, ദക്ഷിണേഷ്യയില്‍ ഇതുവരെ കൈകാര്യം ചെയ്തതില്‍ വച്ച് ഏറ്റവും ആഴമേറിയ ഡ്രാഫ്റ്റ് കപ്പലായി മാറി.
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എം എസ് സി ഐറിന, വര്‍ഷം തോറും വിഴിഞ്ഞത്ത് എത്തി. ഒരു കപ്പലിലെ ഏറ്റവും ഉയര്‍ന്ന കണ്ടെയ്‌നറുകളുമായി എം എസ് സി പലോമ നങ്കൂരമിട്ടു. 10,576 ടി ഇ യു കണ്ടെയ്‌നറുകളുമായാണ് പലോമയുടെ വരവ്. ഉയര്‍ന്ന കാര്യക്ഷമതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് കണ്ടെയ്‌നര്‍ തുറമുഖം എന്ന പേര് വിഴിഞ്ഞം സ്വന്തമാക്കി.
മറൈന്‍ പ്രവര്‍ത്തനങ്ങളില്‍ വനിതാ ഓട്ടോമേറ്റഡ് ക്രെയിന്‍ ഓപറേറ്റര്‍മാരെ വിന്യസിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ തുറമുഖമായി. വിഴിഞ്ഞത്തിന്റെ അസാധാരണമായ ആദ്യ വര്‍ഷം തുറമുഖത്തിന്റെ ആഗോള നില ഉയര്‍ത്തുക മാത്രമല്ല അന്താരാഷ്ട്ര ഷിപ്പിംഗില്‍ ഇന്ത്യയുടെ വളരുന്ന സ്വാധീനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.


