Ongoing News
വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ഇന്ന് ഷാര്‍ജയില്‍ സംസ്‌കരിക്കും
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും

ഷാര്‍ജ | ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ഇന്ന് അവിടെ സംസ്‌കരിക്കും. വിപഞ്ചികയുടെ കുടുംബത്തിന് ഇതുവരെ രണ്ട് പേരുടേയും മൃതദേഹങ്ങള്‍ കാണാന്‍ പോലും കഴിഞ്ഞിട്ടില്ല. വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.
സംസ്‌കാരവുമായി ബന്ധപ്പെട്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കങ്ങളൊഴിഞ്ഞതോടെയാണ് ഇന്ന് മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാക്കി കുഞ്ഞിന്റെ സംസ്‌കാരം നടക്കുന്നത്. സംസ്‌കാരം വൈകുന്നത് ഒഴിവാക്കാനാണ് മൃതദേഹം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് കടുംപിടിത്തം ഒഴിവാക്കി വിട്ടുവീഴ്ച ചെയ്തതെന്നാണ് വിപഞ്ചികയുടെ കുടുംബം വിശദീകരിക്കുന്നത്.
വിപഞ്ചികയുടേത് ആത്മഹത്യയാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശ്വാസമുണ്ടെന്നും ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ നാട്ടിലെ നിയമ നടപടികള്‍ തുടരുമെന്നും കുടുംബം അറിയിച്ചു.ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് സംസ്‌കരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാല്‍, കുഞ്ഞിന്റെ മൃതദേഹം അച്ഛന്‍ നിതീഷിന് വിട്ടുകൊടുക്കാനാണ് ഷാര്‍ജ കോടതി ഉത്തരവിട്ടത്. വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. വിപഞ്ചികയുടെ അമ്മ ശൈലജ നല്‍കിയ പരാതിയില്‍, ഭര്‍ത്താവ് നിതീഷും അദ്ദേഹത്തിന്റെ സഹോദരി നീതുവും പിതാവ് മോഹനനും ചേര്‍ന്ന് വിപഞ്ചികയെ സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി ആരോപിക്കുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കുണ്ടറ പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.