Kerala
കൊച്ചിയില്‍ സ്വതന്ത്ര ചിന്തകരുടെ സമ്മേളന വേദിയില്‍ ബോംബ് ഭീഷണി
പോലീസ് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി. ബോംബൊന്നും കണ്ടെത്താനായില്ല. തോക്കുമായി സമ്മേളന വേദിക്കകത്തേക്ക് കയറിയയാള്‍ കസ്റ്റഡിയില്‍.

കൊച്ചി | കൊച്ചിയില്‍ സ്വതന്ത്ര ചിന്തകരുടെ സമ്മേളന വേദിയില്‍ ബോംബ് ഭീഷണി. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്റിന്‍ പങ്കെടുക്കാനിരുന്ന പരിപാടിയിലായിരുന്നു ഭീഷണി. കലൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്.
രണ്ട് മണിക്കൂറോളം പരിപാടി തടസ്സപ്പെട്ടു. പോലീസ് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി. ആളുകളെ പുറത്തിറക്കിയായിരുന്നു പരിശോധന. പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ബോംബൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ആളുകളെ തിരികെ പ്രവേശിപ്പിച്ചു.
തോക്കുമായി എത്തിയയാള്‍ പിടിയില്‍
തോക്കുമായി ഒരാള്‍ സമ്മേളന വേദിക്കകത്തേക്ക് കയറിയയാളെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. ഉദയംപേരൂര്‍ സ്വദേശി അജീഷാണ് പിടിയിലായത്. സ്വന്തം സുരക്ഷക്കാണ് തോക്ക് കൈവശം വച്ചതെന്ന് അജീഷ് പോലീസിനോടു പറഞ്ഞു. ഡി വൈ എഫ് ഐ നേതാവ് വിദ്യാധരനെ വധിച്ച കേസിലെ സാക്ഷിയാണ് അജീഷ്. ഇയാളെ കടവന്ത്ര പോലീസ് ചോദ്യം ചെയ്തുവരികയാണ്.