From the print
അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യക്ക് ഓസീസ്
രണ്ടാം സെമിയില്‍ ഓസീസ് ഒരു വിക്കറ്റിന് പാകിസ്താനെ തോല്‍പ്പിച്ചു.
ബെനോനി | അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ പാകിസ്താനെ തോല്‍പ്പിച്ച് ആസ്ത്രേലിയ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍. ഒരു വിക്കറ്റിനായിരുന്നു ഓസീസ് ജയം. പാകിസ്താന്‍ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കിനില്‍ക്കെ ഓസീസ് മറികടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയാണ് ആസ്ത്രേലിയയുടെ എതിരാളികള്‍. മൂന്നാം തവണയാണ് ഇന്ത്യയും ആസ്‌ത്രേലിയയും ഫൈനലെത്തുന്നത്. ഇതിന് മുന്പ് രണ്ട് തവണയും ഓസീസിനെ കീഴടക്കി ഇന്ത്യ ജേതാക്കളായി. 2012ലും 2018ലും.
45.6 ഓവറില്‍ ഒമ്പതാം വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ഓസീസ് സ്‌കോര്‍ 164 റണ്‍സായിരുന്നു. അവസാന വിക്കറ്റില്‍ കല്ലം വിഡ്ലറെ (രണ്ട്) കൂട്ടുപിടിച്ച് റാഫ് മക്്മില്ലനാണ് (19) അവിസ്മരണീയ ജയം സമ്മാനിച്ചത്. ഓപണര്‍ ഹാരി ഡിക്സണ്‍ (50), ഒലിവര്‍ പീക്ക് (49) എന്നിവരാണ് ഓസീസിന്റെ പ്രധാന സ്‌കോറര്‍മാര്‍. ടോം കാംമ്പല്‍ 25 റണ്‍സെടുത്തു. പാകിസ്താന് വേണ്ടി അലി റാസ നാല് വിക്കറ്റെടുത്തു.
നേരത്തേ, ആറ് വിക്കറ്റെടുത്ത ടോം സ്ട്രാക്കറാണ് പാകിസ്താന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. തകര്‍ച്ചക്കിടയില്‍ ഹസന്‍ അവൈസ് (52), അറഫാത്ത് മിന്‍ഹാസ് (52) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് പാകിസ്താനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 17 റണ്‍സെടുത്ത ഷാമില്‍ ഹുസൈനാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍.