Uae
ആഗോള ശാസ്ത്ര ഗവേഷകരുടെ പട്ടികയിൽ യു എ ഇ യുവതി
20 വയസ്സിന് മുമ്പ് ഒരു ബിരുദ വിദ്യാർഥിക്ക് ഇത് അപൂർവ നേട്ടമാണ്.
ഷാർജ | 2024ലെ ആഗോള ശാസ്ത്ര ഗവേഷകരുടെ പട്ടികയിലെ 200 പേരിൽ യു എ ഇ യുവതിയും. വൈറ്റ് പേജ് ഇന്റർനാഷണൽ കോൺക്ലേവ് 2024 ലെ ആഗോള വനിതാ നേതാക്കളിൽ ഒരാളായി 20 വയസ്സുള്ള ജമീല അൽ മസൂദ് ഇടം പിടിച്ചു. ജനിതകശാസ്ത്രത്തിലും കാൻസർ ബയോളജിയിലും ശാസ്ത്രീയ ഗവേഷണം മുന്നോട്ട് കൊണ്ടുപോകാനും ആഗോള പൊതുജനാരോഗ്യ സംരംഭങ്ങൾക്ക് നേതൃത്വം നൽകാനും പ്രവർത്തിക്കുകയാണിവർ. അവരുടെ ഗവേഷണ പ്രബന്ധം ചെറുപ്പത്തിൽ തന്നെ അന്താരാഷ്ട്ര അംഗീകാരം നേടി.
മൈക്രോബയോളജി റിസോഴ്സ് അനൗൺസ്മെന്റ‌്സ് എന്ന ജേർണലിൽ അവർ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. 20 വയസ്സിന് മുമ്പ് ഒരു ബിരുദ വിദ്യാർഥിക്ക് ഇത് അപൂർവ നേട്ടമാണ്.
പി എച്ച് ഡി ആരംഭിക്കുന്നതിന് മുമ്പ് ഒരു പ്രശസ്ത ലാബ് ജമീലയുടെ പ്രബന്ധം തിരസ്‌കരിച്ചിരുന്നു. തുടക്കത്തിൽ അവരുടെ ആത്മവിശ്വാസത്തിനും അഭിലാഷങ്ങൾക്കും ഭീഷണിയായി.
ജമീല മിഡിൽ ഈസ്റ്റിലെ യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിൻ (യു സി ഡി) അംബാസഡറായി സേവനമനുഷ്ഠിക്കുന്നു. അടുത്തിടെ യുകെയിലെ ഗ്ലോബൽ യൂത്ത് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ജനിതകശാസ്ത്രം, കാൻസർ ബയോളജി, ന്യൂറോ സയൻസ് എന്നിവയിൽ ഗവേഷണം നടത്തുന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റി, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം ഐ ടി) എന്നിവയിൽ നിന്നുള്ള അധിക യോഗ്യതകളും അവർക്കുണ്ട്.