Uae
ഇസ്‌ലാമാബാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ചുമതല യു എ ഇക്ക്
വിദേശ മൂലധനം ആകര്‍ഷിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങളില്‍ നിന്നുള്ള സാമ്പത്തിക നഷ്ടം കുറക്കാനും കരാര്‍ സഹായിക്കുമെന്ന് അധികൃതര്‍.

ദുബൈ | ഇസ്‌ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തന നിയന്ത്രണം യു എ ഇക്ക് കൈമാറാന്‍ പാകിസ്താന്‍ അനുമതി നല്‍കി. ഗവണ്‍മെന്റ്-ടു-ഗവണ്‍മെന്റ് (ജി2ജി) പങ്കാളിത്തത്തിലൂടെ പ്രധാന സര്‍ക്കാര്‍ ആസ്തികളുടെ മാനേജ്മെന്റ് ഔട്ട്സോഴ്സ് ചെയ്യുന്നതിനുള്ള പാക് തന്ത്രത്തിന്റെ ഭാഗമാണിത്.
കരാറിന്റെ നിബന്ധനകള്‍ അന്തിമമാക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയുടെ സ്വകാര്യവത്ക്കരണ ഉപദേഷ്ടാവ് മുഹമ്മദ് അലിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചാ സംഘത്തെ ചുമതലപ്പെടുത്തി. വിദേശ മൂലധനം ആകര്‍ഷിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങളില്‍ നിന്നുള്ള സാമ്പത്തിക നഷ്ടം കുറക്കാനും കരാര്‍ സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഒരു ബില്യണ്‍ യു എസ് ഡോളറില്‍ അധികം ചെലവില്‍ 2018-ലാണ് ഇസ്‌ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിച്ചത്. രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന കേന്ദ്രമാണിത്. പ്രതിവര്‍ഷം 15 ദശലക്ഷം ആളുകളെ കൈകാര്യം ചെയ്യാന്‍ ഈ വിമാനത്താവളത്തിന് ശേഷിയുണ്ട്. അത് ഭാവിയില്‍ 25 ദശലക്ഷമായി ഉയര്‍ത്താനും കഴിയും. ആധുനിക രൂപകല്‍പ്പന ഉണ്ടായിരുന്നിട്ടും കാര്യക്ഷമതയില്ലായ്മയും സാമ്പത്തിക നഷ്ടവും വിമാനത്താവളം നേരിട്ടിരുന്നു.