Connect with us

Articles

തോറ്റമ്പിയ രണ്ട് പേര്‍; കൊടിയിറങ്ങിയ ജൂതസ്വപ്‌നങ്ങള്‍

ഏറ്റവും അരക്ഷിത ജനതയായി ഇസ്‌റാഈലുകാര്‍ മാറിയിരിക്കുന്നു. ഒരു അയേണ്‍ ഡോമും സുരക്ഷിതത്വം നല്‍കില്ലെന്ന് അവര്‍ക്ക് ഇന്നറിയാം. പഴയ കുടിയേറ്റത്തിന്റെ നേര്‍വിപരീതത്തിലേക്കാണ് ഇസ്‌റാഈല്‍ ജനത നീങ്ങുന്നത്. തകര്‍ന്ന കെട്ടിടങ്ങളുടെ കണക്കിലല്ല, മരിച്ചവരുടെ എണ്ണത്തിലല്ല, അരക്ഷിതാവസ്ഥയുടെ അളക്കാനാകാത്ത കണക്കിലാണ് യുദ്ധത്തിന്റെ പ്രഹരമളക്കേണ്ടത്. ഇരട്ട പൗരത്വം തേടുകയാണ് ജൂതന്‍മാരില്‍ നല്ലൊരു വിഭാഗമിപ്പോള്‍

Published

|

Last Updated

“അമേരിക്കയുടെ അമ്പത്തിയൊന്നാമത് സ്റ്റേറ്റാണ് ഇസ്‌റാഈല്‍, അല്ലെങ്കില്‍ ഇസ്‌റാഈലിന്റെ എട്ടാമത് ജില്ലയാണ് അമേരിക്ക’. ഇസ്‌റാഈലും യു എസും തമ്മിലുള്ള അണ്ണന്‍- തമ്പി ബന്ധത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ പ്രയോഗം യാതൊരു അതിശയോക്തിയുമില്ലാതെ പുലരുകയാണ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാമൂഴത്തില്‍. എല്ലാവരെയും തന്റെ വഴിക്ക് കൊണ്ടുവരുമെന്ന് വീമ്പ് പറയുന്ന ട്രംപിന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ചെറുവിരലനക്കാനുള്ള ശേഷിയില്ലെന്ന് ദിനംപ്രതി തെളിയുകയാണ്. യുക്രൈന്‍ പ്രസിഡന്റ് വൊളോദമിര്‍ സെലന്‍സിക്ക് മേല്‍ ക്യാമറകള്‍ക്ക് മുമ്പില്‍ ശകാരം ചൊരിഞ്ഞ് മിടുക്കനാകാന്‍ നോക്കിയ ട്രംപ്, നെതന്യാഹുവുമായി സംസാരിച്ചത് അടച്ചിട്ട മുറിയിലാണ്. രണ്ടാമൂഴത്തില്‍ ട്രംപ് അധികാരമേറ്റെടുത്ത ശേഷം ഇത് മൂന്നാം തവണയാണ് ട്രംപിനെ കാണാന്‍ നെതന്യാഹു വാഷിംഗ്ടണിലേക്ക് വണ്ടികയറിയത്. ആറ് മാസം മുമ്പ് മാത്രമാണ് ട്രംപ് അധികാരമേറ്റതെന്നോര്‍ക്കണം. ഇത്രയും ചെറിയ ഇടവേളവെച്ച് വാഷിംഗ്ടണിലേക്ക് പറക്കുന്ന ഒരു രാഷ്ട്ര നേതാവുമുണ്ടാകില്ല. വല്ലാത്തൊരു അരക്ഷിതാവസ്ഥ നെതന്യാഹുവിനെ പിടികൂടുന്നുവെന്നാണ് തുടര്‍ സന്ദര്‍ശനങ്ങള്‍ വ്യക്തമാക്കുന്നത്.

വൈറ്റ്ഹൗസ് നല്‍കുന്ന വാര്‍ത്തകളില്‍ നിന്ന് മൂന്ന് കാര്യങ്ങളാണ് വായിക്കാനാകുന്നത്. ഒന്ന്, ഗസ്സയില്‍ താത്കാലിക വെടിനിര്‍ത്തലിനായി ട്രംപ് മുന്നോട്ട് വെച്ച നിര്‍ദേശം ചര്‍ച്ചയായി. രണ്ട്, ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷവും അതില്‍ യു എസ് നടത്തിയ ഇടപെടലും ഇരുവരും വിശകലനം ചെയ്തു. മൂന്ന്, ഫലസ്തീന്‍ വിഷയത്തില്‍ ദീര്‍ഘകാല പരിഹാരത്തിനുള്ള “ചരിത്രപരമായ നിര്‍ദേശം’ പരിഗണിച്ചു. ഇവയത്രയും ഔദ്യോഗിക ഭാഷ്യം മാത്രമാണ്. അവിടെ യഥാര്‍ഥത്തില്‍ സംഭവിച്ചത് വൈറ്റ്ഹൗസ് പത്രക്കുറിപ്പില്‍ കാണില്ലല്ലോ. സര്‍വ പോരാട്ടത്തിലും തോറ്റമ്പിയ രണ്ട് പേര്‍ പരസ്പരം സമാശ്വസിപ്പിക്കുകയും പരസ്പരം പുകഴ്ത്തുകയും പൊങ്ങച്ചം പറയുകയുമാണ് വൈറ്റ്ഹൗസിലെ ബ്ലൂ റൂമിലുണ്ടായതെന്ന് ഒരിക്കലും സമ്മതിച്ച് തരില്ലല്ലോ.

വെടിനിര്‍ത്തല്‍ ചര്‍ച്ച നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതില്‍ തീരുമാനമുണ്ടാക്കാന്‍ പക്ഷേ, വൈറ്റ്ഹൗസിന് സാധിക്കില്ല. ട്രംപ് പറയുന്നതൊന്നും നെതന്യാഹു അനുസരിക്കില്ല. ചര്‍ച്ച നടക്കുന്നത് ഖത്വറിന്റെയും ഈജിപ്തിന്റെയും മാധ്യസ്ഥ്യത്തിലാണ്. ഹമാസുമായി പരോക്ഷ ചര്‍ച്ച നടക്കുന്നുണ്ട്. ദീര്‍ഘകാല വെടിനിര്‍ത്തലാണ് ഹമാസ് ആവശ്യപ്പെടുന്നത്. 60 ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി ബന്ദികളെ വിട്ടുനല്‍കണമെന്ന നിര്‍ദേശം ഹമാസ് തള്ളി. നെറ്റ്‌സാരിം ഇടനാഴിയില്‍ നിന്നടക്കം സൈനിക പിന്‍മാറ്റം വേണമെന്നും യു എസ്, ഇസ്‌റാഈല്‍ സംയുക്ത നിയന്ത്രണത്തിലുള്ള ഗസ്സാ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷ (ജി എച്ച് എഫ്)ന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നും ഹമാസ് ഉപാധി വെക്കുന്നു. ഈ ഉപാധികളിലൊന്ന് പോലും നെതന്യാഹു അംഗീകരിക്കില്ല. ഗസ്സയെ തന്റെ മുഷ്ടിയില്‍ നിന്ന് മോചിപ്പിക്കുന്ന ഒന്നിനും അയാള്‍ തയ്യാറാകില്ല. “ഐ ആം വെരി ഫേം ഓണ്‍ ഗസ്സ’ എന്നൊക്കെ പറയുമെന്നല്ലാതെ നെതന്യാഹുവിന്റെ ഇംഗിതത്തിന് വിരുദ്ധമായ ഒരു നിര്‍ദേശവും നടപ്പാക്കാന്‍ ട്രംപ് സമ്മതിക്കുകയുമില്ല. അതുകൊണ്ട്, വൈറ്റ് ഹൗസില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച നടന്നതായോ അത് എന്തെങ്കിലും ഫലം ഉളവാക്കുമെന്നോ കണക്കാക്കേണ്ടതില്ല. കഴിഞ്ഞ മാര്‍ച്ചില്‍ നിലവില്‍ വന്ന മൂന്ന് ഘട്ട വെടിനിര്‍ത്തല്‍ കരാര്‍ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കവേ, ഏകപക്ഷീയമായി കരാര്‍ ലംഘിച്ച് ക്രൂരമായ ആക്രമണം പുനരാരംഭിച്ചത് നെതന്യാഹുവാണ്. അത് എന്തിനായിരുന്നുവെന്ന് ചോദിക്കാന്‍ ട്രംപിന് നട്ടെല്ലുറപ്പുണ്ടോ? സര്‍വ അതിര്‍ത്തികളും അടച്ചും സഹായ ട്രക്കുകള്‍ തടഞ്ഞും ഗസ്സക്കാരെ പട്ടിണിക്കിട്ട് കൊല്ലുന്നത് നിര്‍ത്തണമെന്ന് പറയാന്‍ സമാധാനത്തിന്റെ പതാകവാഹകനായി സ്വയം അവതരിക്കുന്ന ട്രംപ് തയ്യാറാകുമോ? ജി എച്ച് എഫ് സഹായവിതരണ സംഘമല്ല, കൊലയാളി സംഘമാണെന്ന് സമ്മതിക്കുമോ? അര്‍ബുദത്തിനുള്ള വേദനസംഹാരി പോലുള്ള കടുത്ത മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം വിതരണം ചെയ്ത് കുഞ്ഞുങ്ങളെ കൊല്ലുന്നതിനെ കുറിച്ച് ഒരക്ഷരം ഉരിയാടാമോ? പശിയടക്കാന്‍ കാത്തിരിക്കുന്ന മനുഷ്യര്‍ക്ക് മേല്‍ ബോംബ് വര്‍ഷിക്കുന്ന ഇസ്‌റാഈല്‍ സൈനികരോട് എന്തിനാണിങ്ങനെ കൊല്ലുന്നത് എന്ന് ചോദിക്കാനെങ്കിലും ഒരുക്കമാണോ?

ഇറാനിനെതിരായ ആക്രമണവും പ്രത്യാക്രമണവും വിശകലനം ചെയ്തുവെന്നതാണ് വൈറ്റ്ഹൗസ് ചര്‍ച്ചയിലെ രണ്ടാം ചേരുവ. ജയിച്ച യുദ്ധമാണതെന്നും ഇറാന് ശക്തമായ താക്കീത് നല്‍കാന്‍ സാധിച്ചുവെന്നും ട്രംപും നെതന്യാഹുവും വിലയിരുത്തിയെന്നാണ് പുറത്തുവന്ന വിവരം. എന്താണ് വിജയം? ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ഒരു പ്രകോപനവുമില്ലാതെ ആക്രമിച്ചതാണോ വിജയം. യു എസ് നല്‍കിയ ആയുധങ്ങളുടെ കൃത്യത പരീക്ഷിച്ചുവെന്നതല്ലാതെ എന്ത് ഫലമാണ് അതുണ്ടാക്കിയത്? വിസ്തൃതമായ ഭൂവിഭാഗമുള്ള ഇറാനില്‍ ദീര്‍ഘകാല പ്രഹരമാകാന്‍ ആ ആക്രമണങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ? ഇറാന്റെ ആണവ പരിപാടിക്ക് ഒരു ക്ഷീണവും വരുത്താന്‍ സാധിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തിയത് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ) മേധാവി റാഫേല്‍ മാരിയാനോ ഗ്രോസ്സിയാണ്. ഇറാന്റെ ആണവ രഹസ്യങ്ങള്‍ മുഴുവന്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണം നേരിടുന്ന ഗ്രോസ്സി തന്നെ പറയുന്നത് കൊണ്ട് അത് വിശ്വസിക്കാം. ബങ്കര്‍ ബസ്റ്ററിട്ട് സര്‍വം തവിടുപൊടിയാക്കാന്‍ ഉത്തരവിട്ട ട്രംപും പറയുന്നു, ഇറാന്റെ ആണവ പരീക്ഷണം നിലച്ചിട്ടില്ലെന്ന്. തെഹ്‌റാനാകട്ടെ ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പുറത്ത് കടക്കാന്‍ പോകുകയാണ്. ഐ എ ഇ എ ഉദ്യോഗസ്ഥരെ അവര്‍ പുറത്താക്കിക്കഴിഞ്ഞു. ഇറാനുമായി വെടിനിര്‍ത്തലിന് നിര്‍ദേശവുമായി ചെന്നത് ഇതേ ട്രംപായിരുന്നുവെന്ന് മറക്കാന്‍ പാടില്ലാത്തതാണ്. നിങ്ങള്‍ തുടങ്ങി, നിങ്ങള്‍ തന്നെ നിര്‍ത്തൂ എന്നതായിരുന്നു ഇറാന്റെ നിലപാട്. ഖത്വറിലെ യു എസ് താവളം ആക്രമിച്ച് ഇറാന്‍ മുന്നോട്ട് തന്നെയെന്ന് പ്രഖ്യാപിച്ച് നില്‍ക്കുമ്പോഴാണ് വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ട്രംപ് വന്നത്. എന്നിട്ടും യുദ്ധം ജയിച്ചുവെന്ന് അവകാശപ്പെടാന്‍ ഒരു ജാള്യവും അദ്ദേഹത്തിന് തോന്നുന്നില്ല എന്നതാണ് അസഹ്യം.
ഇനി ഇസ്‌റാഈലിന്റെ കാര്യമോ? കുപ്രസിദ്ധമായ ബാല്‍ഫര്‍ പ്രഖ്യാപനത്തിന് പിറകെ മാന്‍ഡേറ്റ് ഓഫ് ഫലസ്തീനിലേക്ക് ലോകത്താകെയുള്ള ജൂതന്‍മാരെ ആകര്‍ഷിച്ച് കൊണ്ടുവരാന്‍ രാഷ്ട്രീയ സയണിസ്റ്റുകള്‍ കൊടുത്ത മോഹന വാഗ്ദാനം സുരക്ഷയായിരുന്നുവല്ലോ. നാസികളുടെ മാത്രമല്ല, യൂറോപ്പിലെ സര്‍വ തീവ്രക്രിസ്ത്യാനികളുടെയും ശത്രുതയും തിരസ്‌കാരവും ആക്രമണവും അപമാനവും സഹിച്ച് ഗതികെട്ട ജൂതന്‍മാര്‍ക്ക് സ്വസ്ഥമായിരിക്കാനൊരിടം മാത്രം മതിയായിരുന്നു. സമാധാനമോഹികളായ ജൂതന്‍മാര്‍ പോലും ഈ കിനാവിന്റെ ചിറകിലേറി അക്രമാസക്ത കുടിയേറ്റക്കാരായി. അറബികള്‍ക്കിടയില്‍ ജൂതന്‍മാര്‍ സമാധാനത്തോടെ കഴിഞ്ഞിരുന്ന ഈ ഭൂവിഭാഗത്തിലേക്ക് നടന്ന അക്രമാസക്ത, അസ്വാഭാവിക കുടിയേറ്റമാണ് ഇന്നത്തെ നിലയിലുള്ള ഇസ്‌റാഈല്‍ രൂപപ്പെടുത്തിയത്. ഇസ്‌റാഈല്‍ ഒരു രാജ്യമല്ല, അനേകം രാജ്യങ്ങളാണെന്ന് തെളിയുന്നതാണ് പിന്നെ കണ്ടത്. അരക്ഷിതമെന്ന മുറവിളിയില്‍ സര്‍വ പാശ്ചാത്യ രാജ്യങ്ങളുടെയും യു എസിന്റെയും ആളും അര്‍ഥവും ആയുധവും ഇസ്‌റാഈലിലേക്ക് ഒഴുകി. ആ ചെറു ഭൂവിഭാഗം ആരെയും ആക്രമിക്കാവുന്ന നിലയിലേക്ക് തെമ്മാടി രാഷ്ട്രമായി മാറി. സ്വന്തം പൗരന്‍മാര്‍ക്ക് സുരക്ഷിത ബോധം നല്‍കിക്കൊണ്ട് മാത്രമേ നിലനില്‍പ്പുള്ളൂവെന്ന് ഇസ്‌റാഈല്‍ ഭരിച്ച എല്ലാവര്‍ക്കും ബോധ്യമുണ്ടായിരുന്നു. ഫലസ്തീനിലെ കുഞ്ഞുങ്ങളെ കൊന്നുതള്ളുമ്പോള്‍ ശരാശരി ജൂതന്‍മാരെല്ലാം അത് ആസ്വദിക്കുകയായിരുന്നു. എല്ലാം എന്റെ സുരക്ഷക്ക് വേണ്ടിയാണല്ലോ എന്ന വ്യാജ ആശ്വാസം ഉള്ളില്‍ ഇത്തിരി കുറ്റബോധമുള്ളവരില്‍ പോലും ക്രൗര്യം നിറച്ചു.

ഒക്‌ടോബര്‍ ഏഴിലെ ഹമാസ് പ്രത്യാക്രമണം കഥ ചെറുതായൊന്നു മാറ്റി. ഇപ്പോള്‍ ഇറാന്‍ അക്കഥ പൂരിപ്പിച്ചു. 9/11 എങ്ങനെയാണോ യു എസ് ജനതയെ അരക്ഷിതത്വത്തിന്റെ പടുകുഴിയില്‍ തള്ളിയിട്ടത് അതുപോലെ ഏറ്റവും അരക്ഷിത ജനതയായി ഇസ്‌റാഈലുകാര്‍ മാറിയിരിക്കുന്നു. ഒരു അയേണ്‍ ഡോമും സുരക്ഷിതത്വം നല്‍കില്ലെന്ന് അവര്‍ക്ക് ഇന്നറിയാം. പഴയ കുടിയേറ്റത്തിന്റെ നേര്‍വിപരീതത്തിലേക്കാണ് ഇസ്‌റാഈല്‍ ജനത നീങ്ങുന്നത്. തകര്‍ന്ന കെട്ടിടങ്ങളുടെ കണക്കിലല്ല, മരിച്ചവരുടെ എണ്ണത്തിലല്ല, അരക്ഷിതാവസ്ഥയുടെ അളക്കാനാകാത്ത കണക്കിലാണ് യുദ്ധത്തിന്റെ പ്രഹരമളക്കേണ്ടത്. ഇരട്ട പൗരത്വം തേടുകയാണ് ജൂതന്‍മാരില്‍ നല്ലൊരു വിഭാഗമിപ്പോള്‍. അവരുടെ മുന്‍ തലമുറ അറബ് ദേശത്തേക്ക് കയറി വന്ന വഴികള്‍ അവര്‍ ഇന്ന് ഓര്‍ത്തെടുക്കുന്നു. ഇറങ്ങിപ്പോകാന്‍ വെമ്പുന്നു. അങ്ങനെയാണ് ഒരു രാഷ്ട്രം കൊഴിഞ്ഞു പോകുക. സ്റ്റേറ്റ് വില്‍ വിതര്‍ എവേ!

ഈ പശ്ചാത്തലത്തില്‍ വേണം വൈറ്റ് ഹൗസിലെ മൂന്നാം ചര്‍ച്ചാ വിഷയം പരിഗണിക്കേണ്ടത്. ജ്യൂയിഷ് സമൂഹത്തിന് സുരക്ഷിതബോധം നല്‍കാന്‍ ഒറ്റ വഴിയേ ഇനിയുള്ളൂ. ഫലസ്തീന്‍ ജനതയെ പൂര്‍ണമായി ഒഴിപ്പിക്കുക. മറ്റൊരിടത്തേക്ക് അവരെ ആട്ടിയോടിക്കുക. സ്വമേധയാ ഉള്ള പലായനം എന്നതൊക്കെ പഞ്ചസാര പുരട്ടിയ വാക്കുകള്‍ മാത്രമാണ്. മറ്റൊരു പരമാധികാര ജനതക്ക് മേല്‍ വംശീയ ഉന്‍മൂലനം നടത്തുമെന്ന് ഒരു ലജ്ജയുമില്ലാതെ പ്രഖ്യാപിക്കുന്ന വിഡ്ഢികളായ രണ്ട് രാഷ്ട്രത്തലവന്‍മാര്‍. അത്രയേ ഉള്ളൂ ട്രംപും നെതന്യാഹുവും. മരിച്ചു തീര്‍ന്നാലും ഫലസ്തീന്‍ ജനത ഇനിയൊരു പലായനത്തിന് നിന്നുകൊടുക്കില്ല. ലോകം അത് അനുവദിക്കുകയുമില്ല. യു എന്നേ മരിച്ചിട്ടുള്ളൂ. ലോകത്ത് മനുഷ്യ സ്‌നേഹമുള്ളവര്‍ മരിച്ചു തീര്‍ന്നിട്ടില്ല.
ചെറിയൊരു പ്രശ്‌നം കൂടിയുണ്ട്. ഈ “ഗസ്സാ പ്ലാന്‍’ നടപ്പാക്കാന്‍ നെതന്യാഹു അധികാരത്തിലുണ്ടാകുമെന്ന് തോന്നുന്നില്ല. അയാള്‍ക്കെതിരായ അഴിമതിക്കേസില്‍ വിചാരണ നടക്കാനിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. വാഷിംഗ്ടണില്‍ പോകാനുണ്ടെന്ന കാരണം പറഞ്ഞാണ് അത് മാറ്റിവെപ്പിച്ചത്. അതിന് മുമ്പ്, വിചാരണ മാറ്റാന്‍ ഇറാന്‍ ആക്രമണത്തിന്റെ കാര്യം പറഞ്ഞു. അതിനും മുമ്പ് ഗസ്സയിലെ പ്രശ്‌നം പറഞ്ഞു. ഇനിയൊരു ദിവസം യമനിലെ ഹൂതികളുടെ പേര് പറയും. പിന്നെ ലബനാനിലെ ഹിസ്ബുല്ലയെ പറയും. എത്രകാലമിങ്ങനെ വിചാരണ മാറ്റിവെക്കും? ഇസ്‌റാഈല്‍ ജനതയുടെ യഥാര്‍ഥ വിചാരണ നെതന്യാഹുവിനെ കാത്തിരിക്കുന്നുണ്ട്.
ട്രംപിനെ നൊബേല്‍ സമ്മാനത്തിന് നെതന്യാഹു നാമനിര്‍ദേശം ചെയ്തുവത്രെ. എന്തിന് ഒരാള്‍ക്ക് മാത്രമാക്കുന്നു? രണ്ട് പേരും പങ്കിട്ടെടുക്കൂ!

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest