National
കര്‍ണാടകയില്‍ കാട്ടാനക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സഞ്ചാരിക്ക് 25,000 രൂപ പിഴ ചുമത്തി
പ്രകോപിതനായ ആന ഇയാളെ ആക്രമിക്കാന്‍ ഓടിച്ചു. റോഡില്‍ വീണ ഇയാള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ബെംഗളുരു | കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ കാട്ടാനക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ഭാഗ്യത്തിന് രക്ഷപ്പെട്ട സഞ്ചാരിക്ക് 25,000 രൂപ പിഴ ചുമത്തി വനം വകുപ്പ്. വന്യ ജീവ സങ്കേതങ്ങളില്‍ പാലിക്കേണ്ട കര്ശന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് നടപടി ഇന്നലെ ലോറിയില്‍ നിന്ന് വീണ ക്യാരറ്റ് തിന്നുകൊണ്ട് ശാന്തനായി നില്‍ക്കുകയായിരുന്ന കാട്ടാനയുടെ അടുത്ത് റീല്‍സ് എടുക്കാനായി ഇയാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ചെല്ലുകയായിരുന്നു.
ഇതോടെ പ്രകോപിതനായ ആന ഇയാളെ ആക്രമിക്കാന്‍ ഓടിച്ചു. റോഡില്‍ വീണ ഇയാള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വനംവകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിക്കുകയും സഞ്ചാരിയെ കണ്ടെത്തുകയുമായിരുന്നു.
സംഭവത്തില്‍ സഞ്ചാരി ക്ഷമാപണം നടത്തുന്ന വീഡിയോ കര്‍ണാടക വനംവകുപ്പ് അവരുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചിട്ടുണ്ട്. വന്യജീവി സങ്കേതങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങരുതെന്നും, വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നിലവിലുണ്ട്