Kerala
സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വരെ വിലക്കിഴിവ്; ജനപ്രിയ പ്രഖ്യാപനങ്ങളുമായി സപ്ലൈകോ
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതലാണ് ആനുകൂല്യം. സ്വകാര്യ റീട്ടെയില്‍ ശൃംഖലകളോട് മത്സരിക്കാന്‍ പര്യാപ്തമാക്കും വിധം സപ്ലൈകോയില്‍ മാര്‍ക്കറ്റിങ് രീതികള്‍ ആവിഷ്‌കരിക്കും.

കൊച്ചി | സ്ത്രീ ഉപഭോക്താക്കള്‍ക്ക് വന്‍ പ്രഖ്യാപനവുമായി സപ്ലൈകോയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ പ്രൗഢ സമാപനം. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ സ്ത്രീ ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ വില്‍പനശാലകളില്‍ സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വരെ വിലക്കിഴിവ് നല്‍കും. മറ്റ് ജനകീയ പ്രഖ്യാപനങ്ങളും ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി ആര്‍ അനില്‍ നടത്തി.
സ്വകാര്യ റീട്ടെയില്‍ ശൃംഖലകളോട് മത്സരിക്കാന്‍ പര്യാപ്തമാക്കും വിധം സപ്ലൈകോയില്‍ മാര്‍ക്കറ്റിങ് രീതികള്‍ ആവിഷ്‌കരിക്കും. 250 കോടി രൂപ പ്രതിമാസ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് 140 നിയോജക മണ്ഡലങ്ങളില്‍ തുടങ്ങിയ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ പ്രവര്‍ത്തനം തുടരും. മൂന്ന് അത്യാധുനിക സിഗ്‌നേച്ചര്‍ മാര്‍ട്ടുകള്‍ എറണാകുളം, തലശ്ശേരി, കോട്ടയം എന്നിവിടങ്ങളില്‍ അടുത്തമാസം ആരംഭിക്കും. മാര്‍ച്ച് 31-നു മുന്‍പ് 30 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ സ്റ്റോറുകളാക്കുമെന്നും മന്ത്രി അറിയിച്ചു.
സപ്ലൈകോ ഉപഭോക്താക്കള്‍ക്ക് വിലക്കുറവ് ലഭ്യമാക്കാന്‍ പ്രിവിലേജ് കാര്‍ഡുകളും ഏര്‍പ്പെടുത്തും. ആറ് പുതിയ പെട്രോള്‍ പമ്പുകള്‍ ആരംഭിക്കും. ജി എസ് ടിയില്‍ കിട്ടിയ വിലക്കുറവ് സപ്ലൈകോ പൂര്‍ണ തോതില്‍ ജനങ്ങള്‍ക്ക് കൈമാറി. സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങള്‍ മറ്റു വില്‍പനശാലകളില്‍ കൂടി വിപണനം നടത്തുമെന്നും ജി ആര്‍ അനില്‍ പറഞ്ഞു.
സപ്ലൈകോ ഓണം ലക്കിഡ്രോ ഒന്നാം സമ്മാനമായ ഒരുപവന്‍ സ്വര്‍ണം ഇടുക്കിയിലെ തേയിലത്തോട്ട തൊഴിലാളി മുനിയമ്മക്കും രണ്ടാം സമ്മാനമായ ലാപ്‌ടോപ്പ് തൃശൂര്‍ സ്വദേശി എ കെ രത്‌നം, വടകര സ്വദേശി സി വി ആദിദേവ് എന്നിവര്‍ക്കും മൂന്നാം സമ്മാനമായ സ്മാര്‍ട്ട് ടി വി കണ്ണൂര്‍ സ്വദേശിനി രമ്യാചന്ദ്രനും മന്ത്രി സമ്മാനിച്ചു.
ബോള്‍ഗാട്ടിയില്‍ നടന്ന ചടങ്ങില്‍ കെ എന്‍ ഉണ്ണികൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. വി എം ജയകൃഷ്ണന്‍ സപ്ലൈകോയുടെ ഭാവിപരിപാടികള്‍ വിശദീകരിച്ചു.