National
ട്രെയിന്‍ യാത്രാ നിരക്കുകള്‍ കൂട്ടി; വര്‍ധനവ് ഈ മാസം 26 മുതല്‍ പ്രാബല്യത്തില്‍
600 കോടിയുടെ രൂപയുടെ അധികവരുമാനമാണ് നിരക്ക് വര്‍ധനവുിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്
ന്യൂഡല്‍ഹി | രാജ്യത്ത് ട്രെയിന്‍ യാത്രാനിരക്കുകളില്‍ വര്‍ധന വരുത്തി റെയില്‍വെ മന്ത്രാലയം. പുതുക്കിയ നിരക്കുകള്‍ ഡിസംബര്‍ 26മുതല്‍ പ്രാബല്യത്തില്‍ വരും. സബര്‍ബന്‍ ട്രെയിനുകളിലെ യാത്ര നിരക്കില്‍ വര്‍ധന വരുത്തിയിട്ടില്ലെങ്കിലും ദീര്‍ഘദൂര യാത്രകള്‍ക്ക് നിരക്ക് കൂടും.ഓര്‍ഡിനറി ക്ലാസുകള്‍ക്ക് കിലോമീറ്ററിനും ഒരു പൈസയും എസി കോച്ചുകള്‍ക്ക് കിലോമീറ്ററിന് രണ്ടുപൈസയുമാണ് വര്‍ധിപ്പിച്ചത്. 215 കിലോമീറ്റര്‍ വരെ നിരക്ക് ബാധകമല്ല. 600 കോടിയുടെ രൂപയുടെ അധികവരുമാനമാണ് നിരക്ക് വര്‍ധനവുിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്.
പ്രവര്‍ത്തന ചെലവുകളില്‍ ഉണ്ടായ വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് ടിക്കറ്റ് നിരക്ക് കൂട്ടിയിരിക്കുന്നത്. നിലവില്‍ ജീവനക്കാരുടെ ശമ്പള ഇനത്തില്‍ മാത്രം 1,15,000 കോടി രൂപ റെയില്‍വേ ചെലവിടുന്നുണ്ട്. പെന്‍ഷന്‍ ചെലവ് 60,000 കോടി രൂപയായും ഉയര്‍ന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേയുടെ ആകെ പ്രവര്‍ത്തന ചെലവ് 2,63,000 കോടി രൂപയായാണ് വര്‍ധിച്ചത്. ഈ അധിക ബാധ്യത മറികടക്കുന്നതിനായി ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം യാത്രാനിരക്കുകളില്‍ വര്‍ധന വരുത്തുക കൂടിയാണ് റെയില്‍വെ ചെയ്തിരിക്കുന്നത്.


