Connect with us

local body election 2025

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ കനത്ത പോരാട്ടം; മിക്കയിടത്തും ത്രികോണ മത്സരം

ജില്ലയില്‍ ത്രികോണ പോര് നടക്കുന്ന ഡിവിഷനുകളില്‍ ഒന്നാണ് പുത്തിഗെ. പ്രവചനാതീതമാണ് ഇവിടത്തെ ഫലം

Published

|

Last Updated

കാസര്‍കോട് | ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മിക്ക ഡിവിഷനുകളിലും മത്സരം കനക്കുന്നു.
പരമ്പരാഗതമായി യു ഡി എഫിനെ തുണക്കുന്ന വോര്‍ക്കാടി ഡിവിഷനില്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ലെന്നതാണ് നിലവിലെ സ്ഥിതി. രണ്ട് ബ്ലോക്ക് ഡിവിഷനുകള്‍ അപ്പാടെ മറ്റൊരിടത്തേക്ക് മാറിയപ്പോള്‍ പകരം കൂട്ടിച്ചേര്‍ത്തത് ഒരെണ്ണം മാത്രമാണ്. ഇടതു-വലതുമുന്നണികളുടെ വോട്ടുകണക്കാണ് ഇതോടെ കീഴ്‌മേല്‍ മറിഞ്ഞത്. ഏത് വിധേനയും ഡിവിഷന്‍ നിലനിര്‍ത്താനുള്ള ജീവന്മരണ പോരാട്ടത്തിലാണ് യു ഡി എഫ് പാളയം. പിടിച്ചെടുക്കാന്‍ എന്‍ ഡി എയും എല്‍ ഡി എഫും തന്ത്രങ്ങളുമായി കളം നിറഞ്ഞിട്ടുണ്ട്.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ കുഞ്ചത്തൂര്‍, പാത്തൂര്‍, ധര്‍മനഗര്‍, മജീര്‍പള്ള, മുളിഗദ്ദെ ഡിവിഷനുകള്‍ ഉള്‍പ്പെട്ടതാണ് വോര്‍ക്കാടി ജില്ലാ ഡിവിഷന്‍. കോണ്‍ഗ്രസ്സിലെ കെ കമലാക്ഷിയായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം വോര്‍ക്കാടിയെ പ്രതിനിധീകരിച്ചത്. ഇത്തവണ ഡിവിഷന്‍ നിലനിര്‍ത്താന്‍ യു ഡി എഫ് രംഗത്തിറക്കിയത് ഹര്‍ഷാദ് വോര്‍ക്കാടിയെയാണ്.

2015-20 കാലയളവില്‍ ജില്ലാപഞ്ചായത്തംഗമായും അതിന് തൊട്ടുമുമ്പ് 2010- 15 വര്‍ഷത്തില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചതിന്റെ പരിചയവുമായാണ് ഹര്‍ഷാദ് വീണ്ടും ജനവിധി തേടുന്നത്. ബി ജെ പിക്ക് വേണ്ടി എം വി ജയ്കുമാര്‍ റൈയും എല്‍ ഡി എഫിന് വേണ്ടി അശ്വത് പൂജാരിയുമാണ് കളത്തിലുള്ളത്.

മംഗല്‍പ്പാടി പഞ്ചായത്തംഗമെന്ന നിലയില്‍ തദ്ദേശ ഭരണത്തിലെ മികവാര്‍ന്ന പ്രവര്‍ത്തനമാണ് ജില്ലാപഞ്ചായത്തിലേക്കുള്ള മത്സരത്തിന് ജയ്കുമാര്‍ റൈക്ക് അവസരമൊരുങ്ങിയത്. സി പി ഐ പൈവെളിഗെ ലോക്കല്‍ കമ്മിറ്റിയംഗമായ അശ്വത് പൂജാരി മികച്ച സഹകാരി എന്ന നിലയിലും കലാ-സാംസ്‌കാരിക- കായിക രംഗങ്ങളിലെ ഇടപെടല്‍ കൊണ്ടും സുപരിചിതനാണ്. വോര്‍ക്കാടി ഡിവിഷന്‍ ആരെ തള്ളും, ആരെ സ്വീകരിക്കും എന്നറിയാന്‍ ഫലം വരുന്നത് വരെ കാത്തിരിക്കണം.

ജില്ലയില്‍ ത്രികോണ പോര് നടക്കുന്ന ഡിവിഷനുകളില്‍ ഒന്നാണ് പുത്തിഗെ. പ്രവചനാതീതമാണ് ഇവിടത്തെ ഫലം. രണ്ടിടത്ത് ഇടതുമുന്നണിയും ഒരിടത്ത് യു ഡി എഫുമാണ് പഞ്ചായത്ത് ഭരണം കൈയാളുന്നത്.
എന്നാല്‍, ആകെ വോട്ടെടുത്താല്‍ രണ്ട് ഗ്രാമപഞ്ചായത്തുകളില്‍ എന്‍ ഡി എയുടെയും ഒരിടത്ത് എല്‍ ഡി എഫിന്റെയും ത്രാസ് താഴ്ന്നിരിക്കും. അതിനാല്‍ അന്തിമ ഫലം ആര്‍ക്കനുകൂലമാകുമെന്ന ആകാംക്ഷയിലാണ് വോട്ടര്‍മാര്‍. നേരത്തേയുണ്ടായിരുന്ന ഡിവിഷന്‍ അതിര്‍ത്തിയില്‍ നിന്ന് വോര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ രണ്ട് ഡിവിഷന്‍ വോര്‍ക്കാടി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് പോയതോടെ എന്‍മകജെ പഞ്ചായത്ത് പൂര്‍ണമായും പുത്തിഗെയുടെ ഭാഗമായി.

നേരത്തേ പൈവെളിഗെ പഞ്ചായത്ത് മുഴുവനായി ഉണ്ടായിരുന്നുവെങ്കില്‍ ഇത്തവണ 11 വാര്‍ഡ് മാത്രമേ പുത്തിഗെയിലുള്ളൂ. പുത്തിഗെ പഞ്ചായത്ത് മുഴുവനായും ഡിവിഷനില്‍ നിലനില്‍ക്കുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ പ്രതിനിധിയാണ് പുത്തിഗെയില്‍ ജയിച്ച് കയറിയത്. എല്‍ ഡി എഫായിരുന്നു രണ്ടാം സ്ഥാനത്ത്. മാറിയ സാഹചര്യത്തില്‍ ഡിവിഷന്‍ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയില്‍ ഇടതു-വലത് മുന്നണികളും പോരാട്ടം ശക്തമാക്കുമ്പോള്‍ ഇത്തവണയും സീറ്റ് നിലനിര്‍ത്താനാകുമെന്ന കണക്കുകൂട്ടലിലാണ് എന്‍ ഡി എ പ്രചാരണത്തിലുള്ളത്. സി പി എം ജില്ലാ കമ്മിറ്റിയംഗം കെ എ മുഹമ്മദ് ഹനീഫയാണ് ഇവിടത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി. എന്‍ ഡി എക്ക് വേണ്ടി മണികണ്ഠ റൈയും യു ഡി എഫിന് വേണ്ടി നിലവില്‍ എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ജെ എസ് സോമശേഖരയും മത്സരിക്കുന്നു.

വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം അതിര്‍ത്തികള്‍ മാറി വന്ന ബദിയടുക്കയിലും കനത്ത മത്സരമാണ്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ വര്‍ധിച്ച ആത്മവിശ്വാസത്തോടെയാണ് അങ്കത്തട്ടിലുള്ളത്. രാമപ്പ മഞ്ചേശ്വരമാണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ഥി. ഇടതുമുന്നണിയില്‍ സി പി ഐയിലെ പ്രകാശ് കുമ്പഡാജെയാണ് സ്ഥാനാര്‍ഥി. സി പി ഐ ബദിയടുക്ക മണ്ഡലം കമ്മിറ്റിയംഗമെന്ന നിലയില്‍ മേഖലയില്‍ സുപരിചിതനാണ്. യു ഡി എഫില്‍ ലീഗിന് നല്‍കിയ സീറ്റില്‍ മത്സരിക്കുന്നത് ലക്ഷ്മണ പെരിയടുക്കയാണ്. ദലിത് ലീഗില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് അദ്ദേഹം.

ഒരു മുന്നണിയെയും സ്ഥിരമായി തുണക്കാത്ത ഡിവിഷനാണ് ദേലമ്പാടി. ഇടത്-വലത് മുന്നണികള്‍ ഒപ്പത്തിനൊപ്പം പോരാടുന്ന ഇവിടെ ശക്തമായ സാന്നിധ്യമായി എന്‍ ഡി എയുമുണ്ട്. സി പി എമ്മിന് വേണ്ടി ഒ വത്സലയും യു ഡി എഫിന് വേണ്ടി ദളിത് ലീഗിലെ പ്രേമ അജക്കോടും ബി ജെ പിക്ക് വേണ്ടി ബേബി ജി മണിയൂരുമാണ് മത്സരിക്കുന്നത്.
കഴിഞ്ഞ തവണ മുസ്‌ലിംലീഗിലെ പി ബി ശഫീഖാണ് ഇവിടെ നിന്ന് ജയിച്ച് കയറിയത്. ശഫീഖിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം മാറുമെന്ന് യു ഡി എഫ് കണക്കുകൂട്ടുന്നു. പിലിക്കോട് ഡിവിഷനിലും അത്യന്തം വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഡിവിഷനില്‍ നിലവില്‍ പ്രതിനിധീകരിക്കുന്ന എം മനുവിനെ തന്നെയാണ് ആര്‍ ജെ ഡി വീണ്ടും കളത്തിലിറക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ്സിലെ കരിമ്പില്‍ കൃഷ്ണനാണ് പ്രധാന എതിരാളി. ഇത്തവണ ഡിവിഷന്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു ഡി എഫ്. മറ്റു ഡിവിഷനുകളിലും വീറും വാശിയേറിയുമേറിയ മത്സരമാണ് നടക്കുന്നത്.
ആകെയുള്ള 18 സീറ്റുകളില്‍ സി പി എം 10 സീറ്റുകളിലാണ് മത്സരിക്കുന്നത്. ചെറുവത്തൂര്‍, കയ്യൂര്‍, മടിക്കൈ, കുറ്റിക്കോല്‍, ബേക്കല്‍, ചിറ്റാരിക്കല്‍, പുത്തിഗെ, കുമ്പള, ചെങ്കള, ദേലമ്പാടി ഡിവിഷനുകളിലാണ് സി പി എം ജനവിധി തേടുന്നത്. സി പി ഐ രണ്ടും കേരള കോണ്‍ഗ്രസ്സ് ഒന്ന്, ആര്‍ ജെ ഡി ഒന്ന്, എന്‍ സി പി ഒന്ന്, എന്‍ സി പി (എസ്) ഒന്ന്, ഐ എന്‍ എല്‍ രണ്ടും ഡിവിഷനുകളില്‍ മത്സരിക്കുന്നു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കുറ്റിക്കോല്‍ ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന സാബു എബ്രഹാമിനെയാണ് സി പി എം ഉയര്‍ത്തിക്കാണിക്കുന്നത്. ചെറുവത്തൂര്‍, കയ്യൂര്‍, മടിക്കൈ, കുറ്റിക്കോല്‍, ബേക്കല്‍ ദേലംപാടി, കള്ളാര്‍, പിലിക്കോട്, പെരിയ ഡിവിഷനുകള്‍ തങ്ങളോടൊപ്പം നില്‍ക്കുമെന്ന കണക്കുകൂട്ടലിലാണ് എല്‍ ഡി എഫ്.

Latest