Kerala
രാഗം സുനില്‍ വധശ്രമക്കേസ്: അക്രമി സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍
പത്തനംതിട്ട സ്വദേശി കാര്‍ത്തിക് (28) ആണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
തൃശൂര്‍ | രാഗം വെളപ്പായ സുനില്‍ വധശ്രമക്കേസില്‍ ഒരു പ്രതികൂടി പിടിയില്‍. പത്തനംതിട്ട സ്വദേശി കാര്‍ത്തിക് (28) ആണ് പിടിയിലായത്. സുനിലിനെ വെട്ടാന്‍ വന്നവരില്‍ മൂന്നാമത്തെ ഗുണ്ടയാണ് ഇയാള്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ഈമാസം 20ന് രാത്രി പത്തോടെയായിരുന്നു സംഭവം. തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ വെളപ്പായ സുനിലും ഡ്രൈവറുമാണ് ആക്രമണത്തിനിരയായത്. സുനിലിന്റെ വീടിനു മുമ്പില്‍ വച്ചായിരുന്നു ആക്രമണം. സുനില്‍ സഞ്ചരിച്ച കാര്‍ വീടിനു മുമ്പില്‍ എത്തിയ ഉടനെ മൂന്നുപേര്‍ മാരകായുധങ്ങളുമായി ചാടിവീഴുകയായിരുന്നു. കാറിന്റെ ഡോര്‍ തുറന്ന ഉടനെ ഡ്രൈവറെ വെട്ടാന്‍ ശ്രമിച്ചു. ഓടിമാറിയാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് അക്രമികള്‍ കാറിന്റെ ചില്ല് തകര്‍ത്ത് സുനിലിന്റെ കാലില്‍ കുത്തി.
തിയേറ്റര്‍ നടത്തിപ്പിനു പുറമെ പണം വായ്പക്കു നല്‍കുന്ന ബിസിനസും സുനില്‍ നടത്തുന്നുണ്ട്. ബിസിനസ് സംബന്ധമായി തനിക്കെതിരെ ചിലര്‍ ക്വട്ടേഷന്‍ നല്‍കിയതാണെന്നാണ് സുനില്‍ പറയുന്നത്.




