Connect with us

Idukki

സ്കൈ ഡൈനിങ്ങ്: അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പ്രശംസയുമായി മുഖ്യമന്ത്രി; രക്ഷാദൗത്യം വിജയിപ്പിച്ചത് അഭിനന്ദനാർഹം

രണ്ട് കുട്ടികൾ അടക്കമുള്ള ഒരു കുടുംബവും സ്കൈ ഡൈനിങ് സ്ഥാപനത്തിലെ ഒരു ജീവനക്കാരിയുമാണ് 125 അടി ഉയരത്തിൽ നിലച്ച പ്ലാറ്റ്ഫോമിൽ കുടുങ്ങിയത്.

Published

|

Last Updated

തിരുവനന്തപുരം | ഇടുക്കി പള്ളിവാസലിൽ സ്കൈ ഡൈനിങ്ങ് ഹൈഡ്രോളിക് ലിഫ്റ്റിന്റെ പ്ലാറ്റ്ഫോമിൽ കുടുങ്ങിയവരെ സുരക്ഷിതരായി താഴെയിറക്കിയ അഗ്നിരക്ഷാ സേനാംഗങ്ങളെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മണിക്കൂറുകൾ നീണ്ടുനിന്ന അത്യന്തം ബുദ്ധിമുട്ടുള്ള ദൗത്യം വിജയിപ്പിച്ച ഫയർഫോഴ്സ് സേനയ്ക്ക് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭിനന്ദനം അറിയിച്ചു.

രണ്ട് കുട്ടികൾ അടക്കമുള്ള ഒരു കുടുംബവും സ്കൈ ഡൈനിങ് സ്ഥാപനത്തിലെ ഒരു ജീവനക്കാരിയുമാണ് 125 അടി ഉയരത്തിൽ നിലച്ച പ്ലാറ്റ്ഫോമിൽ കുടുങ്ങിയത്. പ്ലാറ്റ്ഫോമിലേക്ക് സേഫ്റ്റി ഹാർനെസും റോപ്പും ഉപയോഗിച്ച് കയറിയാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷാദൗത്യം വിജയകരമാക്കിയത്.

രക്ഷാദൗത്യത്തിൽ പങ്കാളികളായ മൂന്നാർ നിലയത്തിലെ അഗ്നിരക്ഷാ സേനാംഗങ്ങൾ പ്രത്യേക പ്രശംസ അർഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കുറിച്ചു. അടിമാലി, മൂന്നാർ, ഇടുക്കി നിലയങ്ങളിൽ നിന്നെത്തിയ സേനാംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ദൗത്യം പൂർത്തിയാക്കിയത്.

കുടുങ്ങിയവരെ സുരക്ഷിതരായി താഴെയിറക്കാൻ സാധിച്ചത് ആശ്വാസകരമായ കാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest