National
പേമാരി; ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 54 ആയി
ഡെറാഡൂണ്‍ | ഉത്തരാഖണ്ഡില്‍ പേമാരിയെ തുടര്‍ന്നുള്ള ദുരന്തങ്ങളില്‍ മരിച്ചവരുടെ എണ്ണം 54 ആയി ഉയര്‍ന്നു. 19 പേര്‍ക്ക് പരുക്കേറ്റു. നൈനിറ്റാളില്‍ മാത്രം 29 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഉത്തര കാശിയില്‍ കാണാതായ മൂന്ന് പോര്‍ട്ടര്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരകാശിയില്‍ 11 സഞ്ചാരികളെ കാണാതായിട്ടുണ്ട്. ഇതില്‍ ന്യൂഡല്‍ഹിയില്‍ നിന്നുള്ള ഒരു വനിതയും പശ്ചിമ ബംഗാളില്‍ നിന്നുള്ള ഏഴു പേരും ഉള്‍പ്പെടുന്നു. ഹര്‍ഷില്‍-ചിത് കുല്‍ ട്രക്കിങിന് പോയ 17 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഡാര്‍ജിലിംഗ് മേഖലയില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ ടോര്‍ഷ നദിയില്‍ ഒഴുകിപ്പോയി. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മഴ ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തും.
ഗര്‍വാള്‍, ബദരീനാഥ് റോഡുകള്‍ തുറന്നതോടെ ചാര്‍ ധാം യാത്ര പുനരാരംഭിച്ചു. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ നൈനിറ്റാളിലേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. പലയിടത്തും റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നു. തീസ്താനദി കരകവിഞ്ഞു. സിലിഗുരി ഡാര്‍ജിലിംഗ് പ്രധാന പാതയായ എന്‍ എച്ച് 55ല്‍ ഗതാഗതം നിര്‍ത്തിവച്ചു. സിലിഗുരി ഗാങ് ടോക്ക് പാതയിലും ഗതാഗതം തടസപ്പെട്ടു. ഡാര്‍ജിലിംഗ് കാലിംപോങ്, ജല്‍പായ്ഗുരി, അലിപുര്‍ധര്‍ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഹരിദ്വാറില്‍ ഗംഗാ നദി കരകവിഞ്ഞു. ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ മഞ്ഞ് വീഴ്ചയും ശക്തമാണ്.



