Kerala
താമരശ്ശേരി ഫ്രഷ്‌കട്ട് സമരം; ഒരാള്‍ കൂടി അറസ്റ്റില്‍
കേസില്‍ പോലീസ് അറസ്റ്റു ചെയ്തവരുടെ എണ്ണം 25 ആയി
കോഴിക്കോട്|താമരശ്ശേരി ഫ്രഷ്‌കട്ട് സമരത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൂടത്തായി കൂനം വള്ളി ചുവട്ടില്‍ മുഹമ്മദ് ഷാഫിയെയാണ് ഇന്നു പുലര്‍ച്ചെ അറസ്റ്റു ചെയ്തത്. താമരശ്ശേരി ഡിവൈഎസ്പിക്ക് കീഴിലെ ക്രൈം സ്‌കോഡും താമരശ്ശേരി പോലീസും ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റു ചെയ്തവരുടെ എണ്ണം 25 ആയി. 351 പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. കേസില്‍ നിരവധി ആളുകള്‍ ഒളിവിലാണ്.
അതേസമയം ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം ഉയര്‍ത്തുന്ന മാലിന്യ പ്രശ്‌നത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു. കേന്ദ്ര സംസ്ഥാന മലിനീകര നിയന്ത്രണ ബോര്‍ഡുകള്‍ക്കും കോഴിക്കോട് ജില്ലാ കലക്ടര്‍ക്കും നോട്ടീസ് അയച്ചു. ചെന്നൈ ഹരിത ട്രൈബ്യൂണല്‍ ജനുവരി 29ന് കേസ് പരിഗണിക്കും.
താമരശ്ശേരി ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് പോലീസ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പ്ലാന്റിലേക്കുള്ള മാലിന്യനീക്കം തടയരുതെന്ന് കോടതി പറഞ്ഞിരുന്നു. പ്ലാന്റിന് സുരക്ഷ ഒരുക്കാന്‍ കോടതി റൂറല്‍ എസ് പിക്ക് നിര്‍ദേശവും നല്‍കിയിരുന്നു.



