Connect with us

Kerala

മലയാള നാടിന് ഇന്നു പിറന്നാള്‍; അതി ദരിദ്രരില്ലാത്ത നാട്

ചരിത്ര പരമായ ആ പ്രഖ്യാപനം ഈ കേരള പിറവി ദിനത്തില്‍ സര്‍ക്കാര്‍ നിര്‍വഹിക്കും

Published

|

Last Updated

കോഴിക്കോട് | കേരളം ഇന്ന് 69ാം പിറന്നാളാഘോഷിക്കുന്നു. 1956 നവംബര്‍ ഒന്നിന് രാജ്യം സ്വാതന്ത്ര്യം നേടി ഒന്‍പതാം വര്‍ഷം ഭാഷാടിസ്ഥാനത്തില്‍ പിറവികൊണ്ട ഈ മണ്ണ് ഇന്ന് അതിദാരിദ്ര്യമുക്തമാവുന്നു. ചരിത്ര പരമായ ആ പ്രഖ്യാപനം ഈ കേരള പിറവി ദിനത്തില്‍ സര്‍ക്കാര്‍ നിര്‍വഹിക്കും.

മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ നാട്ടുരാജ്യങ്ങള്‍ ചേര്‍ന്ന് ഐക്യ കേരളം പിറവിയെടുത്തതിനു ശേഷം ഇവിടുത്തെ മാനവ ജീവിതം മികവുറ്റതാക്കാന്‍ നടത്തിയ നിരവധി പരിശ്രമങ്ങളുടെ തുടര്‍ച്ചയായാണ് അതി ദരിദ്രരില്ലാത്ത കേരളമെന്ന പ്രഖ്യാപനം. പുഴയും കായലും കടലും മലനിരകളും ചേര്‍ന്ന് പ്രകൃതിയാല്‍ മനോഹരമായ ഭൂപ്രദേശം ജീവിത നിലവാരത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്നു വിളിക്കപ്പെടുന്ന മലയാള നാട് ലോകത്തിനു മുന്നില്‍ ഒരു മാതൃക കൂടി സൃഷ്ടിക്കുകയാണ്.

1957ലെ ഇ എം എസിന്റെ ആദ്യ സര്‍ക്കാറുമുതല്‍ കേരളത്തെ മുന്നോട്ടു നയിച്ച സര്‍ക്കാറുകള്‍ ഈ നാടിന്റെ മുഖച്ഛായ മാറ്റുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിളിച്ച ജാതി വ്യവസ്ഥയുടെ ദുഷിച്ച മണ്ണില്‍ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ തീര്‍ത്ത നവോഥാന മുന്നേറ്റങ്ങള്‍…കര്‍ഷക സമരങ്ങള്‍…അങ്ങിനെ സവിശേഷമായി മാറിയ മലയാള നാട്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയവര്‍, അന്ധവിശ്വാസത്തിനും സമത്വത്തിനും മതജാതി ഭേദങ്ങളില്ലാതെ അക്ഷരം പഠിക്കാനും വഴി നടക്കാനും സാമൂഹിക ഉന്നമനത്തിനും നടത്തിയ എണ്ണമറ്റ പോരാട്ടങ്ങള്‍. ആ ഇന്നലകളെ ഓര്‍ത്തുകൊണ്ടല്ലാതെ മുന്നോട്ടു പോകാനാവില്ല. പൊതുജനാരോഗ്യ, വിദ്യാഭ്യാസ, വികസന മേഖലകളില്‍ മുന്നോട്ട് കുതിക്കുന്ന നാട്. കാലാവസ്ഥാമാറ്റം സൃഷ്ടിച്ച പ്രകൃതി ദുരന്തങ്ങളേയും വലിയ പ്രതിസന്ധികളെയും പല കുറി അതിജീവിച്ച നാട്.

ഏതൊരു ദുരന്തമുഖത്തും ഒന്നാണ് നമ്മളെന്ന് ഊട്ടിയുറപ്പിക്കുന്ന ജനങ്ങളുടെ നാട്. ഇനിയും ഏറെ മുന്നോട്ടു കുതിക്കുവാനുണ്ട്. കേരളം മലയാളികളുടെ മാതൃഭൂമിയാണ്. ലോകത്തിന്റെ ഏതു കോണിലായാലും ഗൃഹാതുര സ്മരണയോടെ മലയാളി ഓടിയണാന്‍ ആഗ്രഹിക്കുന്ന മലനാട്. കേരനിരകളാടുന്ന ഹരിതാഭയാര്‍ന്ന കേരള നാട്….കേരളപ്പിറവി ദിനത്തിന് അഭിവാദ്യങ്ങള്‍.