Kerala
ഇന്ന് പള്‍സ് പോളിയോ ദിനം; 13 ജില്ലകളില്‍ തുള്ളിമരുന്ന് വിതരണം
അഞ്ച് വയസ്സിനു താഴെയുളള 21,11,010 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി തുള്ളി മരുന്ന് നല്‍കും.

തിരുവനന്തപുരം | പള്‍സ് പോളിയോ ദിനമായ ഇന്ന് അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കും. ഇടുക്കി ഒഴികെയുളള 13 ജില്ലകളിലാണ് തുള്ളിമരുന്ന് വിതരണം നടക്കുക.
ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 22,383 ബൂത്തുകള്‍ പ്രവര്‍ത്തിക്കും. പോളിയോ വൈറസ് നിര്‍മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയാണ് നടക്കുന്നത്. അഞ്ച് വയസ്സിനു താഴെയുളള 21,11,010 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി തുള്ളി മരുന്ന് നല്‍കുകയാണ് ലക്ഷ്യം.
44,766 വോളണ്ടിയര്‍മാര്‍ ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആശ, അങ്കണ്‍വാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് ആരോഗ്യപ്രവത്തകര്‍ക്കു പുറമെ ബൂത്തുകളില്‍ ഉണ്ടാവുക. സ്‌കൂളുകള്‍, അങ്കണ്‍വാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍ ഇന്ന് രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കും. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബോട്ടു ജെട്ടികള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍ ഒക്ടോബര്‍ 12, 13, 14 തീയതികളില്‍ വൈകിട്ട് എട്ടുവരെ പ്രവര്‍ത്തിക്കും. അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകളും ഈ തീയതികളില്‍ പ്രവര്‍ത്തന സജ്ജമായിരിക്കും.