Kerala
കുടുംബാരോഗ്യ കേന്ദ്രത്തില്‍ റാംപ് സ്ഥാപിക്കാത്തതിനെതിരെ വീഡിയോ; ഭിന്നശേഷിക്കാരനെതിരെ ജാമ്യമില്ലാ കേസ്
മലപ്പുറം ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ റാംപ് സ്ഥാപിക്കാത്തതിനെതിരെ സാമൂഹിക മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത ചേലേമ്പ്ര സ്വദേശി സുബൈറിനെതിരെയാണ് കേസ്.

മലപ്പുറം | ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ റാംപ് സ്ഥാപിക്കാത്തതിനെതിരെ സാമൂഹിക മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത ഭിന്നശേഷിക്കാരനെതിരെ കേസ്. മലപ്പുറം ചേലേമ്പ്ര സ്വദേശി സുബൈറിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത്.
80 ശതമാനം അംഗപരിമിതിയുള്ള സുബൈര്‍ കേന്ദ്രത്തില്‍ റാംപ് ഇല്ലാത്തതിനാല്‍ നിലത്ത് ഇഴഞ്ഞുചെന്ന് മെഡിക്കല്‍ ഓഫീസറോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ആണ് സുബൈര്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. സുബൈറിന്റെ വീഡിയോക്കു പിന്നാലെ ആശുപത്രിയില്‍ റാംപ് സ്ഥാപിച്ചിരുന്നു.
ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മെഡിക്കല്‍ ഓഫീസറോട് അപമര്യദയായി പെരുമാറി, സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസ്. ഹെല്‍ത്ത് കെയര്‍ സര്‍വീസ് പ്രൊട്ടക്ഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ അനുസരിച്ചുള്ള കുറ്റമാണ് സുബൈറിനെതിരെ ചുമത്തിയിരിക്കുന്നത്.