Kerala
ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
താന്‍ നിരപരാധിയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു
തിരുവനന്തപുരം | ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.
രാഹുലിന് വേണ്ടി അഡ്വക്കേറ്റ് എസ് രാജീവ് ഹാജരാകും. പരാതി രാഷ്ട്രീയപ്രേരിതമെന്നും അറസ്റ്റ് തടയണമെന്നുമാണ് രാഹുലിന്റെ ആവശ്യം. അതിജീവിത പരാതി നല്‍കിയത് ശരിയായ ദിശയിലല്ലെന്നും പരാതി നല്‍കാന്‍ വൈകിയെന്നും ഹര്‍ജിയില്‍ പറയുന്നു. താന്‍ നിരപരാധിയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
പത്താംദിനവും ഒളിവില്‍ കഴിയുന്ന രാഹുല്‍ ഹൈക്കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നാണ് വിവരം. മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവില്‍ കഴിയുന്ന രാഹുല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ കീഴടങ്ങുമോ എന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഉറ്റുനോക്കുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് വിഷയം തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ നിലനിര്‍ത്താന്‍ വേണ്ടിയാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളില്‍ പോലീസ് പരിശോധന നടത്തി. വയനാട്ടിലെ മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി, താളൂര്‍ ഉള്‍പ്പെടെയുള്ള ചെക്ക് പോസ്റ്റുകളില്‍ ആണ് പരിശോധന നടന്നത്. ഇതിനിടെ അന്വേഷണസംഘത്തെ കബളിപ്പിക്കാന്‍ ദൃശ്യം മാതൃകയില്‍ മൊബൈല്‍ ഫോണ്‍ കൈമാറിയതായും എസ് ഐ ടിക്ക് സംശയമുണ്ട്. കോണ്‍ഗ്രസ് പുറത്താക്കിയെങ്കിലും രാഹുലിന്റെ പാലക്കാട്ടെ എം എല്‍ എ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പരാതി രാഷ്ട്രീയപ്രേരിതമെന്നും അറസ്റ്റ് തടയണമെന്നുമാണ് രാഹുലിന്റെ ആവശ്യം.



