Kerala
വയോധികയുടെ മാല പൊട്ടിച്ച് ട്രെയിനില്‍ നിന്ന് ചാടി; അസം സ്വദേശിയായ പ്രതിക്ക് ഗുരുതര പരുക്ക്
അസം കൊക്രാജര്‍ ജില്ലയിലെ ഫാക്കിരാഗ്രാം സ്വദേശി റഫീക്കുല്‍ റഹ്മാനാണ് (31) പരുക്കേറ്റത്. മംഗലാപുരം-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്സില്‍ നിന്നാണ് ഇയാള്‍ ചാടിയത്.

പാലക്കാട് | വയോധികയുടെ മാലപൊട്ടിച്ച് ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവാവിന് ഗുരുതര പരുക്ക്. അസം കൊക്രാജര്‍ ജില്ലയിലെ ഫാക്കിരാഗ്രാം സ്വദേശി റഫീക്കുല്‍ റഹ്മാനാണ് (31) പരുക്കേറ്റത്. മംഗലാപുരം-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്സില്‍ നിന്നാണ് ഇയാള്‍ ചാടിയത്. മലപ്പുറത്തെ ഒരു ക്വാറിയില്‍ ജീവനക്കാരനാണ് പ്രതി. റെയില്‍വേ പോലീസെത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കഞ്ചിക്കോടിനും വാളയാറിനുമിടയില്‍ ട്രെയിന്‍ എത്തിയതോടെയായിരുന്നു സംഭവം. തലശ്ശേരിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യുകയായിരുന്ന മൂന്നു സ്ത്രീകളില്‍ ഒരാളുടെ മാലയാണ് യുവാവ് പൊട്ടിച്ചത്. സ്ത്രീകള്‍ ബഹളം വെച്ചതോടെ പ്രതി ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. മാലയില്‍ പകുതി മാത്രമാണ് പ്രതിക്ക് കൈയില്‍ കിട്ടിയത്.
സംഭവം കണ്ട യാത്രക്കാരിലൊരാള്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന്, റെയില്‍വേ പോലീസെത്തിയപ്പോഴാണ് പ്രതിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വൈകിട്ട് നാലോടെയാണ് പ്രതിയെ ചുള്ളിമടയ്ക്കു സമീപം കാടിനോട് ചേര്‍ന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയത്.
ഗുരുതരമായി പരിക്കേറ്റ പ്രതിയെ പോലീസ് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
തലയ്ക്കും ഇടതുകൈയ്ക്കും ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. നിലവില്‍ പോലീസിന്റെ കാവലിലാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മലപ്പുറത്തെ ഒരു ക്വാറിയില്‍ ജീവനക്കാരനാണ് റഫീക്കുല്‍ റഹ്മാന്‍.