Kerala
'ഇതാണ് എന്റെ ജീവിതം'; ഇ പി ജയരാജന്റെ ആത്മകഥാ പ്രകാശനം നവംബര്‍ മൂന്നിന്
കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം പ്രകാശനം ചെയ്യുക.

കണ്ണൂര്‍ | സി പി എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥയായ ‘ഇതാണ് എന്റെ ജീവിതം’ നവംബര്‍ മൂന്നിന് പുറത്തിറങ്ങും. കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം പ്രകാശനം ചെയ്യുക.
നേരത്തെ, ‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പേരിലാണ് ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് നിഷേധിച്ച ജയരാജന്‍ തന്റെ അനുമതിയോടെയല്ല ഈ പുസ്തകം ഡി സി ബുക്‌സ് തയ്യാറാക്കിയത് എന്ന് വ്യക്തമാക്കി. പുസ്തകത്തിന്റെ കവര്‍ച്ചിത്രം ഡി സി ബുക്‌സ് പുറത്തുവിട്ടതോടെയാണ് വിവാദം കത്തിയത്.
വയനാട്, ചേലക്കര ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായിരുന്നു കവര്‍ച്ചിത്രം പുറത്തുവിട്ടത്. സി പി എമ്മിനെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ആത്മകഥയുമായി ബന്ധപ്പെട്ട പി ഡി എഫില്‍ ഉണ്ടായിരുന്നത്. ഇതിനു പുറമെ, പാലക്കാട് ഉപ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച പി സരിന്‍, എല്‍ ഡി എഫില്‍ നിന്ന് പുറത്തായ പി വി അന്‍വര്‍ എന്നിവര്‍ക്കെതിരെയും ജയരാജന്‍ വിമര്‍ശനം ഉന്നയിച്ചതായി പി ഡി എഫിലുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം പൂര്‍ണമായി തള്ളി ജയരാജന്‍ രംഗത്തെത്തി.
പരാതിയുടെ അടിസ്ഥാനത്തില്‍ ഡി സി ബുക്‌സ് പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി എ വി ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ശ്രീകുമാറിന്റെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ ഡി സി ബുക്‌സിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച ഹൈക്കോടതി, എഴുത്തുകാരന്റെ അനുമതിയില്ലാതെയല്ലേ ആത്മകഥയുടെ തലക്കെട്ട് തയ്യാറാക്കിയതെന്നും പുസ്തകം പ്രസിദ്ധീകരണത്തിന് നല്‍കിയതെന്നും ചോദിച്ചിരുന്നു.