Kerala
തോട്ടപ്പള്ളി കൊലപാതകം: മൂന്നാം പ്രതി അബൂബക്കറിന് ജാമ്യം
വയോധികയുടെ കൊലപാതകം മോഷണശ്രമത്തിനിടെ ഉണ്ടായതല്ലെന്ന സംശയത്തിലാണ് പോലീസ്.

ആലപ്പുഴ | തോട്ടപ്പള്ളിയില്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി അബൂബക്കറിന് ജാമ്യം നല്‍കി കോടതി. ആലപ്പുഴ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കൊലപാതകം നടത്തിയത് തൃക്കുന്നപ്പുഴ സ്വദേശികളായ സൈനുലാബ്ദീന്‍-അനീഷ ദമ്പതികളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, കൊലപാതകത്തില്‍ പങ്കില്ലെങ്കിലും അബൂബക്കര്‍ വയോധികയെ ലൈംഗികമായി ഉപദ്രവിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതായും പോലീസ് പറയുന്നു. സൈനുലാബ്ദീനും അനീഷയുമാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. അറസ്റ്റിലായ സൈനുലാബിദീന്‍ പോലീസ് കസ്റ്റഡിയിലാണ്. അസുഖബാധിതയായ അനീഷ പോലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയുകയാണ്.
പോലീസിനെതിരെ അബൂബക്കറിന്റെ കുടുംബം ആരോപണമുന്നയിച്ചിരുന്നു. കത്ത് നല്‍കാനാണ് വയോധികയുടെ വീട്ടില്‍ അബൂബക്കര്‍ പോയതെന്നും അബൂബക്കര്‍ അല്ല കൊലയാളി എന്ന് തെളിഞ്ഞിട്ടും ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കി കുടുക്കാന്‍ ശ്രമിക്കുകയാണെന്നും മകന്‍ റാഷിം പറഞ്ഞിരുന്നു.
വയോധികയുടെ കൊലപാതകം മോഷണശ്രമത്തിനിടെ ഉണ്ടായതല്ലെന്ന സംശയത്തിലാണ് പോലീസ്. ഇക്കഴിഞ്ഞ ആഗസ്റ്റ് 17നാണ് തനിച്ചു താമസിക്കുകയായിരുന്ന വയോധികയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.