അതിഥി വായന
ആ ആത്മീയ സഞ്ചാരങ്ങൾ
മലപ്പുറം കോട്ടക്കലിനടുത്ത കൂരിയാടിനെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അടയാളപ്പെടുത്തിയതിലെ പ്രധാനി കൂടിയാണ് ടി എസ് അബ്ദുല്ലക്കോയ തങ്ങൾ. ദേശീയ പ്രസ്ഥാനത്തിലും ഖിലാഫത്ത് പ്രവർത്തനങ്ങളിലും തങ്ങൾ വലിയ പങ്ക് വഹിച്ചിരുന്നു.
കൂരിയാട് ടി എസ് അബ്ദുല്ലക്കോയ തങ്ങളെന്ന മഹാവ്യക്തിത്വത്തെ കുറിച്ച് രേഖീകൃതമായതും വാമൊഴിയായി പകർന്നുകിട്ടിയതുമായ അറിവുകൾ ക്രോഡീകരിച്ച രചനയാണിത്. ചെറുതെങ്കിലും കൂരിയാട് ഖാസിയും ബ്രിട്ടീഷ് വിരുദ്ധ ചെറുത്തുനിൽപ്പിന്റെ മുന്നണിപ്പോരാളിയുമായിരുന്ന മഹാന്റെ ജീവിതത്തിന്റെ ആഴവും പരപ്പും ഈ ചരിത്രകൃതി ബോധ്യപ്പെടുത്തുന്നുണ്ട്. ബുഖാരി ഖബീലയിലാണ് തങ്ങളുടെ ജനനം. മുഹമ്മദ് ഇബ്ൻ സയ്യിദ് ഹബീബിന്റെയും (കിഴക്കേപുറം) മുത്തു ബീവിയുടെയും മകനായി സി ഇ 1879 ലാണ് ജനനം. പ്രാഥമിക പഠനം പിതാവിൽ നിന്ന് നേടിയ തങ്ങൾ കാട്ടിപ്പരുത്തിയിലെ കിഴക്കേപുറം മുഹ്‌യിദ്ദീൻ മുസ്‌ലിയാരുടെ അടുക്കലാണ് പിന്നീട് പഠനം നടത്തിയത്. മുഹ്‌യിദ്ദീൻ മുസ്‌ലിയാർക്ക് ശേഷം പാലപ്പുറ ഖാസി സയ്യിദ് സൈനുദ്ദീൻ ബുഖാരിയിൽ നിന്ന് വിജ്ഞാനം നുകർന്നു.
മലപ്പുറം കോട്ടക്കലിനടുത്ത കൂരിയാടിനെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അടയാളപ്പെടുത്തിയതിലെ പ്രധാനി കൂടിയാണ് ടി എസ് അബ്ദുല്ലക്കോയ തങ്ങൾ. ദേശീയ പ്രസ്ഥാനത്തിലും ഖിലാഫത്ത് പ്രവർത്തനങ്ങളിലും തങ്ങൾ വലിയ പങ്ക് വഹിച്ചിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ നാഷനൽ കോൺഗ്രസിന്റെ ഭാഗമായി ടി എസ് അബ്ദുല്ലക്കോയ തങ്ങൾ പ്രവർത്തിച്ചിരുന്നതിനെക്കുറിച്ച് പുസ്തകത്തിൽ ഇപ്രകാരം പറയുന്നു: “ഖിലാഫത്ത് പ്രസ്ഥാനവും കോൺഗ്രസും കൈകോർത്തായിരുന്നു നീങ്ങിയിരുന്നത് എന്നതാണ് തങ്ങളെ കോൺഗ്രസിലേക്ക് അടുപ്പിച്ചത്. അല്ലാതെ സ്വതന്ത്ര്യാനന്തരം സ്വാഭാവികമായി പരിണതി പ്രാപിച്ച അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള ബന്ധമല്ല തങ്ങൾക്കുണ്ടായിരുന്നത്.’ ബ്രിട്ടീഷുകാരുടെ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്ന തങ്ങൾ ഒരുപാട് കാലം ഒളിവ് ജീവിതം നയിച്ചിട്ടുണ്ട്. വളരെ സാഹസികവും ദുഷ്കരവുമായിരുന്നു ഈ കാലയളവ്. ആയിരം ഉറുപ്പിക തലക്ക് ഇനാം പ്രഖ്യാപിക്കപ്പെട്ട തങ്ങളുടെ പേരിൽ കൂരിയാട്ടുകാരടക്കം ആക്രമിക്കപ്പെടാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹം സിലോണിലേക്ക് പോകുന്നത്. ഈ നാടുവിടലിനെ കുറിച്ചും അതിനനുബന്ധമായി നടന്ന സംഭവ വികാസങ്ങളെ കുറിച്ചും പുസ്തകം കാര്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പൊന്നാനി കേന്ദ്രമായുള്ള നാട്ടുകാരണവന്മാരുടെ അന്വേഷണത്തിലോ ഭാര്യാപിതാവ് ആയിരുന്ന സൈനുദ്ദീൻ തങ്ങൾ (അദ്ദേഹം പൊന്നാനിയിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു) മുഖേനയോ ആണ് കൂരിയാടിന് ഖാസിയായി തങ്ങളെ കിട്ടുന്നത്. കൂരിയാട്ടിൽ തങ്ങളും കുടുംബവും പള്ളീറ്റിൽ വൈദ്യരുടെ വീടിനു മുകളിലായിരുന്നു തുടക്കക്കാലത്ത് താമസം. പിന്നീട് തെക്കേപ്പള്ളിയാലിൽ ഒരു വീട് വെച്ച് അങ്ങോട്ട് മാറി. ഒരു ഖാസി ഹൗസ് എന്ന നിലയിൽ കൂടിയായിരുന്നു പിന്നീട് ഈ വീടിന്റെ പ്രവർത്തനമെന്ന് പുസ്തകത്തിൽ പരാമർശമുണ്ട്. ഇതിനെ സാധൂകരിക്കുന്നതാണ്, “അവിടെ എപ്പോഴും ആളും പാളുമായിരുന്നു. ഒരു അങ്ങാടിക്ക് സമാനമായിട്ടാണ് തോന്നുക. പല ആവശ്യങ്ങൾക്കായി ജനങ്ങൾ സദാസമയവും വരുമായിരുന്നു’ എന്ന ഒരു നാട്ടുകാരന്റെ വാക്കുകൾ. ഇത്തരത്തിൽ പല കാര്യങ്ങളെയും ഉറപ്പിക്കാൻ ആളുകളുടെ സാക്ഷ്യപ്പെടുത്തലുകൾ കൂടി പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
മഹല്ലിലെ ക്ഷേമവും മതസൗഹാർദവും കാത്തുസൂക്ഷിക്കുന്നതിൽ തങ്ങൾ ശ്രദ്ധാലുവായിരുന്നു. അത്ഭുതകരവും അഭിനന്ദനീയവുമായ വിലപ്പെട്ട ഗ്രന്ഥശേഖരം തങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു. അനന്തരാവകാശ വിഭജന ശാസ്ത്രത്തിൽ (ഫറാഇള്വ്) അഗാധ ജ്ഞാനം ഉണ്ടായിരുന്ന തങ്ങൾ അതിന്റെ തീർപ്പുകൽപ്പിക്കലിന് പരിസര പ്രദേശങ്ങളിലേക്കും ക്ഷണിക്കപ്പെട്ടു.
കൂരിയാട് എ എം യു പി സ്കൂൾ മുൻകൈയെടുത്ത് തുടങ്ങുക മാത്രമല്ല സ്കൂളിലെ പഠനനിലവാരം നേരിട്ട് മനസ്സിലാക്കാൻ ഇടക്ക് സന്ദർശനം നടത്തുക കൂടി ചെയ്യുമായിരുന്നു. പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായിരുന്ന ഇന്ത്യനൂർ ഗോപിയുടെ വാക്കുകൾ ഇങ്ങനെ :
“അന്ന് അബ്ദുല്ലക്കോയ തങ്ങൾ മുന്നിൽ നിന്നാണ് സ്കൂൾ സ്വീകരിച്ചത്. സ്കൂളിന്റെ പ്രഥമ മാനേജരും തങ്ങൾ തന്നെയായിരുന്നു’.
നാൽപ്പത് ദിവസം വരെ നീണ്ടുനിൽക്കുന്ന പ്രഭാഷണ പരമ്പരകൾ തങ്ങളുടെ പ്രസംഗസിദ്ധി എടുത്തുകാണിക്കുന്നതായിരുന്നു. സമീപ പ്രദേശങ്ങളിലുള്ളവരും പ്രഭാഷണങ്ങൾക്കായി സമീപിക്കാറുണ്ടായിരുന്നു. ഇങ്ങനെ നടന്ന പ്രസംഗത്തിനിടക്ക് ഇസ്്ലാം മതത്തിൽ ആകൃഷ്ടനായ ആളുടെയും സകാത്തുമായി ബന്ധപ്പെട്ട പ്രഭാഷണം കേട്ട് രണ്ടായിരം പറ നെല്ലുണ്ടായിരുന്ന ഒരു അമുസ്്ലിം ഇരുനൂറ് പറ ദാനം ചെയ്തതിന്റെയും അനുഭവങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. പ്രാസംഗികൻ എന്നതിനൊപ്പം നല്ലൊരു ശ്രോതാവ് കൂടിയായിരുന്നു തങ്ങൾ.
ആത്മീയ ചികിത്സയിൽ (അസ്മാഅ്/ ത്വൽസമാത്) അറിവുണ്ടായിരുന്ന തങ്ങളിൽ നിന്ന് മറ്റുള്ളവർക്ക് ആശ്വാസമാകുന്ന നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും അതിനെ ഒരു ജീവിതമാർഗമായി അദ്ദേഹം കണ്ടിരുന്നില്ല.
തങ്ങളുടെ ഗാംഭീര്യവും അദ്ദേഹത്തോടുള്ള ബഹുമാനാദരവും കാരണം എല്ലാവരും മാറി നിൽക്കുമായിരുന്നു. എന്നാൽ തങ്ങളെ കാണുമ്പോൾ വഴിയിൽ നിന്ന് ഓടിയൊളിക്കാത്ത ഒരേ ഒരു വിഭാഗം, കുട്ടികളായിരുന്നു. അവർ തങ്ങളുടെ ലോസഞ്ചർ മിഠായിക്കായി കാത്തിരുന്നു. കുട്ടികളും തങ്ങളും തമ്മിലുള്ള ബന്ധം പറയാൻ ഒരധ്യായം തന്നെയുണ്ട് പുസ്തകത്തിൽ.
ഭക്ഷണ കാര്യത്തിൽ ചില പ്രത്യേക ചിട്ടകളുണ്ടായിരുന്ന അദ്ദേഹത്തിന് റമസാനിൽ എല്ലാ ദിവസത്തെയും ആഹാരത്തിൽ മാംസം വേണമായിരുന്നു. കൂടാതെ സ്വരമാധുര്യത്തിന് എന്ന് പറഞ്ഞ് എരിവ് കൂട്ടി കഴിക്കുന്ന ശീലം ഉണ്ടായിരുന്നു. വ്യായാമം പതിവായിരുന്നു.
ആയുർവേദ തത്വങ്ങളിൽ സാമാന്യജ്ഞാനമുണ്ടായിരുന്ന തങ്ങൾക്ക് കോട്ടക്കൽ ആര്യവൈദ്യ ശാലാ ശിൽപ്പി പി എസ് വാര്യറുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സിലോണിലേക്ക് പോയി വർഷങ്ങൾക്ക് ശേഷം അബ്ദുല്ലക്കോയ തങ്ങൾ നാട്ടിൽ തിരിച്ചെത്തുകയും കൂരിയാടിന്റെ ഖാസി പദവി വീണ്ടും ഏറ്റെടുക്കുകയും ചെയ്തു. 1385 ശവ്വാൽ ഒന്നിനായിരുന്നു മഹാന്റെ വിയോഗം.
പതിമൂന്ന് അധ്യായങ്ങളിലായി രചിക്കപ്പെട്ട ഈ കൃതി കൂരിയാട് ടി എസ് അബ്ദുല്ലക്കോയ തങ്ങൾ എന്ന മഹാമനീഷിയെ അടുത്തറിയാൻ തീർച്ചയായും നമ്മെ സഹായിക്കും. രചയിതാവ് എസ് എസ് നിസാമി. പേജ് 80 , വില 100 രൂപ. പ്രസാധനം: മഹ്ളറ ക്രിയേഷൻസ് , കൂരിയാട്.


