Articles
ക്രൂരതയുടെ ഏറ്റവും ഇരുണ്ട ഘട്ടമാണിത്, എങ്കിലും
റഫയില്‍ ഇസ്റാഈല്‍ നടത്തുന്ന വംശഹത്യ ആഗോള സമൂഹത്തിന്റെ മുഖത്തേറ്റ മുറിവാണ്. ഗസ്സയിലെ ജനങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട അന്താരാഷ്ട്ര സമൂഹം റഫയിലും കടുത്ത പരാജയത്തിലാണ്.
ഗസ്സയിലെ ജനതയോട് ഇസ്‌റാഈല്‍ ഭരണകൂടം ചെയ്യുന്ന അതിക്രമം ലോക മനസ്സാക്ഷിയെ മുറിവേല്‍പ്പിക്കുന്നതാണ്. ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധത്തിലുള്ള അടിച്ചമര്‍ത്തലാണ് ഫലസ്തീനികള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. നാശം വിതക്കപ്പെട്ട ഗസ്സയിലേക്ക് കണ്ണോടിച്ചു നോക്കിയാല്‍ ഇസ്‌റാഈല്‍ ചെയ്തുകൊണ്ടിരിക്കുന്ന ഈ വംശഹത്യയുടെ പിന്നിലെ അന്യായം എന്താണെന്ന് വ്യക്തമാകും. ഫലസ്തീനികളെ ഉന്മൂലനം ചെയ്ത് അവിടെ തങ്ങളുടേതാക്കി മാറ്റുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് കാലങ്ങളായി ഇസ്‌റാഈലിനുള്ളത്.
റഫയിലെ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പിലെ ടെന്റുകള്‍ക്ക് നേരേ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. യുദ്ധത്തെ തുടര്‍ന്ന് ഗസ്സയില്‍ നിന്ന് പലായനം ചെയ്തവരാണ് റഫയില്‍ ഉള്ളത്. 1.4 ദശലക്ഷം ഫലസ്തീനികള്‍ താമസിക്കുന്നത് താത്കാലിക ടെന്റുകളിലാണ്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ നഗ്‌നമായ ലംഘനം നടത്തിയാണ് കൂട്ടക്കുരുതി തുടരുന്നത്. സാധാരണക്കാരുടെ ക്യാമ്പിലേക്ക് ബോംബിടുന്നതും കൊല്ലുന്നതും യുദ്ധക്കുറ്റമാണ്. ഈ ബോംബുകള്‍ അമേരിക്കയാണ് ഇസ്‌റാഈലിന് കൈമാറിയിട്ടുള്ളതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തിരുന്നു.
ആധുനിക രാഷ്ട്രങ്ങള്‍ എന്ന് സ്വയം പ്രഖ്യാപിച്ചു നടക്കുന്ന വന്‍ ശക്തികളുടെ പിന്‍ബലത്തിലാണ് 1948ല്‍ ഇസ്‌റാഈല്‍ ജന്മമെടുക്കുന്നത്. ഇസ്‌റാഈലിന്റെ ഫലസ്തീന്‍ വംശഹത്യാ പദ്ധതിക്ക് അമേരിക്കയും ജര്‍മനിയും ആയുധ സഹായ സഹകരണം വാരിക്കോരി നല്‍കി. അമേരിക്ക ആയുധ സഹായം മാത്രമല്ല രാഷ്ട്രീയ പിന്തുണയും നല്‍കുന്നുണ്ട്. യു എസാണ് 17 ബില്യണ്‍ ഡോളര്‍ സൈനിക സഹായം നല്‍കാനുള്ള ബില്ല് പാസ്സാക്കിയത്. ഈ മാര്‍ച്ച് വരെ നൂറിലധികം ആയുധ കയറ്റുമതികള്‍ നടന്നു. ജര്‍മനി കഴിഞ്ഞ വര്‍ഷം ഇസ്‌റാഈലിന് 354 മില്യണിന്റെ ആയുധ വില്‍പ്പനക്ക് അനുമതി നല്‍കി. റഫയില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്‌റാഈല്‍ പരിധി ലംഘിച്ചിട്ടില്ലെന്നും അതിനാല്‍ ഇസ്‌റാഈലിനോടുള്ള നയത്തില്‍ മാറ്റമില്ലെന്നും ഇനിയും ആയുധവും സഹായവും നല്‍കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.
ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ 142 രാജ്യങ്ങളും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ടെങ്കിലും അത് സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം എന്ന ആശയത്തെ സഫലീകരിക്കുന്നില്ല. ആഫ്രിക്കന്‍ രാഷ്ട്രങ്ങളും ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാഷ്ട്രങ്ങളും പിന്തുണച്ചെങ്കിലും അമേരിക്ക, ജര്‍മനി, കാനഡ, ആസ്‌ത്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ അതിനെ പിന്തുണച്ചില്ല. കഴിഞ്ഞ ഏപ്രിലില്‍ നടന്ന യു എന്‍ രക്ഷാ സമിതി യോഗത്തില്‍ ഫലസ്തീനെ ഒരു സമ്പൂര്‍ണ യു എന്‍ അംഗരാജ്യമാക്കാനുള്ള ശ്രമം അമേരിക്ക വീറ്റോ ചെയ്ത് പരാജയപ്പെടുത്തുകയും ചെയ്തു.
റഫയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തുന്ന നരഹത്യ ഉടന്‍ നിര്‍ത്താനാണ് ഐ സി ജെ ഉത്തരവിട്ടിരിക്കുന്നത്. ഗസ്സയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയിലാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനിടെ, ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളായ സ്‌പെയിനും നോര്‍വെയും അയര്‍ലാന്‍ഡും തീരുമാനിച്ചു. സമാധാനത്തിലും സുരക്ഷയിലും സഹവസിക്കാന്‍ ദ്വിരാഷ്ട്ര നയം വേണമെന്നാണ് നോര്‍വീജിയന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്.
ഐ സി ജെയിലെ 15 ജഡ്ജിമാരില്‍ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ജഡ്ജിമാര്‍ ഒറ്റ സ്വരത്തില്‍ ഇസ്‌റാഈലിനെതിരെ നിലപാടെടുത്തു. ഉഗാണ്ട, ഇസ്‌റാഈല്‍ ജഡ്ജിമാര്‍ മാത്രമാണ് ഇസ്‌റാഈലിനെ അനുകൂലിച്ചത്. നിയമവാഴ്ചയും സമാധാനവും ഉറപ്പുവരുത്താന്‍ ലോകരാജ്യങ്ങള്‍ക്ക് ഇടപെടാനുള്ള സന്ദര്‍ഭമൊരുക്കുക എന്നതു കൂടിയാണ് ഐ സി ജെ ചെയ്തിരിക്കുന്നത്. ഇസ്‌റാഈല്‍ ആണെങ്കില്‍ ഈ കോടതികളുടെ ഉത്തരവുകളൊന്നും അനുസരിക്കുന്നില്ലെന്ന് മാത്രമല്ല ധിക്കരിക്കുകയും ചെയ്യുന്നു. കോടതി ഉത്തരവ് അനുസരിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും നിയമപരമായ ബാധ്യതയുണ്ട്. നടപ്പാക്കാത്തവരെ നിയമത്തിന്റെ വഴിക്ക് കൊണ്ടുവരാന്‍ ബാധ്യത മറ്റുള്ള രാജ്യങ്ങള്‍ക്കാണ്. അനുസരിക്കാനുള്ള ബാധ്യത ഇസ്‌റാഈലിനാണെങ്കിലും അനുസരിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് മറ്റുള്ള രാജ്യങ്ങളുടെ ബാധ്യതയാണ്. ഐ സി ജെയുടെ വിധിയും ഉത്തരവും തള്ളിക്കളയുന്നു എന്നും ഹമാസില്‍ നിന്ന് തങ്ങളുടെ ജനതയെ രക്ഷിക്കാനുള്ള പ്രതിരോധമാണ് നടത്തുന്നതെന്നും ഇസ്‌റാഈല്‍ അവകാശപ്പെടുന്നു.
എന്നാല്‍ ഇത് അമേരിക്കയുടെ അധികാരം മാത്രം കണ്ടാണ്.
റഫയില്‍ ഇസ്റാഈല്‍ നടത്തുന്ന വംശഹത്യ ആഗോള സമൂഹത്തിന്റെ മുഖത്തേറ്റ മുറിവാണ്. ഗസ്സയിലെ ജനങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട അന്താരാഷ്ട്ര സമൂഹം റഫയിലും കടുത്ത പരാജയത്തിലാണ്. ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും വംശഹത്യക്കുള്ള ചില രാജ്യങ്ങളുടെ പിന്തുണയെ അപലപിച്ചും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളുടെ തരംഗമായിരുന്നു യു എസിലും ജര്‍മനിയിലും. ഇസ്‌റാഈലിനെതിരായ ഉപരോധത്തിനും ബഹിഷ്‌കരണത്തിനുമായി 20 വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപവത്കരിക്കപ്പെട്ട ബി ഡി എസ് ഇന്നും പോരാടുന്നു, അവര്‍ക്ക് ലോകതലത്തില്‍ പിന്തുണ വര്‍ധിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഇസ്‌റാഈലിന്റെ ക്രൂരതക്ക് പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ അഭിഭാഷക ഗ്രൂപ്പുകളും നിയമ സംഘടനകളും കൂടുതല്‍ കേസുകള്‍ ഫയല്‍ ചെയ്യുകയും നിയമ നടപടികള്‍ സ്വീകരിച്ചു വരികയും ചെയ്യുന്നു.
ഗസ്സയിലെ കുഞ്ഞുങ്ങളെ കൊന്ന ശേഷം ഇസ്‌റാഈല്‍ സൈനികര്‍ ആനന്ദിക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഇന്ന് വൈറലാണ്. 2,371 എന്ന് അടയാളപ്പെടുത്തിയ അഭയാര്‍ഥി കൂടാരങ്ങള്‍ സിവിലിയന്മാര്‍ക്കുള്ള സുരക്ഷിത മേഖലയായി ഇസ്‌റാഈല്‍ നിശ്ചയിച്ചിരുന്നു. എന്നിട്ടും അവിടെ ആക്രമണം നടത്തിയത് മനപ്പൂര്‍വമാണ്. ആക്രമണത്തിനു ശേഷം അവിടെ നിന്ന് വന്ന ദൃശ്യങ്ങള്‍ ഭീകരമായിരുന്നു. കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ പറ്റാത്ത മൃതദേഹങ്ങള്‍, ശരീരം കീറിമുറിഞ്ഞ കുട്ടികള്‍, അവരെ ചേര്‍ത്തുപിടിച്ച് കരയുന്ന മാതാപിതാക്കള്‍, കത്തുന്ന കൂടാരങ്ങളില്‍ നിന്ന് ആളുകളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളുമായി ഓടുന്ന രക്ഷാപ്രവര്‍ത്തകര്‍… ക്രൂരതയുടെ ഏറ്റവും ഇരുണ്ട ഘട്ടമാണിത്. എങ്കിലും സമ്പൂര്‍ണ വിജയം നേടുമെന്ന ഇസ്‌റാഈലിന്റെ പ്രഖ്യാപനം നടപ്പാക്കാന്‍ സമ്മതിക്കില്ല എന്ന് ഫലസ്തീനികള്‍ ഉറക്കെ പറയുന്നു. അതുകൊണ്ട് തന്നെയാണ് ഇസ്‌റാഈല്‍ അധിനിവേശത്തെ സംബന്ധിച്ച് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ തന്നെ “സമ്പൂര്‍ണ പരാജയം’ എന്ന് വിശേഷിപ്പിക്കുന്നത്.
ലോക ഹൃദയം ഫലസ്തീനികള്‍ക്ക് വേണ്ടി തുടിച്ചു കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ലോകത്ത് അനുദിനം ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന ഇസ്‌റാഈല്‍ വിരുദ്ധ തരംഗം. ഈ വര്‍ഷത്തെ “നഖ്ബ’ ലോകമെമ്പാടുമുള്ള മനുഷ്യരുടെ പങ്കാളിത്തത്തോടെയാണ് ആചരിക്കപ്പെട്ടത്. നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ടിന് അസാധാരണമായ പിന്തുണയാണ് വിവിധ രാഷ്ട്ര നേതാക്കളില്‍ നിന്ന് ലഭിച്ചത്. ദക്ഷിണാഫ്രിക്കയുടെ വര്‍ണവിവേചന ഭരണത്തെ തോല്‍പ്പിച്ച ലോകത്തിന് സയണിസ്റ്റ് രാജ്യത്തിന്റെ ധാര്‍ഷ്ട്യവും അവസാനിപ്പിക്കാനാകും. മനുഷ്യരാശിയുടെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ഫലസ്തീന്‍ കടന്നു പോകുന്നത്. പ്രഭാതത്തിനു മുമ്പുള്ള രാത്രി ഇരുണ്ടതാണെന്ന പോലെ ഫലസ്തീന്‍ വിജയത്തിന് മുന്നോടിയായുള്ള ഇരുട്ട് മാത്രമാണിത്. ഇസ്‌റാഈലിന്റെ പൈശാചികമായ വംശഹത്യയെ പിന്തുണക്കാന്‍ മനസ്സാക്ഷിയുള്ളവര്‍ക്കാകില്ല എന്നതിലേക്കുള്ള വ്യക്തമായ സൂചനയാണ് ആഗോളതലത്തില്‍ ഫലസ്തീന്‍ ജനതക്ക് വര്‍ധിച്ചുവരുന്ന ജനപിന്തുണ.