Connect with us

ATTAPADI MADHU MURDER CASE

കാടിന്റെ മകന് നീതിക്കായി അവര്‍ നടത്തിയത് അസാധാരണ പോരാട്ടം

നാഗരിക മനുഷ്യരുടെ അഹങ്കാരത്തോടും ആദിവാസികളെ മനുഷ്യരായി കാണാന്‍ കൂട്ടാക്കാത്ത അധമ ബോധത്തോടുമാണ് മധുവിന്റെ അമ്മയും സഹോദരങ്ങളും പോരാടിയത്.

Published

|

Last Updated

കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ മാനവിക സൂചകങ്ങള്‍ക്കുമേല്‍ കളങ്കം ചാര്‍ത്തിയ ദിനമായിരുന്നു അത്. 2018 ഫിബ്രുവരി 22. അന്നാണ് കാടിന്റെ മകന്‍ മധു പരിഷ്‌കൃതരുടെ മനുഷ്യത്വവിരുദ്ധതക്കു മുമ്പില്‍ മരിച്ചുവീണത്. ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു എന്ന നടക്കുന്ന വാര്‍ത്തകള്‍ക്കൊപ്പം കുറേ സത്യങ്ങള്‍ മറഞ്ഞുപോയി. മധു വധക്കേസ് വിചാരണക്കിടെ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിക്കൊണ്ടിരിക്കുന്ന നാളുകളില്‍ ഞങ്ങള്‍ അട്ടപ്പാടി ചിണ്ടക്കി പഴയൂരിലെ മധുവിന്റെ വീടു സന്ദര്‍ശിച്ചു. അവന്റെ സഹോദരി സരസു കണ്ണീര്‍വാര്‍ത്തുകൊണ്ടു പറഞ്ഞ കാര്യങ്ങളില്‍ കാടു മൂടിക്കിടന്ന നിരവധി സത്യങ്ങളുണ്ടായിരുന്നു.

 കാടിൻ്റെ മിടിപ്പറിഞ്ഞ 27കാരൻ

ഉള്‍വനത്തില്‍ രാപകല്‍ സാന്നിധ്യമായിരുന്ന മധു കാട്ടില്‍ നടക്കുന്ന എല്ലാ രഹസ്യങ്ങള്‍ക്കും സാക്ഷിയായിരുന്നു. മധുവിന്റെ നിരീക്ഷണ കണ്ണിനെ ഭയന്നവര്‍ അവനെ ഇല്ലാതാക്കി എന്നായിരുന്നു മധുവിന്റെ സഹോദരി  സരസു അന്നു ഞങ്ങളോടു ചുരുക്കിപ്പറഞ്ഞത്.  ആള്‍ക്കൂട്ടക്കൊലയെന്ന വിലയിരുത്തിലനിപ്പുറം വനത്തില്‍ ചിലര്‍ നടത്തുന്ന ദുരൂഹമായ ഇടപാടുകള്‍ മൂടിവയ്ക്കാനുള്ള കുരുതിയായിരുന്നു അതെന്നു സഹോദരി വിശ്വസിച്ചു. മധുവിനെ തല്ലിക്കൊന്ന കേസില്‍  നടപടികള്‍ മണ്ണാര്‍ക്കാട് എസ് സി- എസ് ടി പ്രത്യേക കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ സാക്ഷികള്‍ കൂട്ടത്തോടെ കുറുമാറുന്നതു കാണാന്‍ അവന്റെ അമ്മയും സഹോദരങ്ങളും നിത്യവും കോടതി വരാന്തയില്‍ പോയിരിക്കുമായിരുന്നു. ആ അമ്മയുടേയും സഹോദരിയുടേയും കണ്ണീര്‍ കണ്ടെങ്കിലും കൂറുമാറുന്നവരുടെ മനസ്സലിയട്ടെ എന്നവര്‍ കരുതി.

മധു ആ കുടുംബത്തിന്റെ പ്രിയപ്പെട്ടവനായിരുന്നു. കാട്ടില്‍ വനോല്‍പ്പന്നങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ അവന്‍ കുടുംബത്തിന്റെ വഴികാട്ടിയായിരുന്നു. അവനു കാടിന്റെ മിടിപ്പുകള്‍ അറിയാമായിരുന്നു. അവനു വന്യ മൃഗങ്ങള്‍ കൂട്ടുകാരായിരുന്നു. വീടുവിട്ടിറങ്ങി കാട്ടിലെ ഗുഹകളില്‍ കഴിഞ്ഞിരുന്ന മധു ഇടക്കിടെ അമ്മയെ കാണാന്‍ വരുമായിരുന്നു. ചായപ്പൊടിയും അരിയുമെല്ലാം വാങ്ങി വീണ്ടും പുഴകടന്നു കാട്ടിലേക്കു പോകും. കൊല്ലപ്പെടുമ്പോള്‍ അവന് 27 വയസ്സുണ്ടായിരുന്നു. ഏഴാംതരം വരെ പഠിച്ച മധു അച്ഛന്റെ മരണത്തെ തുടര്‍ന്നു പഠനം നിര്‍ത്തി.  സംയോജിത ഗോത്ര വികസന പദ്ധതി പ്രകാരം മരപ്പണി പഠിക്കാന്‍ കൂട്ടുകാരോടൊപ്പം പാലക്കാട്ടു പോയി.  അവിടെ നിന്നു തലക്കു പരിക്കേറ്റു തിരിച്ചുവന്ന മധു പിന്നീട് അസാധാരണ ജീവിതമാണു നയിച്ചത്. കാടുകയറി ഗുഹയിലും മറ്റും താമസിക്കുക പതിവായി.

കാട്ടില്‍ കിട്ടുന്നതു ഭക്ഷണമാക്കി അലഞ്ഞു നടന്നു. ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കിയില്ല ആ കാടിന്റെ മകന്‍. ഇതിനിടെ മധു ആര്‍ക്കൊക്കെയോ കണ്ണിലെ കരടായി മാറിയിരുന്നു. വനത്തില്‍ നിന്ന് അകലെയുള്ള മുക്കാലി അങ്ങാടിയില്‍ എത്തി കടയില്‍ നിന്ന് അരിയും മറ്റും മോഷ്ടിച്ചുവെന്ന കാരണം പറഞ്ഞാണ് പരിഷ്‌കൃതര്‍ അവനെ പിടികൂടി കെട്ടിവരിഞ്ഞത്.
മധുവിനു മുമ്പും അങ്ങിനെ പലരും കൊല്ലപ്പെട്ടിട്ടുണ്ട്. അതെല്ലാം അവഗണിക്കപ്പെട്ടു പോവുകയായിരുന്നുവെന്നു സരസു കൂട്ടിച്ചര്‍ത്തു.

മോഷണമെന്ന പേര് പറഞ്ഞ്

കാട്ടില്‍ മരം വെട്ടാന്‍ പോയ ഒരാള്‍ ഗുഹയില്‍ മധുവിനെ കണ്ടെത്തി. ഇയാള്‍ നാട്ടില്‍ വന്ന് ആള്‍ക്കാരെ കൂട്ടി മധുവിനെ പിടികൂടി. കൈകള്‍ ദേഹത്തോടു വരിഞ്ഞുകെട്ടി. നാലുകിലോമീറ്റര്‍ അകലെയുള്ള മുക്കാലി തെരുവിലേക്ക് അവനെ കൊണ്ടുപോയി. മുക്കാലിയിലെ കടകളില്‍ എത്തി അരിയും പലവ്യഞ്ജനവും മോഷ്ടിച്ചു എന്ന പേരിലായിരുന്നു ഈ അത്യാചാരം. കൈകള്‍ ദേഹത്തോടു ചേര്‍ത്തുകെട്ടി തലയില്‍ ഭാരം കയറ്റിവച്ച് അടിച്ചും ചവിട്ടും പരിഹസിച്ചും വിളിച്ചുകൂവിയുമായിരുന്നു പരിഷ്‌കൃത മനുഷ്യര്‍ ഈ കാടിന്റെ മകനെ കൊണ്ടുപോയത്. വെള്ളം ചോദിച്ചപ്പോള്‍ ചാലില്‍ നിന്നുള്ള വെള്ളം എടുത്തു കുടിക്കാന്‍ പറഞ്ഞു. ഉച്ചക്കു രണ്ടരയോടെ കവലയില്‍ എത്തിച്ച മധു മര്‍ദനമേറ്റു തളര്‍ന്നിരുന്നു. ആരോ വിളിച്ചതു പ്രകാരം പോലീസ് എത്തി അവനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. അപ്പോഴേക്കും ആ ശോഷിച്ച ദേഹത്തില്‍ ജീവന്റെ തുടിപ്പു നിലച്ചിരുന്നു. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര ക്ഷതങ്ങള്‍ മരണ കാരണമായെന്നു പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ശരീരത്തില്‍ 42 മുറിവുകളുണ്ടായിരുന്നു. ചവിട്ടേറ്റു തെറിച്ചുവീണതിനാൽ തലക്കുപിന്നിൽ മാരകമായ മുറിവുണ്ടായിരുന്നു. വാരിയെല്ലുകള്‍ പൊട്ടിയിരുന്നു. പ്രതികള്‍ ആ സാധുമനുഷ്യനെ കൂട്ടംചേര്‍ന്നു മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ആഹ്ളാദത്തോടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ഈ ദൃശ്യങ്ങള്‍ കണ്ടു കേരളം നടുങ്ങി. ജനവികാരമുയര്‍ന്നതോടെ പോലീസ് 16 പേരെ അറസ്റ്റുചെയ്തു. പട്ടികജാതി- വര്‍ഗ പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു.

2018 മെയ് മാസം മൂവായിരത്തോളം പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.സംഭവം നടന്ന് നാല് വര്‍ഷത്തിലേറെക്കഴിഞ്ഞാണ് വിചാരണ ആരംഭിച്ചത്. പോലീസ് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ വിചാരണക്കോടതിയില്‍ സ്ഥിരം ജഡ്ജിയുണ്ടായിരുന്നില്ല. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ കാലതാമസമുണ്ടായി. പിന്നീട് ആ പദവിയില്‍ ആളുകള്‍ മാറിമാറിവന്നതും കേസിന് തിരിച്ചടിയായി. വാദിഭാഗത്തിന്റെ 127 സാക്ഷികളില്‍ 24 പേര്‍ വിചാരണഘട്ടത്തില്‍ കൂറുമാറി. ഇക്കൂട്ടത്തില്‍ മധുവിന്റെ മാതൃസഹോദരീ പുത്രന്‍ പോലുമുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ആസൂത്രിത ശ്രമമുണ്ടായി. മധുവിന്റെ അമ്മയെ വരെ ഭീഷണിപ്പെടുത്തി.

നാഗരിക മനുഷ്യരുടെ അഹങ്കാരത്തോടും ആദിവാസികളെ മനുഷ്യരായി കാണാന്‍ കൂട്ടാക്കാത്ത അധമ ബോധത്തോടുമാണ് മധുവിന്റെ അമ്മയും സഹോദരങ്ങളും പോരാടിയത്. നീതിന്യായ വ്യവസ്ഥയുടെ തീര്‍ത്തും അപരിചിതമായ ഇടങ്ങളില്‍ പ്രതീക്ഷയോടെ അവര്‍ ഇത്രയും നാള്‍ നീതിക്കായി കാത്തിരുന്നു.

Latest