Editorial
പോലീസിലെ ക്രിമിനല്‍ സ്വാധീനത്തിന് അറുതിയില്ല
കൈയേറ്റം, അതിക്രമം, സ്ത്രീപീഡനം, കസ്റ്റഡി മരണം തുടങ്ങി ഗുരുതര കുറ്റങ്ങളില്‍ പ്രതിസ്ഥാനത്തുള്ളവരുണ്ട് സേനയില്‍. ക്രിമിനല്‍ പശ്ചാത്തലമുള്ള എത്ര പേരുണ്ട് സേനയിലെന്നതിന് കൃത്യമായ കണക്കില്ല. നാണക്കേട് ഭയന്നിട്ടാകാം, ആഭ്യന്തര വകുപ്പ് കണക്ക് പുറത്തു വിടാറില്ല.
രണ്ട് ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കെതിരെയാണ് ഞായറാഴ്ച വകുപ്പുതല നടപടി വന്നത്. കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വടകര ഡിവൈ എസ് പി. എ ഉമേഷിനെ സസ്പെന്‍ഡ് ചെയ്തു. അതിര്‍ത്തി തര്‍ക്ക കേസിലെ ഒരു കക്ഷിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മര്‍ദിക്കുകയും അന്യായമായി ലോക്കപ്പിലിടുകയും ചെയ്ത കേസില്‍ ഡിവൈ എസ് പി മനോജിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. 2011ല്‍ മനോജ് വടകര എസ് ഐ ആയിരിക്കെയാണ് സംഭവം. കോടതിയില്‍ മനോജിനെതിരെ കേസ് നടന്നു കൊണ്ടിരിക്കെയാണ് ആഭ്യന്തര വകുപ്പ് സി ഐ ആയും ഡിവൈ എസ് പിയായും പ്രതിക്ക് പ്രമോഷന്‍ നല്‍കിയത്.
കുറ്റകൃത്യങ്ങളില്‍ പോലീസ് പ്രതികളാകുന്ന കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. കൈയേറ്റം, അതിക്രമം, സ്ത്രീപീഡനം, കസ്റ്റഡി മരണം, പോക്സോ കേസ്, വ്യാജ ഏറ്റുമുട്ടല്‍, കള്ളക്കേസ് ചമയ്ക്കല്‍, കള്ളക്കടത്ത്- ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം തുടങ്ങി ഗുരുതര കുറ്റങ്ങളില്‍ പ്രതിസ്ഥാനത്തുള്ളവരുണ്ട് സേനയില്‍. ക്രിമിനല്‍ പശ്ചാത്തലമുള്ള എത്ര പേരുണ്ട് സേനയിലെന്നതിന് കൃത്യമായ കണക്കില്ല. നാണക്കേട് ഭയന്നിട്ടാകാം, ആഭ്യന്തര വകുപ്പ് പുറത്തു വിടാറില്ല. 2022ല്‍ പുറത്തുവന്ന അനൗദ്യോഗിക കണക്ക് പ്രകാരം 722 ക്രിമിനല്‍ കേസ് പ്രതികളുണ്ട് സേനയില്‍. ഇതിനേക്കാള്‍ എത്രയോ കൂടുതല്‍ വരും യഥാര്‍ഥ എണ്ണം. സേനയിലെ ക്രിമിനല്‍ സ്വാധീനം ഓരോ വര്‍ഷവും വര്‍ധിച്ചു വരികയുമാണ്. മാറിമാറി വന്ന സര്‍ക്കാറുകള്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നത് പോലീസിനെ ചൊല്ലിയാണ്. പിണറായി സര്‍ക്കാറിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
1861ല്‍ ബ്രിട്ടീഷുകാരാണ് ഇന്ത്യന്‍ പോലീസ് ആക്ട് രൂപവത്കരിച്ചത്. ബ്രിട്ടീഷ്വിരുദ്ധ വികാരം രാജ്യത്ത് ശക്തമായ അന്നത്തെ സാഹചര്യത്തില്‍ സാധാരണക്കാരായ ഇന്ത്യക്കാരെ അടിച്ചമര്‍ത്താനാണ് ബ്രിട്ടീഷ് ഫ്യൂഡല്‍ ഭരണകൂടം പ്രധാനമായും സേനക്ക് രൂപം നല്‍കിയത്. മെയ്ക്കരുത്തിലായിരുന്നു അന്ന് പോലീസിന്റെ ഭരണം. ആയുധവും മെയ്ക്കരുത്തും കാണിച്ച് സാധാരണക്കാരെ അവര്‍ അടക്കിയിരുത്തി. ജനങ്ങളെ പ്രജകളായി കണ്ട് അവരുടെ മേല്‍ കുതിരകയറിയിരുന്ന രാജകിങ്കരന്മാരായിരുന്നു ബ്രിട്ടീഷ് പോലീസ്. ഏറെക്കുറെ ഇതുതന്നെയാണ് ഇന്നത്തെ അവസ്ഥയും. അസഭ്യം, മൂന്നാംമുറ പ്രയോഗം തുടങ്ങിയ കൊളോണിയല്‍ പോലീസിന്റെ ശൈലിയാണ് ഇന്നും സേനയില്‍ നല്ലൊരു വിഭാഗവും പിന്തുടരുന്നത്.
ജനാധിപത്യ ഭരണത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍. ഭരണ സംവിധാനം കൈകാര്യം ചെയ്യുന്നവര്‍ ജനസേവകരും. പല പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലും വലിയൊരളവോളം ഇത്തരം ജനാധിപത്യവത്കരണം നടന്നിട്ടുണ്ട്. പോലീസുദ്യോഗസ്ഥരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തെരുവിലെ യാചകരെ ഉള്‍പ്പെടെ സാധാരണ പൗരന്മാരെ ‘സര്‍’ എന്ന് അഭിസംബോധന ചെയ്യുന്ന സ്ഥിതി വളര്‍ന്നു വന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിലും സാംസ്‌കാരിമായി ഉയര്‍ന്നവരെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിലും അത്തരമൊരു സംസ്‌കാരം വളര്‍ന്നു വന്നിട്ടില്ലെന്നത് ഖേദകരമാണ്.
ബ്രിട്ടീഷ് പോലീസിന്റെ ശൈലി ഉപേക്ഷിക്കാനും ക്രിമിനല്‍ സ്വഭാവം അവസാനിപ്പിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഒമ്പതര വര്‍ഷക്കാലത്തെ ഭരണത്തിനിടയില്‍ സേനയെ പല തവണ ഉപദേശിച്ചിട്ടുണ്ട്. 2018 നവംബറില്‍ കേരള പോലീസ് രൂപവത്കരണ ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ പിണറായി ഉപദേശിച്ചു, ‘കൊളോണിയല്‍ അവശിഷ്ടങ്ങള്‍ സേനയില്‍ നിന്ന് നീങ്ങണം. അഴിമതിയും മൂന്നാം മുറയും പൂര്‍ണമായും ഇല്ലാതാകണം. ഏത് സാധാരണക്കാരനും ദുര്‍ബലനും നിര്‍ഭയം സമീപിച്ച് ആവലാതി ബോധിപ്പിക്കാനുള്ള സംവിധാനമാകണം പോലീസ്. അതിന് വിഘാതമായി എന്തുണ്ടെങ്കിലും അത് മാറിയേ പറ്റൂ’. 2022 ഡിസംബറില്‍ തിരുവനന്തപുരത്ത് പോലീസ് പെന്‍ഷനേഴ്സ് അസ്സോസിയേഷന്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു; ‘ക്രിമിനലുകളെ നേരിടാനാണ് പോലീസ്. സേനയില്‍ ക്രിമിനലുകള്‍ വേണ്ട. അവരെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല’. എന്നാല്‍ ‘എന്നെ തല്ലേണ്ടമ്മാവാ, ഞാന്‍ നന്നാകൂല’ എന്ന മട്ടിലുള്ള പ്രതികരണമാണ് സേനയുടെ ഭാഗത്ത് നിന്ന് പിന്നെയും പ്രകടമായത്.
വലിയൊരളവോളം ഭരണകൂടം തന്നെയാണ് ഇതിന് ഉത്തരവാദി. ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന പോലീസുകാരെ നിയമത്തിന് വിട്ടുകൊടുക്കുന്നതിനു പകരം, അവരെ രക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഇതപര്യന്തം സ്വീകരിച്ചു വരുന്നത്. നടപടിയെടുത്താല്‍ പോലീസിന്റെ ആത്മവീര്യം തകരുമെന്നാണ് ഇതിന് ന്യായീകരണം. ഹൈക്കോടതി ചോദിച്ചതു പോലെ ക്രിമിനലുകളെ സംരക്ഷിച്ച് വേണോ പോലീസിന്റെ ആത്മവീര്യം സംരക്ഷിക്കാന്‍? 2013 മേയില്‍ ആലത്തൂര്‍ സ്റ്റേഷനില്‍ അഭിഭാഷകനോട് പോലീസ് അപമര്യാദയായി പെരുമാറിയ കേസിലായിരുന്നു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. ‘എന്ത് തോന്ന്യാസം കാണിച്ചാലും ആത്മവീര്യം തകരാതിരിക്കാന്‍ പോലീസിനെ കൂടെ നിര്‍ത്തണമെന്നാണോ പറയുന്നത്? ചെയ്ത കുറ്റത്തിന് നടപടി സ്വീകരിച്ചാല്‍ എങ്ങനെയാണ് ആത്മവീര്യം നഷ്ടമാകുന്നത്? അത്രക്ക് ദുര്‍ബലമാണ് ആത്മവീര്യമെങ്കില്‍ അതങ്ങ് പോകട്ടെയെന്ന് വെക്കണ’മെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആഭ്യന്തര വകുപ്പിനെ ഉപദേശിച്ചത്.
പോലീസ്, ഉദ്യോഗസ്ഥ സംവിധാനങ്ങളെ ആശ്രയിച്ച് മാത്രമേ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് തങ്ങളുടെ അധികാരം ഉറപ്പിച്ചു നിര്‍ത്താനും ഭരണ ദുര്‍വിനിയോഗം നടത്താനും സാധിക്കുകയുള്ളൂ. അതിക്രമങ്ങള്‍ക്കെതിരെ നടപടി എടുക്കേണ്ടി വരുമ്പോള്‍ ‘പോലീസിന്റെ മനോവീര്യ’ത്തെക്കുറിച്ച് വേവലാതിപ്പെടുന്നതിനു പിന്നില്‍ ഇതിലപ്പുറം ഒരു വേവലാതിയുമില്ല. ഭരണകൂടം തന്നെ സൃഷ്ടിച്ചെടുക്കുന്നതാണ്, പൗരാവകാശങ്ങള്‍ക്കു മേല്‍ സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ അധികാരമുള്ള സംഘമാണ് തങ്ങളെന്ന സേനയുടെ ബോധം.



