Connect with us

articles

ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദലുണ്ട്; പക്ഷേ വിദൂരത്താണ്

രണ്ട് സംസ്ഥാനങ്ങളിലെയും ഫലം സൂക്ഷ്മമായി നോക്കുമ്പോള്‍ രാഷ്ട്രീയമായി കോണ്‍ഗ്രസ്സിനും ബി ജെ പിക്കും പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. പക്ഷേ പ്രത്യയശാസ്ത്രപരമായി ഹിന്ദുത്വത്തിന്റെ ഫ്രെയിമിലേക്ക് ഒരു രാജ്യം അതിവേഗം പാകപ്പെടുകയാണ് എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം ബാക്കിയാക്കുന്ന സത്യം. ആം ആദ്മി പാര്‍ട്ടി ബി ജെ പിക്ക് രാഷ്ട്രീയമായി ബദലാണ് എന്നതിനപ്പുറം പ്രത്യയശാസ്ത്രപരമായി ഹിന്ദുത്വത്തിന് ഇന്ത്യയില്‍ ഒരു ബദല്‍ സാധ്യമല്ല എന്നത് കൂടിയാണ് അവരുടെ വിജയം സൂചിപ്പിക്കുന്നത്.

Published

|

Last Updated

ഗുജറാത്ത്-ഹിമാചല്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരേ പോലെ പ്രതീക്ഷയും ആശങ്കയും നല്‍കുന്നുണ്ട്. 2024ലേക്ക് ഒരുങ്ങുന്ന ബി ജെ പിക്ക് ഗുജറാത്ത് വലിയ ആത്മവിശ്വാസം നല്‍കുമ്പോള്‍ ഹിമാചലില്‍ ബി ജെ പിയുടെ തന്ത്രങ്ങള്‍ പൊളിഞ്ഞു പോയതായും കാണാം. കോണ്‍ഗ്രസ്സിന് ചരിത്രത്തിലെ വലിയ പരാജയമാണ് ഗുജറാത്തില്‍ നേരിടേണ്ടി വന്നിരിക്കുന്നത്. ഗുജറാത്ത് കലാപാനന്തരം നടന്ന വര്‍ഗീയ ധ്രുവീകരണത്തിനിടയില്‍ പോലും ബി ജെ പിക്ക് ഇത്രയും ഭീകര ഭൂരിപക്ഷം നേടാനായിരുന്നില്ല. 182 അംഗസഭയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍നേടിയ 77 സീറ്റുകളില്‍ നിന്ന് ഇപ്പോള്‍ 17 സീറ്റിലേക്ക് കോണ്‍ഗ്രസ്സ് ഇല്ലാതാകുന്ന കാഴ്ചയാണ് ദയനീയം.

അതേസമയം ബി ജെ പി ഗുജറാത്ത് നിയമസഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന അക്കത്തിലേക്കാണ് 156 സീറ്റുകള്‍ നേടി ആധിപത്യമുറപ്പിച്ചത്. കോണ്‍ഗ്രസ്സിന്റെ പതനത്തിന് മുഖ്യ കാരണം പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസക്കുറവാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇരുപതോളം എം എല്‍ എമാരാണ് കോണ്‍ഗ്രസ്സ് വിട്ട് ബി ജെ പിയിലെത്തിയത്. മാത്രവുമല്ല സംഘടനാ സംവിധാനവും ദുര്‍ബലമായിരുന്നു. തിരഞ്ഞെടുപ്പ് റാലികളില്‍ പോലും വേണ്ടത്ര ജനപങ്കാളിത്തം ഉറപ്പുവരുത്താനോ മൂന്ന് പതിറ്റാണ്ടിനോട് അടുക്കുന്ന തുടര്‍ച്ചയായ ഭരണത്തിന്റെ പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യാനോ കോണ്‍ഗ്രസ്സിനായില്ല. കോണ്‍ഗ്രസ്സ് പാര്‍ട്ടി സംസ്ഥാനത്ത് പ്രഖ്യാപിച്ച റാലികളില്‍ ഒന്നിന് നേതൃത്വം നല്‍കേണ്ടിയിരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഇതേസമയത്ത് തന്നെ സച്ചിന്‍ പൈലറ്റുമായി തര്‍ക്കത്തിലേര്‍പ്പെട്ടത് പ്രചാരണ രംഗത്ത് കോണ്‍ഗ്രസ്സിന് ക്ഷീണമുണ്ടാക്കി. ജനങ്ങള്‍ക്കിടയില്‍ ഓളമുണ്ടാക്കാന്‍ പാകത്തില്‍ കരിഷ്മയുള്ള ഒരു നേതാവ് പോലും തിരഞ്ഞെടുപ്പ് രംഗത്ത് ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് ഇല്ലാതെപോയി.

ഭാരത് ജോഡോ യാത്രയിലുള്ള രാഹുല്‍ ഗാന്ധി പേരിന് വന്നുപോയ പോലെയായിരുന്നു ഗുജറാത്തിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍. ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്ന് വിശ്വസിച്ച ജിഗ്‌നേഷ് മേവാനി കഷ്ടിച്ചു ജയിച്ചു എന്നതിനപ്പുറം ദളിത് വോട്ടുകള്‍ പെട്ടിയിലാക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടു. പരമ്പരാഗതമായി കോണ്‍ഗ്രസ്സിന് വലിയ ശക്തിയുണ്ടായിരുന്ന ദളിത് മേഖലകളിലും ബി ജെ പി കടന്നുകയറിയതാണ് കോണ്‍ഗ്രസ്സ് പതനത്തിന് ആഴം കൂട്ടിയത്. അതിനേക്കാള്‍ വലിയ ഇളക്കമുണ്ടായത് ഗുജറാത്തി ജനസംഖ്യയുടെ 15 ശതമാനത്തോളം വരുന്ന പട്ടേല്‍ വിഭാഗത്തിനിടയിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായി വോട്ട് ചെയ്ത പട്ടേല്‍ സമുദായം ഇത്തവണ വലിയ രീതിയില്‍ ബി ജെ പിയെ സഹായിച്ചിട്ടുണ്ട്. പട്ടിദാര്‍ ജാതിക്ക് ഒ ബി സി പദവി ആവശ്യപ്പെട്ട് പ്രക്ഷോഭ രംഗത്ത് തിളങ്ങിയ ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വലിയ തലവേദനയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ബി ജെ പിയിലേക്ക് കൂടുമാറിയ ഹാര്‍ദിക് പട്ടേല്‍ ഗുജറാത്തിലെ പട്ടേല്‍ വോട്ടുകള്‍ ബി ജെ പിക്ക് അനുകൂലമാക്കുന്നതില്‍ കാര്യമായ പണിയെടുത്തിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ സെപ്തംബറില്‍ അമിത് ഷായുടെ അടുപ്പക്കാരനായ മുഖ്യമന്ത്രി വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതും ഒപ്പം ഏഴ് മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചതുമൊക്കെ പട്ടേല്‍ സമുദായത്തിന്റെ വോട്ടുറപ്പിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു. ഗുജറാത്തിന്റെ അഭിമാനം എന്ന ലേബലില്‍ നര്‍മദാ തീരത്ത് സ്റ്റാച്യൂ ഓഫ് യൂനിറ്റി എന്ന പേരില്‍ കെട്ടി ഉയര്‍ത്തിയ പട്ടേല്‍ പ്രതിമയുമൊക്കെ ബി ജെ പിയുടെ പെട്ടി നിറച്ചു എന്ന് വേണം കരുതാന്‍. വര്‍ഗീയ പ്രദേശങ്ങളില്‍ ഊന്നി തിരഞ്ഞെടുപ്പ് റാലികള്‍ നടത്തിയ ബി ജെ പി ഇന്ത്യയിലെ ഏറ്റവും വലിയ ശ്രീകൃഷ്ണ പ്രതിമ ഗുജറാത്തില്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചതും ഹിന്ദു വോട്ട് ഏകീകരിക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്. മോദി കള്‍ട്ടാണ് തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വിജയത്തില്‍ പ്രവര്‍ത്തിച്ച മറ്റൊരു പ്രധാന ഘടകം.

ഗുജറാത്തി പ്രൈഡിനെ ഫോക്കസ് ചെയ്ത ബി ജെ പിയുടെ പ്രചാരണങ്ങളില്‍ മോദി ഒരു പ്രധാന ബിംബമായി മാറിയിരുന്നു. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് മോദിയെ ശ്രീരാമനോട് ഉപമിച്ച് പരിഹസിച്ചത്, ഹിന്ദു വികാരം വ്രണപ്പെടുത്തി എന്ന പേരില്‍ ബി ജെ പി തിരഞ്ഞെടുപ്പ് രംഗത്ത് നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. ഉത്തര്‍ പ്രദേശിലേത് പോലെ മോദി എന്ന ഫാക്ടര്‍ ഒന്ന് കൊണ്ട് മാത്രം ജയിച്ചുകയറാന്‍ പാകത്തില്‍ ഗുജറാത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായി ഒരു നിലം പാകപ്പെട്ട് വരുന്നു എന്നത് കൂടിയാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം ബാക്കിയാക്കുന്ന ഏറ്റവും അപകടകരമായ വസ്തുത. രാഷ്ട്രത്തിന്റെ ജനാധിപത്യ ഘടനക്ക് അതുണ്ടാക്കുന്ന വിള്ളല്‍ ഒരു ഏകാധിപത്യ രാഷ്ട്രത്തിലേക്കുള്ള സഞ്ചാര പഥത്തിന്റെ തുടക്കമായി കാണേണ്ട ഒന്നാണ്.

ഗുജറാത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്ന ആം ആദ്മി പാര്‍ട്ടി ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന് ഒരു ബദലായി മാറുകയാണ്. കേവലം അഞ്ച് സീറ്റുകള്‍ മാത്രം നേടിയ ആപ്പ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് വെല്ലുവിളിയാകുമെന്നുറപ്പാണ്. ആം ആദ്മി പാര്‍ട്ടി ബി ജെ പിക്ക് രാഷ്ട്രീയമായി ബദലാണ് എന്നതിനപ്പുറം പ്രത്യയശാസ്ത്രപരമായി ഹിന്ദുത്വത്തിന് ഇന്ത്യയില്‍ ഒരു ബദല്‍ സാധ്യമല്ല എന്നത് കൂടിയാണ് ആം ആദ്മിയുടെ വിജയം സൂചിപ്പിക്കുന്നത്. ലക്ഷ്മി ദേവിയുടെ ചിത്രം കറന്‍സിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുകയുണ്ടായി ആം ആദ്മി. അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് തീര്‍ഥാടകര്‍ക്ക് പ്രത്യേക ഗതാഗത സംവിധാനമൊരുക്കുമെന്ന് പ്രകടന പത്രികയിലൂടെ വാഗ്ദാനം നല്‍കി വോട്ടു പിടിച്ച കെജ്‌രിവാള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇന്ത്യയില്‍ ബദലില്ല എന്നത് കൂടിയാണ് ആണയിട്ട് ഉറപ്പിക്കുന്നത്. അത് തന്നെയാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം വിളിച്ചു പറയുന്ന ഏറ്റവും അപകടകരമായ സന്ദേശവും. കെജ്‌രിവാള്‍ പിടിച്ച വോട്ടുകളാണ് കോണ്‍ഗ്രസ്സ് പതനത്തിന് ആക്കം കൂട്ടിയത്. 13 ശതമാനം വോട്ടാണ് ആം ആദ്മി നേടിയത്. 2017ല്‍ നേടിയ 41 ശതമാനത്തില്‍ നിന്ന് കോണ്‍ഗ്രസ്സിന്റെ വിഹിതം ഇത്തവണ 26 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ബി ജെ പി കഴിഞ്ഞ തവണ നേടിയ 49.05 ശതമാനത്തില്‍ നിന്ന് 53 ശതമാനത്തിലേക്ക് വോട്ട് ഉയര്‍ത്തി തങ്ങളുടെ വോട്ട് ചോരാതെ നോക്കിയിട്ടുമുണ്ട്.

ഹിമാചലില്‍ ബി ജെ പിയുടെയും ആം ആദ്മിയുടെയും കണക്ക് തെറ്റിച്ചാണ് കോണ്‍ഗ്രസ്സ് വിജയം. ഭരണവിരുദ്ധ വികാരം തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനും പരമ്പരാഗത വോട്ടുകള്‍ നിലനിര്‍ത്തി ഭരണം പിടിക്കാനും കോണ്‍ഗ്രസ്സിന് ഇവിടെ കഴിഞ്ഞിട്ടുണ്ട്. ഏറെക്കാലമായി കോണ്‍ഗ്രസ്സും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനമായിരുന്നു ഹിമാചല്‍. എന്നാല്‍ ഉത്തരാഞ്ചലില്‍ നേടിയതിന് സമാനമായ ഒരു ഭരണത്തുടര്‍ച്ച ഹിമാചലിലും ഉണ്ടാകുമെന്ന് ബി ജെ പി അമിതമായി വിശ്വസിച്ചിരുന്നു. അതിന് വേണ്ടിയാണ് നിലവിലുള്ള നിയമസഭാംഗങ്ങളില്‍ പലര്‍ക്കും സീറ്റ് നിഷേധിച്ച് പുതുമുഖങ്ങളെ അവതരിപ്പിച്ചതും. എന്നാല്‍ സീറ്റ് ലഭിക്കാത്തവര്‍ വിമതരായി മാറിയതും ബി ജെ പിക്ക് എതിരെ പ്രവര്‍ത്തിച്ചതും ഫലത്തില്‍ വലിയ തിരിച്ചടിയായി. ആപ്പിള്‍ കര്‍ഷകരടക്കമുള്ള കര്‍ഷക വിഭാഗത്തിനിടയിലെ പ്രതിഷേധവും വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായി മാറിയിട്ടുണ്ട്. 68 അംഗ സഭയില്‍ 40 സീറ്റ് നേടിയ കോണ്‍ഗ്രസ്സ് ഭരണമുറപ്പിച്ചപ്പോള്‍ 25 സീറ്റുകള്‍ നേടി ബി ജെ പി മെച്ചപ്പെട്ട പ്രകടനം തന്നെ നടത്തിയിട്ടുണ്ട്. ഫലം വന്നയുടന്‍ തന്നെ എം എല്‍ എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റുമെന്ന വാര്‍ത്തകളും പുറത്തു വന്നിരിക്കുകയാണ്. റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ തുറന്നിടുന്നിടത്താണ് ഹിമാചലിലെ തിരഞ്ഞെടുപ്പ് ഫലം ഇപ്പോഴും ജനാധിപത്യ ഇന്ത്യക്ക് വലിയ വെല്ലുവിളിയായി മാറുന്നത്. രണ്ട് സംസ്ഥാനങ്ങളിലെയും ഫലം സൂക്ഷ്മമായി നോക്കുമ്പോള്‍ രാഷ്ട്രീയമായി കോണ്‍ഗ്രസ്സിനും ബി ജെ പിക്കും പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. പക്ഷേ പ്രത്യയശാസ്ത്രപരമായി ഹിന്ദുത്വത്തിന്റെ ഫ്രെയിമിലേക്ക് ഒരു രാജ്യം അതിവേഗം പാകപ്പെടുകയാണ് എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം ബാക്കിയാക്കുന്ന സത്യം.