International
ഒന്നും ലോകമറിയേണ്ട; ഗസ്സയിൽ മാധ്യമപ്രവർത്തകരെ ഇസ്റാഈൽ കൊന്നൊടുക്കുന്നു, ആശുപത്രിയിലുണ്ടായ ബോംബിംഗിൽ സാധാരണക്കാരുൾപ്പെടെ 20 മരണം
രണ്ട് വർഷത്തിനകം ഗസ്സയിൽ കൊല്ലപ്പെട്ടത് 244 മാധ്യമപ്രവർത്തകർ

ഗസ്സ | ഗസ്സയിൽ ഇസ്റാഈൽ അധിനിവേശ സേന വീണ്ടും ആക്രമണം അതിരൂക്ഷമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗസ്സയിലുടനീളം കനത്ത ബോംബ് സ്ഫോടനമാണ് നടക്കുന്നത്. വിവരങ്ങൾ പുറംലോകത്തെത്തരുതെന്ന ലക്ഷ്യത്തോടെ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടും ആക്രമണം തുടരുകയാണ്. ഇന്ന് ഖാൻ യൂനുസിലെ നസർ ആശുപത്രിക്ക് നേരെയുണ്ടായ ബോംബ് സ്ഫോടനത്തിൽ 20 ജീവനുകൾ നഷ്ടമായി. ഒട്ടേറെ പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ നാല് പേർ മാധ്യമപ്രവർത്തകരാണ്. നാസർ ആശുപത്രിയിൽ നിന്ന് വാർത്ത റിപോർട്ട് ചെയ്യുന്നതിനിടെയായിരുന്നു ഇസ്റാഈലിൻ്റെ നരനായാട്ട്.
അൽ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ, റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റ് ഹൊസ്സാം അൽ മസ്രി, അസോസിയേറ്റഡ് പ്രസ്സിൻ്റെയും ദ ഇൻഡിപ്പെൻഡൻ്റ് അറബിക്കിൻ്റെ പ്രതിനിധിയായ മറിയം അബു ദഖ, എൻ ബി സി നെറ്റ് വർക് ലേഖകൻ മൊഅസ് അബു ദഹ എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകർ. ഇതോടെ രണ്ടര വർഷത്തിനിടെ ഗസ്സയിൽ ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 244 ആയി.
രണ്ടാഴ്ച് മുമ്പ് സമാനമായ രീതിയിൽ അൽ ഷിഫ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആറ് മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടായാണ് പുതിയ ആക്രമണം. പ്രശസ്ത യുദ്ധ റിപോർട്ടറായ അൽ ജസീറയുടെ അനസ് അൽ ഷരീഫ് ഉൾപ്പെടെയുള്ളവർ അന്ന് കൊല്ലപ്പെട്ടിരുന്നു.