Connect with us

Articles

യുദ്ധം മാധ്യമങ്ങള്‍ക്ക് നേരേയും

പത്രങ്ങള്‍, വാര്‍ത്താ ചാനലുകള്‍, രാജ്യത്തിന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ടാസ് ഉള്‍പ്പെടെയുള്ളവയില്‍ റഷ്യ പിടിമുറുക്കിക്കഴിഞ്ഞു. ഏത് ഡാറ്റയാണ് വിശ്വസിക്കേണ്ടതെന്ന സംശയം യുദ്ധവാര്‍ത്തകള്‍ പിന്തുടരുന്ന ആഗോളസമൂഹത്തിന് ഉണ്ടാകുകയും പക്ഷപാതിത്വവും വ്യാജ വിവരങ്ങളും ഔദ്യോഗിക സ്വഭാവത്തില്‍ മുന്നിലെത്തുകയും ചെയ്യുന്നു. അപകടകരമാം വിധം യുദ്ധഭൂമിയില്‍ നിന്നുള്ള കവറേജുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

Published

|

Last Updated

‘എല്ലാ മാധ്യമങ്ങള്‍ക്കും ആവശ്യമായ ഉള്ളടക്കങ്ങള്‍ ഞങ്ങള്‍ തയ്യാറാക്കി നല്‍കുന്നുണ്ട്. ഇരുപത്തിനാല് മണിക്കൂറും കര്‍മനിരതരായ ഒരുപറ്റം ആളുകള്‍ തന്നെ ടെലിവിഷന്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വേണ്ടി ഔദ്യോഗികമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ പ്രസിഡന്റ് സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഒരാളല്ല. പക്ഷേ, ഇന്റര്‍നെറ്റിലെ മില്യന്‍ കണക്കിന് വിവരങ്ങളില്‍ നിന്ന് ഞങ്ങളുടെ ടീമിന്റെ പ്രൊഫഷനല്‍ ഇടപെടല്‍ മൂലം കേവലം 20 മിനുട്ടിനുള്ളില്‍ പ്രസിഡന്റിന് ആവശ്യമായതെല്ലാം കൃത്യമായി അപ്ഡേറ്റ് ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു.’

2015 ഏപ്രിലില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ മാധ്യമ ഉപദേഷ്ടാവായ ദിര്‍മിത്രി പെസ്‌കോവ് അന്തര്‍ദേശീയ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്. യുക്രൈന്‍ അധിനിവേശ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുമ്പോള്‍ റഷ്യന്‍ മാധ്യമങ്ങള്‍ക്ക് യുദ്ധം എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം കഴിഞ്ഞ ദിവസം റഷ്യ മുന്നോട്ടു വെച്ചപ്പോഴാണ് റഷ്യന്‍ സര്‍ക്കാറിന്റെ പ്രസ്സ് സെക്രട്ടറിയുടെ വാക്കുകള്‍ ഓര്‍മവന്നത്. യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങള്‍ക്കും തിങ്കളാഴ്ച മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലുടനീളം നിയന്ത്രണങ്ങള്‍ വന്നുകഴിഞ്ഞു. യുദ്ധവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഡാറ്റകളില്‍ റഷ്യ പ്രതിസ്ഥാനത്ത് വരുന്ന ഉള്ളടക്കങ്ങളാണ് കൃത്യമായി ഇപ്പോള്‍ നിയന്ത്രിക്കുന്നത്. തത്ഫലമായി റഷ്യ ടിവി, ചാനല്‍ വണ്‍, എന്‍ ടി വി ഉള്‍പ്പെടെ റഷ്യന്‍ സര്‍ക്കാറിന് നേരിട്ട് നിയന്ത്രിക്കാന്‍ സാധിക്കുന്ന വാര്‍ത്താ മാധ്യമങ്ങളിലും, ഇപ്പോള്‍ തുടരുന്ന യുദ്ധത്തില്‍ റഷ്യയെ അനുകൂലിക്കുന്ന രാഷ്ട്രങ്ങളിലെ ജനകീയ വാര്‍ത്താ മാധ്യമ സ്ഥാപനങ്ങളിലും ഈ നിയന്ത്രണങ്ങളുണ്ടാകുകയും വാര്‍ത്തകളുടെ ഉള്ളടക്കങ്ങളില്‍ റഷ്യയെ പരിരക്ഷിക്കുന്ന രീതിയുണ്ടാകുകയും ചെയ്തിട്ടുണ്ട്. യുക്രൈനില്‍ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിന്റെ റിപോര്‍ട്ടുകള്‍ ലോകം വീക്ഷിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ നരേറ്റീവുകളാണ് ഈ മാധ്യമങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. യുദ്ധഭൂമിയില്‍ നിന്ന് നേരിട്ടുള്ള റിപോര്‍ട്ടുകളില്‍ പോലും ഈ പക്ഷപാതിത്വം കാണാന്‍ സാധിക്കുന്നുവെന്നാണ് ഫെബ്രുവരി 28ന് ടൈം മാഗസിന്‍ പുറത്തുവിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നത്.

‘റഷ്യന്‍ സര്‍ക്കാര്‍ വലിയൊരളവോളം മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. പത്രങ്ങള്‍, വാര്‍ത്താ ചാനലുകള്‍, രാജ്യത്തിന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ടാസ് ഉള്‍പ്പെടെയുള്ളവയില്‍ റഷ്യ പിടിമുറുക്കിക്കഴിഞ്ഞു. വാര്‍ത്തകളിലെ നിയന്ത്രണം മാത്രമല്ല, മാധ്യമ പ്രവര്‍ത്തകരുടെ ജീവന്‍ പോലും നഷ്ടപ്പെടുന്ന സ്ഥിതിയാണ് അവിടെയുള്ളത്.’ ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ റഷ്യയും യുക്രൈനും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ട നാശനഷ്ടങ്ങളുടെ കണക്കുകളിലുണ്ടായ വൈരുധ്യം സ്വാഭാവികമാണ്. ഏത് ഡാറ്റയാണ് വിശ്വസിക്കേണ്ടതെന്ന സംശയം യുദ്ധവാര്‍ത്തകള്‍ പിന്തുടരുന്ന ആഗോളസമൂഹത്തിന് ഉണ്ടാകുകയും പക്ഷപാതിത്വവും വ്യാജ വിവരങ്ങളും ഔദ്യോഗിക സ്വഭാവത്തില്‍ മുന്നിലെത്തുകയും ചെയ്യുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പുറമേ, യുദ്ധഭൂമിയില്‍ നിന്നുള്ള നേരിട്ടുള്ള റിപോര്‍ട്ടുകള്‍ പോലും സമൂഹ മാധ്യമങ്ങളിലും നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ റഷ്യന്‍ അധിനിവേശത്തില്‍ റഷ്യ മിക്കപ്പോഴും അര്‍ഹമാം വിധം ചോദ്യം ചെയ്യപ്പെടാതെ രക്ഷപ്പെടുകയും യുക്രൈനിന് വന്നുപെട്ടത് അനിവാര്യമായ പരിണതിയാണെന്ന സാമ്രാജ്യത്വ ഭാഷക്ക് മേല്‍ക്കൈ നേടാന്‍ സാധിക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ റഷ്യന്‍ അധിനിവേശം നടക്കുന്ന യുക്രൈനില്‍ നിന്നുള്ള വാര്‍ത്തകളേക്കാള്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ മാധ്യമ വിഭാഗം സര്‍ക്കുലേറ്റ് ചെയ്യുന്ന വിവരങ്ങള്‍ക്കാണ് ആധിപത്യമുള്ളതെന്നും ടൈം മാഗസിന് വേണ്ടി റിപോര്‍ട്ട് തയ്യാറാക്കിയ താര ലോ വെളിപ്പെടുത്തിയിട്ടുണ്ട്. അത്രമേല്‍ അപകടകരമാം വിധം യുദ്ധഭൂമിയില്‍ നിന്നുള്ള കവറേജുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഈ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ റഷ്യയിലെ മിക്ക ടി വി ചാനലുകളിലും പഴയ സിനിമകളും ചാറ്റ്ഷോകളും കാണിക്കുകയുണ്ടായി.

ചൊവ്വാഴ്ച വൈകിട്ട് റഷ്യന്‍ സമയം അഞ്ച് മണിക്ക് യുക്രൈന്‍ തലസ്ഥാനമായ കീവിലെ ഒരു ടി വി ടവര്‍ റഷ്യ ബോംബിട്ട് തകര്‍ത്ത സംഭവം ബി ബി സി വേള്‍ഡ് ലൈവായി റിപോര്‍ട്ട് ചെയ്യുമ്പോള്‍ റഷ്യന്‍ ടി വി പ്രഖ്യാപിച്ചത് ഈ യുദ്ധത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും യുക്രൈനാണ് എന്നാണ്. ഡസൃമശില: ണമരേവശിഴ വേല ംമൃ ീി ഞൗശൈമി ഠഢ മ ംവീഹല റശളളലൃലി േേെീൃ്യ എന്ന ശീര്‍ഷകത്തില്‍ ബി ബി സി രസകരമായ ഒരു റിപോര്‍ട്ടേജ് മാര്‍ച്ച് രണ്ടിന് പുറത്തുവിടുകയുണ്ടായി. റഷ്യന്‍ സ്വാധീനമുള്ള മാധ്യമങ്ങളിലൂടെ മാത്രം യുക്രൈന്‍ അധിനിവേശ വാര്‍ത്തകള്‍ വീക്ഷിക്കുന്നവര്‍ക്ക് സംഭവിക്കുന്ന വസ്തുതാപരമായ നഷ്ടങ്ങളുടെ വിശദാംശങ്ങളാണ് പ്രസ്തുത റിപോര്‍ട്ടിലുള്ളത്. റഷ്യയിലെ ജനകീയ ന്യൂസ് ചാനലായ ചാനല്‍ വണ്‍ യുദ്ധം തുടങ്ങിയ ശേഷം രാവിലെ സംപ്രേക്ഷണം ചെയ്തത് പതിവ് വിനോദ പരിപാടികളാണ്. ചൊവ്വാഴ്ച വൈകിട്ട് പ്രൈം ടൈമില്‍ ഇതേ ചാനല്‍ പുറത്തുവിട്ടത് റഷ്യന്‍ സൈന്യത്തെ ആക്രമിക്കുന്ന യുക്രൈന്‍ പട്ടാളത്തിന്റെ ഫൂട്ടേജുകളാണ്. ഈ ഫൂട്ടേജുകള്‍ പൂര്‍ണമായും വ്യാജമാണെന്ന് ബി ബി സി വെളിപ്പെടുത്തുകയുമുണ്ടായി. യുക്രൈനിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ഏതാനും ചില സൈനിക ട്രൂപ്പുകള്‍ റഷ്യയിലെത്തിയതായാണ് മോസ്‌കോ സമയം രാവിലെ എട്ടിന് എന്‍ ടി വി സംപ്രേക്ഷണം ചെയ്ത വാര്‍ത്തയുടെ ഉള്ളടക്കം. ഇതേസമയം, ബി ബി സി റേഡിയോ ഫോര്‍ യുക്രൈന്‍ തലസ്ഥാന നഗരിയില്‍ ഇരച്ചുകയറുന്ന ആയിരക്കണക്കിന് സൈനികരുടെ തത്സമയ റിപ്പോര്‍ട്ടിംഗ് നടത്തുകയായിരുന്നു. യുക്രൈന്‍ പട്ടാളക്കാരുടെ ക്രൈമുകള്‍ വിവരിക്കുന്ന കവറേജുകളാണ് റഷ്യയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ചാനല്‍ വണ്‍ കഴിഞ്ഞ ദിവസവും പുറത്തുവിട്ടത്. ഇപ്പോള്‍ റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത് ചരിത്രപരമായ ദൗത്യമാണെന്നുവരെ ഈ ചാനല്‍ സ്‌ക്രോള്‍ ചെയ്തുകൊണ്ടിരിക്കുന്നു.

റഷ്യന്‍ സര്‍ക്കാറിന്റെ നരേറ്റീവിനപ്പുറത്തേക്ക് പോകാത്ത ഇത്തരം കവറേജുകളുടെ സാന്നിധ്യം റഷ്യന്‍ മാധ്യമങ്ങളില്‍ നിന്ന് അന്തര്‍ദേശീയ മാധ്യമങ്ങളിലേക്കും ഓണ്‍ലൈന്‍ ന്യൂസ്പോര്‍ട്ടലുകളിലേക്കും സമൂഹ മാധ്യമങ്ങളിലേക്കും വ്യാപിക്കുന്നു എന്നതാണ് ഏറ്റവും ഗുരുതരമായ അപകടം. ഒരുപക്ഷേ, റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരമായ അധിനിവേശത്തിന്റെ തീവ്രത കുറക്കാനെങ്കിലും ഈ മാധ്യമപിന്തുണ റഷ്യയെ സഹായിച്ചുകൊണ്ടിരിക്കുന്നുണ്ട്. സ്വതന്ത്ര മാധ്യമങ്ങളെ നിരോധിക്കുകയും പൂര്‍ണമായി നിയന്ത്രിക്കുകയും ചെയ്യുന്ന റഷ്യന്‍ സര്‍ക്കാര്‍ ടി വി റെയിന്‍, നോവയ ഗസറ്റ് എന്നീ മാധ്യമങ്ങളെ നിരോധിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞതായി ദി ഇന്റിപെന്റന്‍ഡ് റിപോര്‍ട്ട് ചെയ്യുകയുണ്ടായി. റഷ്യ യുക്രൈനില്‍ ബോംബിട്ടു എന്ന് ഈ മാധ്യമങ്ങള്‍ പ്രയോഗിച്ചുവെന്നതാണ് കാരണം. ആക്രമണം, യുദ്ധം, അധിനിവേശം എന്നീ പദങ്ങള്‍ ഒരു കാരണവശാലും മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നാണ് റഷ്യന്‍ സര്‍ക്കാറിന്റെ ഉത്തരവ്. കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യയുടെ മിക്കയിടങ്ങളിലും ട്വിറ്റര്‍ നിലച്ചുപോയതായും കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തുകയുണ്ടായി. റഷ്യ യുക്രൈന്‍ നഗരങ്ങളില്‍ വലിയ സ്ഫോടനങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് ട്വിറ്റര്‍ പ്രവര്‍ത്തനം നിലക്കുന്നതെന്നും ദി ഇന്റിപെന്റന്‍ഡ് പത്രം വെളിപ്പെടുത്തിയിട്ടുണ്ട്. സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശ ചരിത്രങ്ങളിലൊക്കെയും യുദ്ധം റിപോര്‍ട്ട് ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ വന്നിട്ടുണ്ട്. അത് പക്ഷേ, റഷ്യ-യുക്രൈന്‍ ചരിത്രം തന്നെ നാളെ മറ്റൊന്നാകുന്ന രീതിയില്‍ ആകുമോ എന്നതാണ് നിലവിലുള്ള ന്യൂസ് കവറേജുകള്‍ കാണുമ്പോഴുള്ള ആശങ്ക.

 

 

---- facebook comment plugin here -----

Latest