Uae
ദുബൈ; അഞ്ചിടങ്ങളിൽ ബഹുനില കാർ പാർക്കിംഗ് കെട്ടിടങ്ങൾ വരുന്നു
അഞ്ച് പാർക്കിംഗ് കെട്ടിടങ്ങളിൽ ഒന്ന് ബർ ദുബൈ സൂഖ് അൽ കബീറിൽ ഇതിനകം നിർമാണത്തിലാണ്.

ദുബൈ | തിരക്കേറിയ ചില വാണിജ്യ മേഖലകളിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ അഞ്ച് ബഹുനില കാർ പാർക്കിംഗ് കെട്ടിടങ്ങൾ നിർമിക്കുമെന്ന് പാർക്കിൻ കമ്പനി സി ഇ ഒ എൻജി. മുഹമ്മദ് അബ്ദുല്ല അൽ അലി അറിയിച്ചു.
അഞ്ച് പാർക്കിംഗ് കെട്ടിടങ്ങളിൽ ഒന്ന് ബർ ദുബൈ സൂഖ് അൽ കബീറിൽ ഇതിനകം നിർമാണത്തിലാണ്. അൽ സബ്കയിൽ ഡിസൈൻ ഘട്ടത്തിലാണ്. ഡൗൺടൗൺ ദുബൈ, ദേര തുടങ്ങിയ ഉയർന്ന ഡിമാൻഡുള്ള സ്ഥലങ്ങളിലാണ് സ്ഥാപിക്കുക.
ദുബൈയിൽ തിരക്കേറിയ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് കുറക്കാൻ ബഹുനില കാർ പാർക്കിംഗ് കെട്ടിടങ്ങൾ സഹായിക്കും. സ്മാർട്ട് പാർക്കിംഗ് ഇൻഫ്രാസ്ട്രക്ചറിനും സുസ്ഥിര നഗര ഗതാഗതത്തിനും വേണ്ടിയുള്ള പാർക്കിന്റെ പ്രതിബദ്ധതയാണ് ഈ കെട്ടിടങ്ങളുടെ നിർമാണം പ്രതിഫലിപ്പിക്കുന്നത്. നിലവിൽ ഊദ് മേത്ത, അൽ ജാഫിലിയ, ബനിയാസ്, നൈഫ്, അൽ ഗുബൈബ, അൽ സത്വ, അൽ റിഗ്ഗ എന്നീ ബഹുനില കാർ പാർക്കുകളിലായി 3,651 പാർക്കിംഗ് സ്ഥലങ്ങൾ പ്രവർത്തിപ്പിക്കുന്നു. ഉയർന്ന ഡിമാൻഡുള്ള സ്ഥലങ്ങളിൽ ഈ സൗകര്യങ്ങൾ തിരക്ക് കുറക്കുകയും പ്രവേശനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് അൽ അലി അഭിപ്രായപ്പെട്ടു. നഗരത്തിലെ ഏറ്റവും വലിയ പണമടച്ചുള്ള പൊതു പാർക്കിംഗ് സൗകര്യ ദാതാക്കളാണ് പാർകിൻ.