Connect with us

Web Series

കനലെരിഞ്ഞ് സിംഹള സാമ്രാജ്യം

ആഭ്യന്തര കലാപത്തില്‍ കത്തിയമരുകയാണ് ശ്രീലങ്ക. ഇന്ത്യൻ മഹാ സമുദ്രത്തിൽ ഒരു പൊട്ടായി കാണുന്ന ഈ കുഞ്ഞുരാജ്യം അരാജകത്വത്തിന്റെ പടുകുഴിയിലാണ്. സാമ്പത്തികമായും രാഷ്ട്രീയമായും തകര്‍ന്നടിഞ്ഞിരിക്കുന്നു ശ്രീലങ്ക. ഉണ്ണാനും ഉടുക്കാനുമില്ലാതെ ജനം തെരുവിലാണ് അവിടെ. പോരാട്ടങ്ങളുടെയും രക്തരൂക്ഷിത വിപ്ലവങ്ങളുടെയും ഒരുപാട് ചരിത്രങ്ങളുള്ള ശ്രീലങ്കക്ക് ഈ ദുരവസ്ഥ ഒരു സുപ്രഭാതത്തില്‍ വന്നുഭവിച്ചതല്ല. അവസരവാദിത്വ രാഷ്ട്രീയവും വര്‍ഗീയ പ്രീണനങ്ങളും മുതല്‍ അഴിമതി വരെ നീളുന്ന കാരണങ്ങളുണ്ട് അതിന് പിന്നില്‍... ■ കനലെരിഞ്ഞ് സിംഹള സാമ്രാജ്യം പരമ്പര ഇന്ന് മുതല്‍ വായിക്കാം...

Published

|

Last Updated

റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചിരുന്നു എന്ന പ്രയോഗം ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന പ്രയോഗങ്ങളിലൊന്നാണ്. ഈ പ്രയോഗം അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്നതാണ് നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയിലെ സമീപകാല ചിത്രങ്ങള്‍. ആഭ്യന്തര കലാപത്തില്‍ ഒരു രാജ്യം കത്തിയെരിയുമ്പോഴും ആഡംബര ജീവിതം നയിച്ച അവിടത്തെ പ്രസിഡന്റെ് ഗോട്ടബായ രജപക്‌സേ കലാപം രൂക്ഷമായപ്പോള്‍ കുടുംബസമേതം രാജ്യംവിട്ടു. പ്രതിഷേധക്കാര്‍ രാഷ്ട്രപതിയുടെ കൊട്ടാരം വളയുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് ഗോട്ടബയ സ്വന്തം തടികാത്ത് ആദ്യം മാലിദ്വീപിലേക്കും അവിടെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സിംഗപ്പൂരിലേക്കും രക്ഷപ്പെട്ടത്.

ഇതിന് പിന്നാലെ ജനം കൊട്ടാരം കൈയേറിയതും രാജ്യം കൂടുതല്‍ അരക്ഷിതാവസ്ഥയിലായതും പിന്നീട് കണ്ടു. രാജിവയ്ക്കാതെ രാജ്യം വിട്ട പ്രസിഡന്റ് താന്‍ സുരക്ഷിത താവളത്തില്‍ എത്തിയ ശേഷം രാജിക്കത്ത് ഇമെയില്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുകയും നിലവിലെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും ഒടുവിലെ ചിത്രം. വിക്രമസിംഗെയും പ്രതിഷേധക്കാരുടെ കണ്ണിലെ കരടായതിനാല്‍ ശ്രീലങ്കയിലെ കലാപം ഉടന്‍ അടങ്ങില്ലന്നെ് ഉറപ്പാണ്. ശ്രീലങ്കയില്‍ നിന്ന് ലോകത്തിനു പഠിക്കാന്‍ പാഠങ്ങളേറെയുണ്ട്. അധികം അകലയല്ലാത്ത ഇന്ത്യക്കും വിശദമായ ചില പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നുണ്ട് സിംഹളരാജ്യം.

രജപക്‌സേ യുഗത്തിന്റെ അന്ത്യനാളുകള്‍

ശ്രീലങ്കയില്‍ രജപക്സെ യുഗത്തിന്റെ അന്ത്യനാളുകള്‍ക്കാണു ലോകം സാക്ഷ്യം വഹിക്കുന്നത്. 2005ല്‍ മഹിന്ദ രജപക്സെ പ്രസിഡന്റായതോടെയാണ് രജപക്സെ കുടുംബം ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയരായത്. ശ്രീലങ്കയുടെ തെക്കന്‍ ജില്ലകളിലെ പ്രാദേശിക രാഷ്ട്രീയത്തില്‍ മാത്രം ശക്തികാട്ടിയിരുന്ന കുടംബമായിരുന്നു അത്.

ഒരു കാലഘട്ടത്തെ ഇളക്കി മറിച്ച ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് 2009ല്‍ എല്‍ടിടിഇയെ തകര്‍ക്കാന്‍ മഹിന്ദക്കു സാധിച്ചപ്പോള്‍ തന്ത്രപ്രധാന ചുമതലവഹിച്ചുകൊണ്ടാണ് ഇളയ അനുജന്‍ ഗോതാബയ രാജപക്സെ കരുത്തനായ നേതാവെന്ന പദവി നേടിയത്. ബുദ്ധ-സിംഹള ഭൂരിപക്ഷത്തിന്റെ പിന്തുണയില്‍ അധികാരത്തിലെത്തിയ മഹിന്ദ 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മൈത്രിപാല സിരിസേനയോട് തോറ്റു.

2019ല്‍ രജപക്സെ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ഗോതാബയ പ്രധാന അധികാരകേന്ദ്രമായി. എല്‍ ടി ടി ഇയെ അമര്‍ച്ച ചെയ്തതുമുതല്‍ ആരംഭിച്ച സാമ്പത്തിക ബാധ്യതകള്‍ രൂക്ഷമാകുന്ന നിലയുണ്ടായി. സാമ്പത്തിക രംഗത്തെ പിഴവുകളുടെ പരമ്പരയുണ്ടായി. ഇതു രാജ്യത്തെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുകയായിരുന്നു.

രാജ്യം കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങിയതോടെ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ച് നാവിക ആസ്ഥാനത്ത് അഭയംതേടി. അപ്പോഴും ഗോതാബയ അധികാരത്തില്‍ തുടര്‍ന്നു. വന്‍ ഭൂരിപക്ഷം നല്‍കി അധികാരത്തിലേറ്റിയ സ്വന്തം ജനതയില്‍നിന്ന് രക്ഷപ്പെടാന്‍ വഴിയില്ലാതെ ഒടുവില്‍ അദ്ദേഹത്തിനു കുടുംബസമേതം രാജ്യത്തുനിന്ന് ഒളിച്ചു കടക്കേണ്ടിവന്നു.

ഈ മാസം ഒമ്പതിന് ജനം പ്രസിഡന്റിന്റെ കൊട്ടാരം കൈയേറുന്നതിന് തൊട്ടുമുമ്പായിരുന്നു ആ ഒളിച്ചോട്ടം. കുടുംബത്തോടൊപ്പം അമേരിക്കയിലേക്കു കടക്കാനായിരുന്നു നീക്കം. അമേരിക്ക വിസ നിഷേധിച്ചതോടെ ദുബൈയിലേക്കു പറക്കാന്‍ നോക്കി. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം നിസ്സഹകരിച്ചതോടെ ആ നീക്കവും നടന്നില്ല. തുടര്‍ന്ന് കപ്പലില്‍ നാടുവിടാനായി ശ്രമം. സുരക്ഷിതമായി രാജ്യം വിടാന്‍ അനുവദിച്ചാല്‍ രാജിവയ്ക്കാമെന്ന ഉപാധിയും മുന്നോട്ടുവച്ചു.

പ്രക്ഷോഭകര്‍ തനിക്കു മരണം വിധിച്ചേക്കുമെന്നു ഭയന്ന ആ ഭരണാധികാരി പ്രത്യേക വ്യോമസനോ വിമാനത്തില്‍ കയറി മാലദ്വീപിലേക്ക് കടക്കുകയായിരുന്നു. ശ്രീലങ്കന്‍ ഭരണഘടനയുടെ സുരക്ഷയും വിദേശ രാജ്യങ്ങളില്‍ കിട്ടിയേക്കാവുന്ന പരിഗണനയും കരുതിയാണ് അദ്ദേഹം ആദ്യഘട്ടത്തില്‍ രാജിവയ്ക്കാതിരുന്നത്. ഭരണപക്ഷത്തില്‍നിന്നു തന്നെ ഗോതാബയക്കെതിരെ എതിര്‍പ്പു ശക്തമാണ്. അതിനാല്‍ ജീവന്‍ നഷ്ടപ്പെടുമോ തടങ്കലിലാകുമോ എന്ന ഭയവും അദ്ദേഹത്തിനുണ്ടായിരന്നു.

സാമ്പത്തിക തകര്‍ച്ച

വിനോദ സഞ്ചാരമായിരുന്നു രാജ്യത്തെ വിദേശ നാണയ ശേഖരം ഉയര്‍ത്തിയത്. 2019 ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടനം ടൂറിസത്തെ തകര്‍ത്തു. തുറമുഖം, വിമാനത്താവളം എന്നിവയുടെ വികസനത്തിനായി എടുത്ത വിദേശവായ്പകള്‍ തിരിച്ചയ്ക്കാനാകാതെവന്നു. അപ്പോഴും ജനപ്രീതി ലക്ഷ്യമിട്ട് വലിയ നികുതിയിളവ് പ്രഖ്യാപിക്കുകയായിരുന്നു ഭരണകൂടം.

കോവിഡ് അടച്ചിടല്‍ ലോകത്തെ മുഴുവന്‍ ഉലച്ചതിന്റെ ആഘാതം ശ്രീലങ്കയിലുമുണ്ടായി. വിദേശ നാണ്യ കരുതല്‍ ശേഖരം വറ്റിയതോടെ കാര്‍ഷിക മേഖലയുടെ നട്ടെല്ലായ രാസവളം പോലും ഇറക്കുമതി ചെയ്യാന്‍ കഴിയാതെ വന്നു. ഇതോടെ ജൈവ കൃഷിയിലേക്കു തിരിയാനുള്ള ആഹ്വാനമുണ്ടായി. ഇറക്കുമതികളെല്ലാം തടസ്സപ്പെട്ടതോടെ ഭക്ഷണം, പാചകവാതകം, ഇന്ധനം, മരുന്ന് തുടങ്ങിയവയ്ക്കെല്ലാം ക്ഷാമമുണ്ടായി. അസ്വസ്ഥരായി ജനം തെരുവിലിറങ്ങിയത് ഈ ഘട്ടത്തിലാണ്.

കേരളത്തിലുള്ളതിന്റെ 63 ശതമാനത്തോളം മാത്രം ജനസംഖ്യയാണ് ഈ ദ്വീപ് രാഷ്ട്രത്തിലുള്ളത്. ബ്രീട്ടീഷ് കോളനി ഭരണത്തില്‍ നിന്നു സ്വാതന്ത്ര്യം നേടുമ്പോള്‍ ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടി തൊട്ടുടത്ത വര്‍ഷം തന്നെ ശ്രീലങ്കയും സ്വതന്ത്രയാമായിരുന്നു. ഭരണകൂടം നടപ്പാക്കിയ വംശീയ വിഭജനവും നവ ഉദാര സാമ്പത്തിക നയങ്ങളും പതിയെപ്പതിയെ ശ്രീലങ്കയെ സാമ്പത്തിക കുഴപ്പത്തിലേക്കു തള്ളിവിടുകയായിരുന്നു.

കാലങ്ങള്‍ നീണ്ട ആഭ്യന്തരയുദ്ധം സാമ്പത്തിക സ്ഥിതിയില്‍ വലിയ ആഘാതമേല്‍പ്പിച്ചു. 2009ല്‍ എല്‍ ടി ടി ഇയെ ഉന്മൂലനം ചെയ്തതോടെശ്രീലങ്ക സാമ്പത്തികമായി മെച്ചപ്പെടുമെന്ന പ്രതീക്ഷയായിരുന്നു. വന്‍ ജന പിന്‍തുണയോടെ അധികാരം കുടുംബ സ്വത്താക്കി മാറ്റിയവര്‍ വെറുക്കപ്പെട്ടവരാകാന്‍ അധികം കാലം വേണ്ടിവന്നില്ല.

തിരിച്ചടിയായി നവ ഉദാരനയങ്ങള്‍

ലോകത്താദ്യമായി ഒരു സ്ത്രീയെ പ്രധാനമന്ത്രിയാക്കി ചരിത്രം സൃഷ്ടിച്ച രാജ്യമാണു ശ്രീലങ്ക. 1960ലായിരന്നു അത്. സിരിമാവോ ബണ്ഡാരനായകെയുടെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍ അഞ്ച് വര്‍ഷം കഴിഞ്ഞ് പുറത്തായി. എന്നാല്‍, ഇക്കാലത്തിനിടെ അവര്‍ പെട്രോളിയം കമ്പനികളടക്കം ദേശസാല്‍ക്കരിച്ചത് അമേരിക്കയുടെയും ബ്രിട്ടന്റെയും മറ്റും ശത്രുതയ്ക്കിടയാക്കി.

സിരിമാവോ ബണ്ഡാരനായകെ

പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കിവന്ന സഹായങ്ങള്‍ നിര്‍ത്തലാക്കിയത് ശ്രീലങ്കയെ റഷ്യയോടും ചൈനയോടും അടുപ്പിച്ചു. 1965ല്‍ അവര്‍ അധികാരത്തില്‍ തിരിച്ചെത്തി. ലങ്കന്‍ തമിഴരില്‍ 60 ശതമാനം പേരെ ഇന്ത്യയില്‍ പുനരധിവസിപ്പിക്കുന്നതിന് സിരിമാവോയുടെ സര്‍ക്കാര്‍ ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു. 1970ല്‍ അധികാരത്തില്‍ തിരിച്ചെത്തിയപ്പോഴും സുപ്രധാന തീരുമാനങ്ങള്‍ക്ക് സിരിമാവോ നേതൃത്വം നല്‍കി. രാജ്യത്തെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചതും ബ്രിട്ടീഷുകാര്‍ നല്‍കിയ സിലോണ്‍ എന്ന പേര് ശ്രീലങ്ക എന്നാക്കിയതും 72ലാണ്. രാജ്യത്തെ ഏറ്റവും വലിയ പത്രമായ ലേക്ഹൗസ് ദേശസാല്‍ക്കരിച്ചതടക്കം ഇവരുടെ ചില നടപടികള്‍ എതിരാളികളെ ഒന്നിപ്പിച്ചു.

ജെ ആര്‍ ജയവര്‍ധനെ

1977ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച ജെ ആര്‍ ജയവര്‍ധനെ സര്‍ക്കാരാണ് ശ്രീലങ്കയെ ഇന്നത്തെ പതനത്തിലേക്ക് നയിച്ച നവ ഉദാരനയങ്ങള്‍ക്ക് തുടക്കമിട്ടത്. അതോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെല്ലാം കമ്പോളത്തിന്റെ താല്‍പ്പര്യത്തിനനുസരിച്ചായി. തമിഴ് വിരുദ്ധ നയങ്ങള്‍ തീവ്രമാക്കാന്‍ തുടങ്ങി. ഒരു വശത്ത് ജനങ്ങളുടെ ദുരിതം വര്‍ധിച്ചപ്പോള്‍ മറുവശത്ത് വംശീയ സംഘര്‍ഷം രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ചു. 78ല്‍ രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ ഭരണവ്യവസ്ഥയിലേക്ക് മാറ്റുന്ന ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു. തമിഴരെ അടിച്ചമര്‍ത്തുന്നത് വഴി സിംഹളഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കി യു എന്‍ പി തുടര്‍ച്ചയായി 16 വര്‍ഷം ഭരിച്ചു.

ചന്ദ്രിക കുമാരതുംഗെ

തുടര്‍ന്നു എസ് എല്‍ എഫ് പി നേതാവ് ചന്ദ്രിക കുമാരതുംഗെ പ്രസിഡന്റായി. ചന്ദ്രികയ്ക്ക് കീഴില്‍ അമ്മ സിരിമാവോ പ്രധാനമന്ത്രിയായി. സാമ്പത്തികനയത്തില്‍ അമ്മയുടെ സോഷ്യലിസ്റ്റ് നയങ്ങള്‍ക്ക് വിരുദ്ധമായി എതിരാളികളായ യു എന്‍ പി തുടങ്ങിവച്ച നവ ഉദാരനയങ്ങള്‍ തുടരുകയാണ് ചന്ദ്രിക ചെയ്തത്.

ചന്ദ്രികയുടെ കീഴില്‍ മന്ത്രിയും പ്രധാനമന്ത്രിയുമായാണ് മഹിന്ദ രജപക്‌സെ ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്. 2005ല്‍ എസ് എല്‍ എഫ്പിയുടെ സ്ഥാനാര്‍ഥിയായി മഹിന്ദ പ്രസിഡന്റായതെങ്കിലും വലതുപക്ഷ യു എന്‍ പിയെ അമ്പരപ്പിച്ച വംശീയ നിലപാടാണ് തമിഴ്പ്രശ്‌നത്തില്‍ സ്വീകരിച്ചത്. നാല് വര്‍ഷത്തിനകം എല്‍ ടി ടി ഇയെ തകര്‍ത്തെങ്കിലും ഇതിനിടെയുണ്ടായ നിഷ്ഠുരമായ അതിക്രമങ്ങള്‍ ലോകമെങ്ങും വിമര്‍ശിക്കപ്പെട്ടു. ഇതിനോടൊപ്പം നവഉദാര സാമ്പത്തിക നയങ്ങളും തീവ്രമാക്കി. പ്രസിഡന്റ് സ്ഥാനത്ത് രണ്ടുതവണ എന്ന പരിധി മഹിന്ദ ഭരണഘടനാഭേദഗതിയിലൂടെ നീക്കിയെങ്കിലും 2015ല്‍ മൂന്നാം വട്ടത്തിനുള്ള മത്സരത്തില്‍ പരാജയപ്പെട്ടു.

എൽ ടി ടി ഇ നേതാവ് വേലുപ്പിള്ളെെ പ്രഭാകരനും സംഘവും

എസ് എല്‍ എഫ് പിയെ കുടുംബസ്വത്താക്കി മാറ്റാന്‍ ശ്രമിച്ച രജപക്‌സെമാര്‍ പിന്നീട് അതിനെ പിളര്‍ത്തി ശ്രീലങ്ക പൊതുജന പെരമുന(എസ്എല്‍ പി പി) ഉണ്ടാക്കി അധികാരത്തില്‍ തിരിച്ചുവന്നു. 2019ല്‍ ഗോതാബയ രജപക്‌സെ പ്രസിഡന്റും അടുത്തവര്‍ഷം മഹിന്ദ പ്രധാനമന്ത്രിയുമായി. ബുദ്ധക്ഷേത്രത്തിലായിരുന്നു മഹിന്ദയുടെ സത്യപ്രതിജ്ഞ. മതപരവും വംശീയവുമായ പ്രതീകങ്ങള്‍ തുടര്‍ന്നും ഉപയോഗിച്ചു.

എന്നാല്‍, ജനങ്ങള്‍ ആ വംശീയക്കെണിയില്‍ വീണില്ല. ഭൂരിപക്ഷ സിംഹളര്‍ക്കൊപ്പം ന്യൂനപക്ഷ വിഭാഗക്കാരായ തമിഴരും മുസ്ലിങ്ങളും കൈകോര്‍ത്താണ് രജപക്‌സെമാരെ പുറത്താക്കിയത്. നവഉദാര നയങ്ങള്‍ സൃഷ്ടിച്ച ദുരിതങ്ങളാണ് ആത്യന്തികമായി ശ്രീലങ്കയെ തകര്‍ത്തത്. അതിനെതിരായ ജനങ്ങളുടെ ഐക്യമാണ് ഇപ്പോള്‍ തെരുവില്‍ കാണുന്നത്.

(പരമ്പര തുടരും)

രണ്ടാം ഭാഗം| രക്തക്കറപുരണ്ട അധികാരം; കൂട്ടക്കുരുതിയുടെ നാളുകൾ

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest