Connect with us

Kerala

പിഎം ശ്രീയില്‍ സമവായം; സിപിഐയുടെ എതിര്‍പ്പ് കണക്കിലെടുത്ത് പദ്ധതി തല്‍ക്കാലം മരവിപ്പിക്കാമെന്ന് സിപിഎം

നവംബര്‍ രണ്ടാം തീയതി ഇടതുമുന്നണി യോഗം ചേരാനും ധാരണയായിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം| പിഎം ശ്രീ പദ്ധതിയില്‍ സമവായം. സിപിഐയുടെ എതിര്‍പ്പ് കണക്കിലെടുത്ത് പിഎം ശ്രീ പദ്ധതി തല്‍ക്കാലം മരവിപ്പിക്കാമെന്ന് തീരുമാനിച്ച് സിപിഎം നേതൃത്വം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് സര്‍ക്കാര്‍ കത്തയക്കും. പിഎം ശ്രീ പദ്ധതിയുടെ പല മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും കേരളത്തിന് അംഗീകരിക്കാനാകില്ല. അതില്‍ ഇളവു വേണം. എങ്കില്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകൂ എന്നു ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള കത്തയക്കാനാണ് തീരുമാനമായത്. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ഉപസമിതി രൂപീകരിക്കും.

നവംബര്‍ രണ്ടാം തീയതി ഇടതുമുന്നണി യോഗം ചേരാനും ധാരണയായിട്ടുണ്ട്. ഈ യോഗത്തില്‍ പദ്ധതിയില്‍ എന്തെല്ലാം മാനദണ്ഡങ്ങളിലാണ് മാറ്റം വേണ്ടത്, എന്തെല്ലാം കാര്യങ്ങളില്‍ ഇളവ് വരുത്തണം എന്നീ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ തുടര്‍നടപടികളില്‍ തീരുമാനമെടുക്കുക. ഇക്കാര്യം എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ അറിയിച്ചു. സിപിഎമ്മിന്റെ സമവായ നിര്‍ദേശങ്ങള്‍ സിപിഐ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് വൈകിട്ട് 3.30 ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കും.

പി എം ശ്രീയില്‍ പ്രശ്നപരിഹാരം ലക്ഷ്യമിട്ട് രാവിലെ മുഖ്യമന്ത്രിയും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ എന്നിവര്‍ കൂടിയാലോചന നടത്തിയിരുന്നു. തുടര്‍ന്ന് എംഎ ബേബി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് മൂന്നു നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത് നല്‍കി. പിഎം ശ്രീ പദ്ധതി പരിശോധിക്കാന്‍ ഉപസമിതി രൂപീകരിക്കാം. സമിതി വിലയിരുത്തുന്നതുവരെ പദ്ധതി നടപ്പാക്കുന്നത് മരവിപ്പിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള കത്ത് എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാമെന്നും സിപിഐ നേതൃത്വത്തെ എംഎ ബേബി അറിയിക്കുകയായിരുന്നു.

 

 

Latest