Connect with us

Kerala

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ പിഴവ് കാരണം രോഗി മരിച്ചെന്ന് കുടുംബം; പോലീസില്‍ പരാതി നല്‍കി.

പരിശോധനയ്ക്കിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വിശദീകരണം.

Published

|

Last Updated

കോട്ടയം| കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ പിഴവ് കാരണം രോഗി മരിച്ചെന്ന് പരാതി നല്‍കി കുടുംബം. ഗര്‍ഭാശയ സംബന്ധമായ പരിശോധനയ്‌ക്കെത്തിയ കോതനല്ലൂര്‍ സ്വദേശി ശാലിനി അംബുജാക്ഷ(49)നാണ് മരിച്ചത്. അമിതമായി മരുന്ന് കൊടുത്തതാണ് ശാലിനിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് ആരോപിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പരിശോധനയ്ക്കിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഔദ്യോഗിക വിശദീകരണം.

ഗര്‍ഭാശയ സംബന്ധമായ അസുഖത്തിന് ഒരു മാസം മുമ്പാണ് ശാലിനി അംബുജാക്ഷന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയത്. അന്ന് പ്രാഥമിക പരിശോധനകള്‍ നടത്തി. വിശദമായ ഡിആന്‍ഡ്‌സി പരിശോധനയ്ക്കായി ഇക്കഴിഞ്ഞ ബുധനാഴ്ച എത്താന്‍ നിര്‍ദേശിച്ചു. മരുമകള്‍ മിഥിലയ്‌ക്കൊപ്പം ബുധനാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ എത്തി. ഏഴ് മണിയോടെ ശാലിനിയ്ക്ക് പരിശോധനയുടെ ഭാഗമായുള്ള മരുന്ന് നല്‍കി. സ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്കും വെന്റിലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശാലിനിയ്ക്ക് അമിതമായി മരുന്ന് കൊടുത്തതാണ് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലും കടുത്തുരുത്തി സ്റ്റേഷനിലും കുടുംബം പരാതി നല്‍കി. അതേസമയം ചികിത്സ പിഴവ് ഉണ്ടാിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. ഡിആന്‍ഡ്‌സി പരിശോധനയ്ക്ക് മരുന്ന് നല്‍കിയതിന് പിന്നാലെ ശാലിനിയ്ക്ക് ആറ് തവണ ഹൃദയാഘാതമുണ്ടായി. ഇതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ശാലിനിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രി സൂപ്രണ്ട് സമഗ്ര അന്വേഷണം നടത്താന്‍ ആഭ്യന്തര സമിതിയെ നിയോഗിച്ചിട്ടുണ്ട്.

 

Latest