Uae
ഹോട്ടലുകൾക്ക് ഈ വർഷം 40 ബില്യൺ ദിർഹം വരുമാനം
26.1 ദശലക്ഷം അതിഥികളെത്തി
അബൂദബി|2025 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള പത്ത് മാസത്തിനുള്ളിൽ രാജ്യത്തെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖല 40 ബില്യൺ ദിർഹം വരുമാനം നേടി. എമിറേറ്റ്സ് ടൂറിസം കൗൺസിൽ യോഗത്തിലാണ് സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി ഇക്കാര്യം അറിയിച്ചത്. മേഖലയുടെ കരുത്തും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കായുള്ള ആവശ്യകതയുമാണ് ഇത് തെളിയിക്കുന്നത്.
2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധനയോടെ 26.1 ദശലക്ഷം അതിഥികളെ ഹോട്ടലുകൾ സ്വീകരിച്ചു. 89 ദശലക്ഷത്തിലധികം ഹോട്ടൽ രാത്രികൾ രേഖപ്പെടുത്തി. ആറ് ശതമാനമാണ് ഇതിലെ വർധന. ഒക്യുപെൻസി നിരക്ക് 79.3 ശതമാനമായി ഉയർന്നു. സുസ്ഥിര വളർച്ച തുടരാനുള്ള മേഖലയുടെ ശേഷിയാണ് വരുമാന വർധന സൂചിപ്പിക്കുന്നത്.
പ്രാദേശിക ടൂറിസം അതോറിറ്റികളുടെ മേധാവികളുടെയും ഡയറക്ടർ ജനറൽമാരുടെയും സാന്നിധ്യത്തിലായിരുന്നു യോഗം. ടൂറിസം ഭരണം വികസിപ്പിക്കൽ, ഡാറ്റ സിസ്റ്റം മെച്ചപ്പെടുത്തൽ, മേഖലയുടെ സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയായി.



