Editors Pick
വെള്ളിത്തിരയില്‍ സ്വന്തം വ്യാകരണം സൃഷ്ടിച്ച പ്രതിഭാശാലി
മലയാളി ജീവിതത്തിലെ വൈരുധ്യങ്ങളും കാപട്യങ്ങളും തന്നെയായിരുന്നു ആ പ്രതിഭാശാലിയുടെ അസംസ്‌കൃത വസ്തു
മലയാള സാഹിത്യത്തിന് വൈക്കം മുഹമ്മദ് ബഷീര്‍ എങ്ങനെയാണോ മലയാള സിനിമക്ക് അങ്ങനെയാണ് ശ്രീനിവാസന്‍. ജീവിതത്തെ കലയിലേക്ക് പകര്‍ത്തുന്നതില്‍ ശ്രീനിവാസന്‍ വെള്ളിത്തിരയില്‍ തന്റേതായ ഒരു ഭാഷയും വ്യാകരണവും ഉണ്ടാക്കി.
മലയാളി ജീവിതത്തിലെ വൈരുധ്യങ്ങളും കാപട്യങ്ങളും തന്നെയായിരുന്നു ആ പ്രതിഭാശാലിയുടെ അസംസ്‌കൃത വസ്തു. പരിഹാസത്തിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍കൊണ്ടു വെള്ളിത്തിരയില്‍ അദ്ദേഹം വരച്ചിട്ട ദൃശ്യങ്ങള്‍ കാലാതിവര്‍ത്തിയായി. മികച്ച നടനായിരിക്കെ തന്നെ തിരക്കഥയിലും സംവിധാനത്തിലും അദ്ദേഹം ഉന്നതമായ ഇടം കണ്ടെത്തി. ശ്രീനിവാസന്‍ സിനിമകളില്‍ സാധാരണ മനുഷ്യര്‍ നാട്യങ്ങളില്ലാതെ പ്രത്യക്ഷപ്പെട്ടു. അഞ്ചു പതിറ്റാണ്ടിനടുത്ത സിനിമാ ജീവിതത്തില്‍ നിന്ന് അദ്ദേഹം വിടവാങ്ങുമ്പോള്‍ മലയാള സിനിമയ്ക്ക് അത് കനത്ത നഷ്ടമാണ്.
തൊഴിലില്ലായ്മ, ദാരിദ്ര്യം പോലെ പൊള്ളിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ കൊണ്ട് ചിരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ശ്രീനിവാസന്റെ സിദ്ധി. ചാര്‍ലി ചാപ്ലിന്റെ രാഷ്ട്രീയ ജനുസില്‍പ്പെട്ടയാളാണ് താനെന്ന് ശ്രീനിവാസന്‍ നിരന്തരം ഓര്‍മിപ്പിച്ചു. എഴുതിപ്പൂര്‍ത്തീകരിക്കാത്ത തിരക്കഥയുമായിവന്ന് സെറ്റില്‍ വച്ച് സീനുകള്‍ എഴുതിയുണ്ടാക്കി ജീവിതത്തെ പകര്‍ത്തി അമ്പരപ്പിക്കുകയായിരുന്നു പലപ്പോഴും അദ്ദേം.
സന്ദേശം പോലുള്ള ഒരു സിനിമ മലയാളിയുടെ ഇടതു രാഷ്ട്രീയ വിമര്‍ശനത്തെ നിരന്തരം ഹരം കൊള്ളിച്ചുകൊണ്ടിരിക്കുന്നു. അതിലെ സംഭാഷണ ശകലങ്ങള്‍ പലരുടേയും രാഷ്ട്രീയ വിമര്‍ശനത്തിന്റെ താക്കോലായി മാറുന്നു. തൊഴില്‍ രഹിതരായ ദാസനും വിജയനും ചേര്‍ന്നു സൃഷ്ടിച്ച വെള്ളിത്തിരയിലെ ചിരി ഒരു കാലത്തെ യുവതയുടെ ജീവിതത്തിന്റെ പരിച്ഛേദമായിരുന്നു. വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍ മനോ വിശകലനത്തിന്റെ ഗൗരവതരമായ വിഷയത്തെയാണ് ചിരിയിലൂടെ വരച്ചു കാട്ടിയത്. ചിന്താവിഷ്ടയായ ശ്യാമളയും ചിരിയുടെ മേമ്പൊടി ചാര്‍ത്തി മനുഷ്യന്റെ ആന്തരിക ജീവിതത്തെയാണ് തുറന്നു കാട്ടിയത്. തമാശകളിലൂടെ ജീവിത യാഥാര്‍ഥ്യത്തിന്റെ ആഴങ്ങളിലേക്ക് അനായാസേന അദ്ദേഹം ഇറങ്ങിച്ചെന്നു.
ശ്രീനിവാസന്‍ വെള്ളിത്തിരയില്‍ പറഞ്ഞ അനേകം സംഭാഷണ ശകലങ്ങള്‍ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. അനേകം വികാരങ്ങളെ പ്രകടിപ്പിക്കാന്‍ മലയാളിക്ക് ആ ഒരൊറ്റ ഡയലോഗ് കൊണ്ടു സാധിക്കുമായിരുന്നു. വെള്ളിത്തിരയില്‍ നിന്നു ജനഹൃദയങ്ങളിലേക്ക് ചാട്ടുളിപോലെ വന്നു പതിച്ച അത്തരം സംഭാഷണങ്ങളെല്ലാം അദ്ദേഹത്തിന്റെ തന്നെ തൂലികയില്‍ പിറന്നതായിരുന്നു.
സഹനടന്‍ ആണെങ്കിലും വെള്ളിത്തിരയില്‍ പലപ്പോഴും നായകന്മാരെ പിന്നിലാക്കുന്ന പ്രകടനങ്ങളാണ് അദ്ദേഹം കാഴ്ച വച്ചത്. കോമഡി വേഷങ്ങളിലായിരുന്നു തിളങ്ങിയതെങ്കിലും നായകനായും ഉപനായകനായും സ്വഭാവ നടനായും ശ്രീനിവാസന്‍ നിറഞ്ഞു നിന്നു. സംഭാഷണത്തിനും മുഖത്തു വിരിയുന്ന ഭാവങ്ങള്‍ക്കും അപ്പുറം മാനറിസങ്ങള്‍കൊണ്ടുതന്നെ ശ്രീനി അഭിനയത്തിന്റെ അനന്ത സാധ്യതകള്‍ പ്രകടമാക്കി.
വെള്ളിത്തിരയില്‍ ശ്രീനിവാസന്‍ എന്ന പ്രതിഭാശാലി അവശേഷിപ്പിക്കുന്ന ശൂന്യത അങ്ങിനെ തന്നെ തുടരും. മക്കളായ വിനീതും ധ്യാനും പിന്തുടര്‍ച്ചക്കാരായി ഉണ്ടെങ്കിലും ശ്രീനിവാസന്‍ വെട്ടിത്തുറന്ന വഴി സവിശേഷമായിത്തന്നെ നിലനില്‍ക്കും.



