Kerala
കൊച്ചിയില്‍ വിമാനമിറങ്ങിയ യുവാവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി ഉപേക്ഷിച്ചു
ദുബൈല്‍ നിന്ന് മടങ്ങിയെത്തിയ കാസര്‍കോട് കിഴക്കേക്കര തവയ്ക്കല്‍ മന്‍സിലില്‍ മുഹമ്മദ് ഷാഫി (40)യെയാണ് സ്വര്‍ണം പൊട്ടിക്കല്‍ സംഘം തട്ടിക്കൊണ്ടുപോയത്
കൊച്ചി | ദുബൈല്‍ നിന്ന് മടങ്ങിയെത്തിയ യുവാവിനെ കൊച്ചി വിമാനത്താവളത്തിന് സമീപത്ത് നിന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു. കാസര്‍കോട് കിഴക്കേക്കര തവയ്ക്കല്‍ മന്‍സിലില്‍ മുഹമ്മദ് ഷാഫി (40)യെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നില്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണെന്നാണ് സംശയിക്കുന്നത്.
ആറംഗ സംഘമാണ് യുവാവിനെ കാറില്‍ കയറ്റി മര്‍ദിച്ച ശേഷം മൊബൈല്‍ ഫോണും സാധനങ്ങളും അടങ്ങിയ ബാഗ് തട്ടിയെടുത്ത ശേഷം വഴിയില്‍ തള്ളിയത്. കാറില്‍ പല സ്ഥലങ്ങളിലൂടെ കറങ്ങിയ സംഘം മര്‍ദ്ദനം തുടരുകയും കുറെ സമയത്തിന് ശേഷം യുവാവിനെ ആലുവ പറവൂര്‍ കവലയില്‍ ഇറക്കി വിടുകയുമായിരുന്നു. ഉപദ്രവിച്ച കാര്യം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും സംഘം ഭീഷണിപ്പെടുത്തി. ദുബൈ അജ്മാനിലെ കഫറ്റീരിയയില്‍ ഡെലിവറി ബോയ് ആയാണ് ഷാഫി ജോലി ചെയ്യുന്നത്. 2024 മെയിലാണ് ഷാഫി അവസാനമായി നാട്ടിലെത്തി മടങ്ങിയത്. ആദ്യമായാണ് കൊച്ചി വിമാനത്താവളം വഴി നാട്ടിലേക്ക് വരുന്നതും.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഷാഫി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കൊച്ചിയിലിറങ്ങിയത്. ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ നിന്ന് പ്രീ-പെയ്ഡ് ടാക്‌സി കൗണ്ടറിലേക്ക് പോകുന്നതിനിടയില്‍ പിന്നില്‍ നിന്നു വന്ന മൂന്നു പേര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീട് ബലംപ്രയോഗിച്ച് കാറില്‍ കയറ്റി. മറ്റ് മൂന്ന് പേര്‍ കൂടെ കാറില്‍ ഉണ്ടായിരുന്നുവെന്ന് ഷാഫി പറയുന്നു.
ഒരു ലക്ഷം രൂപ വില വരുന്ന ഐഫോണും ഹാന്‍ഡ്ബാഗും സാധനങ്ങള്‍ കൊണ്ടുവന്ന പെട്ടിയും സംഘം കൈക്കലാക്കി. സ്വര്‍ണം എവിടെയെന്ന് ചോദിച്ചാണ് മര്‍ദനം തുടര്‍ന്നതെന്നും ഷാഫി പറഞ്ഞു. സംഭവത്തില്‍ നെടുമ്പാശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. വിമാനത്താവളത്തിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും.



