Connect with us

Ongoing News

ബി എൽ എസ് ഇന്റർനാഷണലിന്റെ വിലക്ക് ഹൈക്കോടതി റദ്ദാക്കി

ടെൻഡറുകളിൽ പങ്കെടുക്കാം

Published

|

Last Updated

ദുബൈ| വിസ, കോൺസുലാർ സേവന രംഗത്തെ പ്രമുഖ കമ്പനിയായ ബി എൽ എസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയിരുന്ന രണ്ട് വർഷത്തെ വിലക്ക് ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഇതോടെ മന്ത്രാലയവും വിദേശത്തുള്ള ഇന്ത്യൻ മിഷനുകളും ക്ഷണിക്കുന്ന ടെൻഡറുകളിൽ കമ്പനിക്ക് വീണ്ടും പങ്കെടുക്കാം.
സർക്കാർ കരാറുകളിൽ നിന്ന് വിലക്കിക്കൊണ്ട് ഈ വർഷം ഒക്ടോബർ 11-ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിനെതിരെ ബി എൽ എസ് നൽകിയ ഹർജിയിലാണ് കോടതി വിധി.

ഹൈക്കോടതി ഉത്തരവ് ലഭിച്ചതോടെ കമ്പനിക്കെതിരായ നിയമപരമായ തടസ്സങ്ങൾ നീങ്ങിയതായി ഡിസംബർ 18 വ്യാഴാഴ്ച പുറത്തിറക്കിയ റെഗുലേറ്ററി ഫയലിംഗിൽ കമ്പനി വ്യക്തമാക്കി. വിലക്ക് നീങ്ങിയ വാർത്തയെത്തുടർന്ന് ഡിസംബർ 19 വെള്ളിയാഴ്ച വിപണിയിൽ കമ്പനിയുടെ ഓഹരികൾ നേട്ടമുണ്ടാക്കി.

ഇന്ത്യൻ പാസ്പോർട്ട്, വിസ സേവനങ്ങളിൽ യു എ ഇയിലെ ഔദ്യോഗിക ഔട്ട്സോഴ്സിംഗ് പങ്കാളിയായ ബി എൽ എസിന്റെ വിലക്ക് പ്രവാസികളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. നിലവിൽ യു എ ഇയിലുടനീളം ബി എൽ എസ് സെന്ററുകൾ വഴി ലഭ്യമാകുന്ന പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ സേവനങ്ങൾ തടസ്സമില്ലാതെ തുടരാൻ കോടതി വിധി സഹായകമാകും.
2011 മുതൽ യു എ ഇയിൽ പ്രവർത്തിക്കുന്ന ബി എൽ എസ് ഇന്റർനാഷണൽ, 64 രാജ്യങ്ങളിലായി 46-ലധികം സർക്കാർ ക്ലയന്റുകൾക്ക് സേവനം നൽകുന്ന സ്ഥാപനമാണ്.