International
ആഞ്ഞടിച്ച് മെലിസ കൊടുങ്കാറ്റ്; ജമൈക്കയില്‍ വ്യാപക നാശം
ചുഴലിക്കാറ്റ് ഇപ്പോള്‍ ജമൈക്കയില്‍ നിന്ന് മാറി കിഴക്കന്‍ ക്യൂബയിലേക്ക്
കിങ്സ്റ്റണ്‍| മെലിസ കൊടുങ്കാറ്റ് ആഞ്ഞടിച്ച് ജമൈക്കയില്‍ കനത്ത നാശനഷ്ടം. 295 കിലോമീറ്റര്‍ വേഗതയിലാണ് മെലിസ വീശിയടിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് തെക്കുപടിഞ്ഞാറന്‍ ജമൈക്കയില്‍ കാറ്റഗറി 5 കൊടുങ്കാറ്റായ മെലിസ കര തൊട്ടത്. ശക്തമായ കാറ്റും, പേമാരിയും, കൊടുങ്കാറ്റുമുണ്ടായി. തുടര്‍ന്ന് വീടുകളും സ്‌കൂളുകളും ആശുപത്രി കെട്ടിടങ്ങളും തകര്‍ന്നുവീണു. റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. സെന്റ് എലിസബത്ത് ഇടവകയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ടത്. കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായി പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ് പറഞ്ഞു.
മേഖലയിലെ സ്‌കൂളുകള്‍, ആശുപത്രികള്‍, വീടുകള്‍ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ദുരന്ത നിവാരണ, അടിയന്തര മാനേജ്‌മെന്റ് ഓഫീസ് ഡയറക്ടര്‍ ജനറല്‍ റിച്ചാര്‍ഡ് തോംസണ്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, യുഎസ് നാഷണല്‍ ഹരിക്കേന്‍ സെന്ററിന്റെ (എന്‍എച്ച്‌സി) ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് മെലിസ 125 എംപിഎച്ച് (200 കെഎം/എച്ച്) വേഗതയില്‍ വീശിയടിച്ച കാറ്റഗറി 3 ചുഴലിക്കാറ്റായി ദുര്‍ബലപ്പെട്ടു. ചുഴലിക്കാറ്റ് ഇപ്പോള്‍ ജമൈക്കയില്‍ നിന്ന് മാറി കിഴക്കന്‍ ക്യൂബയിലേക്ക് നീങ്ങുകയാണ്. നിലവില്‍, ക്യൂബയിലെ ഗ്വാണ്ടനാമോയില്‍ നിന്ന് ഏകദേശം 160 മൈല്‍ തെക്കുപടിഞ്ഞാറായാണ് മെലിസയുള്ളത്.


