Connect with us

Web Series

രക്തക്കറപുരണ്ട അധികാരം; കൂട്ടക്കുരുതിയുടെ നാളുകൾ

രാജപക്സെ കുടുംബത്തിന്റെ യാത്രയില്‍ പതിഞ്ഞ നിരപരാധികളുടെ രക്തക്കറ കഴുകിക്കളയാന്‍ മൂന്നു കടലുകളിലെയും വെള്ളം മതിയാവില്ല. പ്രസിഡന്റായ മഹിന്ദ എടുത്ത സുപ്രധാന തീരുമാനം തമിഴ് പുലികളെ അടിച്ചമര്‍ത്തുക എന്നതായിരുന്നു. അതിന് ചുക്കാന്‍ പിടിക്കാനുള്ള ചുമതല അദ്ദേഹം സഹോദരൻ ഗോട്ടാബയയെ എല്‍പ്പിക്കുകയും ചെയ്തു. 'കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി' എന്നു പറഞ്ഞപോലെ തമിഴ്പുലികളെ വേരോടെ പിഴുതെറിയാന്‍ അദ്ദേഹം കച്ചമുറുക്കി. എന്തും ചെയ്തുകൊള്ളാനുള്ള അനുവാദം സഹോദരനില്‍ നിന്ന് കിട്ടിയതോടെ വീണ്ടുവിചാരമില്ലാത്ത മനുഷ്യക്കുരുതിക്ക് വഴിയൊരുങ്ങി. ■ കനലെരിഞ്ഞ് സിംഹള സാമ്രാജ്യം പരമ്പരയുടെ രണ്ടാം ഭാഗം

Published

|

Last Updated

ഏകാധിപത്യത്തിലേക്കു നടന്നു നീങ്ങിയ രാജപക്സെ കുടുംബത്തിന്റെ യാത്രയില്‍ പതിഞ്ഞ നിരപരാധികളുടെ രക്തക്കറ കഴുകിക്കളയാന്‍ മൂന്നു കടലുകളിലെയും വെള്ളം മതിയാവില്ല. സ്വന്തം മണ്ണുവിട്ടോടി പ്രവാസ നാട്ടില്‍ നിന്നു രാജി പ്രഖ്യാപിക്കേണ്ടിവന്ന ഗോട്ടാബയ രാജപാക്‌സെ ശ്രീലങ്കന്‍ രാഷ്ട്രീയത്തിലേക്ക് നൂലില്‍ കെട്ടിയറക്കപ്പെട്ടയാളാണ്.

മിലിട്ടറിയില്‍ ലെഫ്റ്റനന്റ് കേണല്‍ വരെ ആയി വിരമിച്ച ശേഷം വിദേശത്തായിരുന്നു ജോലി. ലോസ് എന്‍ജെലസിലെ ലയോള ലോ സ്‌കൂളില്‍ സിസ്റ്റംസ് ഇന്റഗ്രേറ്റര്‍ ആയും യൂണിക്സ് സൊളാരിസ് അഡ്മിനിസ്ട്രേറ്റര്‍ ആയും ജോലി ചെയ്തു. 2005 ല്‍ സഹോദരന്‍ മഹിന്ദ രാജപക്‌സെയുടെ പ്രസിഡന്‍ഷ്യല്‍ ക്യാമ്പയിന്‍ മാനേജരായിട്ടാണ് തിരികെയെത്തിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രസിഡണ്ടായ മഹിന്ദ, സഹോദരന്‍ ഗോട്ടാബയയെ പ്രതിരോധ വകുപ്പിലെ സ്ഥിരം സെക്രട്ടറിയായി നിയമിച്ചു.

പ്രസിഡന്റായ മഹിന്ദ എടുത്ത സുപ്രധാന തീരുമാനം തമിഴ് പുലികളെ അടിച്ചമര്‍ത്തുക എന്നതായിരുന്നു. അതിന് ചുക്കാന്‍ പിടിക്കാനുള്ള ചുമതല അദ്ദേഹം ഗോട്ടാബയയെ എല്‍പ്പിക്കുകയും ചെയ്തു. ‘കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി’ എന്നു പറഞ്ഞപോലെ തമിഴ്പുലികളെ വേരോടെ പിഴുതെറിയാന്‍ അദ്ദേഹം കച്ചമുറുക്കി. എന്തും ചെയ്തുകൊള്ളാനുള്ള അനുവാദം സഹോദരനില്‍ നിന്ന് കിട്ടിയതോടെ വീണ്ടുവിചാരമില്ലാത്ത മനുഷ്യക്കുരുതിക്ക് വഴിയൊരുങ്ങി.

സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും ബലാത്സംഗത്തിന്റെയും കൂട്ടക്കൊലകളുടെയും പരമ്പരക്കാണ് ഇതോടെ തുടക്കമായത്. ബ്രിട്ടീഷ് ചാനല്‍ ആയ ചാനല്‍ ഫോര്‍ തയ്യാറാക്കിയ ‘കില്ലിംഗ് ഫീല്‍ഡ്സ് ഓഫ് ശ്രീലങ്ക’ എന്ന ഡോകുമെന്ററി ഈ ക്രൂരതകളുടെ നേര്‍ ചിത്രം ലോകത്തിനു കാട്ടിക്കൊടുത്തു. സാധാരണക്കാരായ ജനങ്ങള്‍ അവരുടെ മൊബൈലില്‍ ചിത്രീകരിച്ചതും സിംഹളരായ പട്ടാളക്കാര്‍ തന്നെ ഷൂട്ടുചെയ്ത വീഡിയോകളും ചേര്‍ത്തുള്ള ദൃശ്യങ്ങള്‍ മനുഷ്യക്കുരുതിയുടെ കരാളത തുറന്നുകാട്ടി.

അതില്‍ പിടിക്കപ്പെട്ട പുലികളെ കണ്ണുകെട്ടി തലക്ക് പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊന്നു. നിരവധി യുവതികളെ ബലാത്സംഗം ചെയ്തു വെടിവച്ചു കൊന്നു. കീഴടങ്ങാന്‍ തയ്യാറായി വെള്ളക്കൊടി ഉയര്‍ത്തിവന്നവരേ പോലും കൊന്നുകളയാന്‍ ഗോട്ടബായ നിര്‍ദ്ദേശം നല്‍കിയിരുന്നു. പുലികളെ തുടച്ചു നീക്കിയ ഗോട്ടബയയ്ക്ക് സിംഹളഭൂരിപക്ഷ ജനതയ്ക്കുമുന്നില്‍ വീരനായകന്റെ പ്രതിച്ഛായ കിട്ടി. യുദ്ധ വീരനു കൊളംബോ സര്‍വകലാശാല ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുകയും ചെയ്തു.

2006 -ല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ഒരു ഓട്ടോറിക്ഷ ഉപയോഗിച്ചു രാജപക്‌സയെ കൊല്ലാന്‍ പുലികള്‍ ശ്രമിച്ചിരുന്നു. ഇതിനു മറുപടിയായി കൊടും ക്രൂരതകളാണ് അന്ന് ഗോട്ടാബയയുടെയും മഹിന്ദയുടെയും മേല്‍നോട്ടത്തില്‍ സിംഹള സൈനികര്‍ ശ്രീലങ്കയിലെ തമിഴ് ജനതയ്ക്കു മേല്‍ നടത്തിയത്. അത്തരം എണ്ണമറ്റ മനുഷ്യാവകാശലംഘനങ്ങളിലൂടെ സിംഹള ഭൂരിപക്ഷങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയാണ് തെരഞ്ഞെടുപ്പ് വിജയങ്ങളുടെ പൊലിമയിലേക്കും അധികാര ഭ്രാന്തിലേക്കും ആ കുടുംബത്തെയും നേതാവിനേയും നയിച്ചത്.

ശ്രീലങ്ക സ്വതന്ത്രമാകുന്നു

1948 ഫെബ്രുവരി 4-നാണ് ശ്രീലങ്ക ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് സ്വതന്ത്രമായത്. കോമണ്‍വെല്‍ത്ത് ഓഫ് സിലോണ്‍ എന്ന പേരില്‍ 1956-ലെ തിരഞ്ഞെടുപ്പില്‍ സോളമന്‍ ബണ്ഡാരനായകെ യുടെ ശ്രീലങ്കാ ഫ്രീഡം പാര്‍ട്ടി നേതൃത്വത്തിലുള്ള സഖ്യത്തിനായിരുന്നു ജയം. പ്രധാനമന്ത്രിയായ ഖണ്ഡാരനായകെ സിംഹളയെ ഏകഭാഷയായി പ്രഖ്യാപിച്ചു. ബുദ്ധമതത്തിന് മറ്റു മതങ്ങളേക്കാള്‍ പ്രാല്‍സാഹനവും നല്‍കി. തമിഴ് ജനവിഭാഗത്തിന് കൂടുതല്‍ പൗരാവകാശങ്ങള്‍ നല്‍കാനുള്ള ശ്രമം നടന്നില്ല. 1959 സെപ്റ്റംബറില്‍ ബണ്ഡാരനായകെ വധിക്കപ്പെട്ടു.

1960 ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഖണ്ഡാരയുടെ ഭാര്യ സിരി മാവോ പ്രധാനമന്ത്രിയായി. ലോകത്തിലെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയും ഇവരാണ്. സോഷ്യലിസ്റ്റ് നയവും ദേശസാല്‍കരണവും സിരിമാവോ നടപ്പിലാക്കി. 1972-ല്‍ സിരിമാവോയുടെ ഭരണകാലത്താണ് ശ്രീലങ്ക റിപ്പബ്ലിക്കായി മാറിയത്. സിംഹള ഔദ്യോഗിക ഭാഷയായി. ഇത്തരത്തിലുള്ള തമിഴ് വിരുദ്ധമായ നടപടികളുടെ ഫലമായി, ഇതേ വര്‍ഷം ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എല്‍ ടി ടി ഇ) എന്ന സായുധ തീവ്രവാദ വിപ്ലവ സംഘടനക്ക് കാരണമായിത്തീര്‍ന്നു.

1977 ലെ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് വിരുദ്ധരും സിംഹള പക്ഷപാതികളുമായ യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യു എന്‍ പി ) അധികാരത്തിലെത്തി. ജെ.ആര്‍ ജയവര്‍ദ്ദനെ ആയിരുന്നു പ്രധാനമന്ത്രി. എ അമൃതലിംഗം നയിച്ച തമിഴ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ആയിരുന്നു പ്രതിപക്ഷം. ജയവര്‍ധനെ ഭരണം തമിഴ് ജനതയോട് ആതീവ വിവേചനം കാട്ടി. സര്‍ക്കാര്‍ പല പദ്ധതികളിലൂടെയും കൊളംബോയിലെ തമിഴരെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചു. ഇതോടെ തമിഴര്‍ നാടുവിടാന്‍ തുടങ്ങി. പലരും ഇന്‍ഡ്യയിലേക്കും വിദേശ രാജ്യങ്ങളിലേക്കും കുടിയേറി. എന്നാല്‍ തമിഴ് ഭൂരിപക്ഷമുണ്ടായിരുന്ന വടക്കന്‍ പ്രദേശങ്ങങ്ങളില്‍ സിംഹള വിരുദ്ധതരംഗം ശക്തി പ്രാപിച്ചു.

ജയവര്‍ധനെ ശ്രീലങ്കയെ പ്രസിഡന്‍ഷ്യല്‍ റിപ്പബ്ലിയ്ക്കായി മാറ്റി. സ്വയം എക്സിക്യൂട്ടാവുകയും ചെയ്തു. ജയവര്‍ധനനെ 10 വര്‍ഷം അധികാരത്തില്‍ തുടര്‍ന്നു. സിംഹളീസ് വണ്‍ലി ആക്ട് എന്ന നിയമം കൊണ്ടുവന്ന് തമിഴര്‍ സര്‍വ്വകലാശാലയിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. ഇതിനെതിരെ തമിഴ് ജനത പ്രക്ഷോഭം ആരംഭിച്ചു. വടക്കന്‍ പ്രദേശങ്ങളില്‍ തമിഴ് തീവ്രവാദി സംഘടനകളും പട്ടാളവും ഏറ്റുമുട്ടി. കൊളംബോയില്‍ തെരുവിലിറങ്ങിയ തമിഴരെ 1983 ജൂലൈയില്‍ സിംഹളര്‍ കൂട്ടക്കൊലചെയ്തു.

മൂവായിരത്തിലധികം തമിഴര്‍ മരണപ്പെട്ട കറുത്ത ജൂലൈ കൂട്ടകൊല തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. തമിഴ് ജനത സര്‍ക്കാരിനെയും സിംഹളരെയും ശത്രുവായി കണ്ടു. വിദ്യാഭ്യാസമുള്ള ആയിരക്കണക്കിന് തമിഴ് യുവാക്കള്‍ തിവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടു. തമിഴ്നാട്ടില്‍ നിന്നും ശ്രീലങ്കന്‍ തമിഴര്‍ക്ക് സഹായവും ലഭിച്ചു. തമിഴ് മേഖലകളില്‍ സിംഹള കോളനികള്‍ സ്ഥാപിക്കുകയായിരുന്നു ജയവര്‍ധനെ ചെയ്തിരുന്നത്. ഇവ തമിഴ് സംഘടനകള്‍ ആക്രമിച്ചു. കൊളംബോയിലെ തമിഴരെ ആക്രമിച്ചു കൊണ്ട് സര്‍ക്കാര്‍ തിരിച്ചടിച്ചു. സ്ഥിതി ആഭ്യന്തര യുദ്ധത്തിലേക്ക് വളര്‍ന്നു. ഇന്‍ഡ്യ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയച്ചു.

1989-ല്‍ രണസിംഗെ പ്രേമദാസ പ്രധാനമന്ത്രിയായി. വി പി സിങ് ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായിരുന്നപ്പോളാണ് ഇന്‍ഡ്യന്‍ സൈന്യത്തെ തിരികെ വിളിച്ചത്. 1993-ല്‍ പ്രേമദാസയെ എല്‍.ടി.ടി.ഇ വധിച്ചു. 1994 ലെ തിരഞ്ഞെടുപ്പില്‍ സോളമന്‍- സിരിമാവോ ദമ്പതിമാരുടെ മകളും ശ്രീലങ്കാ ഫ്രീഡം പാര്‍ട്ടി നേതാവുമായ ചന്ദ്രിക കുമാരതുംഗെ പ്രധാനമന്ത്രിയും തുടര്‍ന്ന് പ്രസിഡന്റുമായി.

എല്‍ ടി ടി ഇയും വേലുപ്പിള്ള പ്രഭാകരനും

പ്രത്യേക തമിഴ് രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 1976 ലാണു വേലുപ്പിള്ള പ്രഭാകരന്‍ തമിഴ് ഈഴം വിടുതലൈപ്പുലികള്‍ (ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം-എല്‍ ടി ടി ഇ) സ്ഥാപിക്കുന്നത്. സൈനിക സംഘടനയുടെ സ്വഭാവമുള്ള ഈ തീവ്രവാദ കക്ഷി ശ്രീലങ്കയില്‍ വടക്കുകിഴക്കന്‍ പ്രദേശത്തു ശക്തി പ്രാപിച്ചു.

തമിഴ് ന്യൂ ടൈഗേഴ്സ് എന്ന പേരിലായിരുന്നു തുടക്കം ഒളിപ്പോരും സായുധ പോരാട്ടവും അട്ടിമറി പ്രവര്‍ത്തനങ്ങളുമായി വളര്‍ന്ന എ ടി ടി ഇ മേല്‍കോയ്മ ഉറപ്പിച്ചു. രക്തരൂക്ഷിതമായ ഏറ്റുമുട്ടലും ആക്രമണങ്ങളും കൊലപാതകങ്ങളും വഴി മറ്റു തമിഴ് സംഘടനകള്‍ക്കുമേല്‍ ഇവര്‍ മേധാവിത്വം സ്ഥാപിച്ചു.

എല്‍.ടി.ടി.ഇ യുടെ വളര്‍ച്ചയില്‍ ഇന്ത്യയും പങ്കുവഹിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ഇന്‍ഡ്യന്‍ പട്ടാളം തമിഴ്നാട്ടില്‍ വച്ച് ഇവര്‍ക്കു പരിശീലനവും പണവും ആയുധങ്ങളും നല്‍കി. പിന്നീട് ഇന്ദിരാഗാന്ധിയുടെ മകന്‍ രാജീവ് ഗാന്ധിയെ തമിഴ്നാട്ടില്‍ വച്ചു തന്നെ ഇവര്‍ വധിച്ചു.

വനിതാ റെജിമെന്റുകള്‍ ഉള്‍പ്പെടെ ഒട്ടേറെ സൈനിക വിഭാഗങ്ങളും ആത്മഹത്യാ സംഘങ്ങളും ഇവര്‍ക്കുണ്ടായിരുന്നു. ഭരണകൂടം അവഗണിച്ച തമിഴ് ജനതയുടെ പിന്തുണയായിരുന്നു ഇവരുടെ കരുത്ത്. തമിഴ് പ്രദേശങ്ങള്‍ക്ക് സ്വാതന്ത്രവും തമിഴര്‍ക്ക് തുല്യനീതിയും ആവശ്യപ്പെടുന്ന വിമോചന സമരമായിരുന്നു അവര്‍ക്കിത്. എല്‍ ടി ടി ഇ നടത്തുന്നത് ഭീകരപ്രവര്‍ത്തനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 1983-ന് ശേഷം 65000 ആളുകള്‍ പോരാട്ടത്തിലും തീവ്രവാദ പ്രവര്‍ത്തനത്തിലും മരിച്ചെന്നാണു കണക്ക്. ശ്രീലങ്ക സ്വാതന്ത്രമായ കാലം മുതല്‍ എല്ലാ രംഗത്തും സിംഹളരെയും സിംഹള ഭാഷയും അവരോധിക്കാനുള്ള ശ്രമം തമിഴര്‍ക്കിടയില്‍ രോഷം പടര്‍ത്തിയിരുന്നു.

2009 മെയ് 17ന് എല്‍ ടി ടി ഇ പരാജയം സമ്മതിച്ചത്. ശ്രീലങ്കന്‍ സേന തങ്ങളെ സൈനികമായി പരാജയപ്പെടുത്തിയെന്ന് എല്‍ ടി ടി ഇ പ്രഖ്യാപിച്ചതിനു പിന്നാലെ തലവന്‍ പ്രഭാകരന്‍ ആത്മഹത്യ ചെയ്യുകയോ വധിക്കപ്പെടുകയോ ചെയ്തുവെന്നാണു കരുതുന്നത്. പ്രഭാകരന്‍ മൃതിയടഞ്ഞെന്ന് മെയ് 18നു ശ്രീലങ്കന്‍ സേന പ്രഖ്യാപിച്ചു. മൃതശരീര ചിത്രങ്ങള്‍ ശ്രീലങ്കന്‍ സേന പ്രസിദ്ധീകരിച്ചു. പ്രഭാകരന്റെ രക്തസാക്ഷിത്വം മെയ് 18ന് എല്‍.ടി.ടി.ഇയുടെ രാജ്യാന്തര നയതന്ത്ര തലവന്‍ ശെല്‍വരശ പത്മനാഥന്‍ ബി ബി സിയോട് സമ്മതിച്ചു.

തമിഴ് ജനത ചാവേര്‍ ആക്രമണങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചു തുടങ്ങിയതാണ് പുലികള്‍ക്ക് സ്വന്തം ജനതയില്‍ നിന്നുണ്ടായ ആദ്യ തിരിച്ചടി. ഇതോടൊപ്പം ജനങ്ങള്‍ക്കിടയില്‍ പുലികളുടെ ജനപ്രീതി ഇടിഞ്ഞു. കുട്ടികളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തതും സ്വന്തം ജനതയെ മനുഷ്യകവചങ്ങളാക്കിയതും തിരിച്ചടിയായി.

2000 ത്തില്‍ ജാഫ്‌ന പിടിച്ചെടുക്കാന്‍ ചന്ദ്രികാ കുമാരതുംഗ നടത്തിയ ഓപ്പറേഷന്‍ പുലികള്‍ തകര്‍ത്ത ശേഷം സംഘാന്തര്‍സംഘര്‍ഷങ്ങള്‍ പുലിമടയില്‍ മുള്‍പ്പടര്‍പ്പായി നിറഞ്ഞു നിന്നിരുന്നു. അന്താരാഷ്ട്ര രംഗത്ത് പുലികളുടെ ശബ്ദമായിരുന്ന ആന്റണ്‍ ബാലശിങ്കം തമിഴ് രാഷ്ട്രത്തിന്റെ പ്രസിഡന്റും പ്രധാനമന്ത്രിയുമെന്ന് വിശേഷിപ്പിച്ച പുലിത്തലവന്‍ വേലുപ്പിള്ളൈ പ്രഭാകരന്റെ ഏകാധിപത്യഭരണം, കിഴക്കന്‍ പ്രദേശത്തെ കമാണ്ടറായിരുന്ന കേണല്‍ കരുണയുടെ കീഴടങ്ങല്‍ എന്നിവയെല്ലാം തിരിച്ചടിയായി. കരുണ ചോര്‍ത്തി നല്‍കിയ തന്ത്രങ്ങളുമായി കിഴക്കന്‍ മേഖലയില്‍ക്കൂടി ആകമണങ്ങള്‍ നടത്തിയ ശ്രീലങ്കന്‍ സൈന്യം പുലികളെ തുത്തുവാരി.

2004ലെ സുനാമിയില്‍ എല്‍ ടി ടി ഇയുടെ വലിയോരു ശതമാനം യുദ്ധോപകരണങ്ങള്‍ നശിച്ചു. ഒട്ടേറെ കേഡറുകളും കൊല്ലപ്പെട്ടു. പുലികള്‍ക്ക് 18,000 കേഡറുകളെ നഷ്ടമായി. അമേരിക്കയില്‍ നിന്ന് ആയുധം വാങ്ങാനുള്ള ശ്രമത്തിനിടെ 2006 മധ്യത്തില്‍ കാനഡയില്‍ നിന്നും യു.കെയില്‍ നിന്നുമുള്ള പുലികള്‍ അറസ്റ്റിലായി. 2006-2007കളില്‍ പുലികള്‍ക്ക് ആയുധങ്ങളുമായി വന്ന 11 കപ്പലുകള്‍ ശ്രീലങ്കന്‍ സൈന്യം പിടികൂടുകയോ നശിപ്പിക്കുകയോ ചെയ്തു.

പുലികളുടെ വിമനവേധ മിസൈലുകളെ ഭയയ്ക്കാതെ 2006 മുതല്‍ ശ്രീലങ്കന്‍ സേന വ്യോമാക്രമണം നടത്തി. മുന്നു വര്‍ഷത്തിനിടയില്‍ വാവുനിയക്കാടുകളില്‍ 13,000 വ്യോമാക്രമണങ്ങളാണ് ശ്രീലങ്കന്‍ സേന നടത്തിയത്. ചെറുബോട്ടുകളിലെത്തി വന്‍നശീകരണശേഷിയുള്ള ആക്രമണങ്ങള്‍ നടത്താന്‍ കഴിയുന്ന കടല്‍പ്പുലികളെ ശ്രീലങ്കന്‍ സേന തകര്‍ത്തതും പുലികളുടെ നട്ടെല്ലൊടിച്ചു. കരിമ്പുലികളെന്ന രക്തസാക്ഷി കമാണ്ടോ യൂണിറ്റും ഇന്റലിജന്‍സ് സംവിധാനവുമെല്ലാം പ്രവര്‍ത്തന ക്ഷമമല്ലാതായി.

ചെറുതെങ്കിലും പുലികളുടെ വ്യോമസൈന്യവും ചലനമറ്റു. 2006 മുതല്‍ പുലികളുടെ പോരാട്ടവീര്യത്തില്‍ വന്‍തോതില്‍ ചോര്‍ച്ച സംഭവിച്ചിരുന്നു. 2006-ല്‍ പുലികള്‍ നിയന്ത്രിച്ച 15,000 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവ് അഞ്ചു ചതുരശ്ര കിലോമീറ്ററില്‍ താഴെയായി ചുരുങ്ങി. കിളിനോച്ചി നഷ്ടമായി അഞ്ചു ദിവസത്തിനുളളില്‍ ജാഫ്‌ന മുനമ്പും നഷ്ടപ്പെട്ടു. ദിവസങ്ങള്‍ക്കകം മുല്ലത്തീവ് നഗരം സൈന്യം പുര്‍ണമായും പിടിച്ചു. മുല്ലത്തീവ് കാടുകളില്‍ അവസാന അഭയം തേടിയ പുലികള്‍ക്ക് ആയുധപ്പുരകളും ഗണ്‍ബോട്ടുകളും നഷ്ടമായി. 2006 ല്‍ ശ്രീലങ്കന്‍ സൈന്യം ഈ മേഖലയില്‍ നടത്തിയ നീക്കത്തിനു കരുണയുടെ നേതൃത്വത്തിലുള്ള വിമതസംഘം പിന്തുണ നല്‍കുകയുണ്ടായി. ഇതിന്റെ ഫലമായി 2007 ല്‍ കിഴക്കന്‍ മേഖലയില്‍ നിന്ന് എല്‍ ടി ടി ഇ തുരത്തപ്പെട്ടു.

തമിഴ് ടൈഗർ വിമതർ ഉപയോഗിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾ ശ്രീലങ്കൻ വ്യോമസേന ഉദ്യോഗസ്ഥർ നീക്കം ചെയ്യുന്നു

അന്താരാഷ്ട്ര നിരീക്ഷകര്‍ രാജ്യം വിട്ടതോടെ സര്‍ക്കാര്‍ സൈനിക നടപടിക്കു ശക്തി കൂട്ടി. 2009-ല്‍ ശ്രീലങ്കന്‍ സേന പ്രഭാകരനും പുലികള്‍ക്കുമെതിരേ അതിരൂക്ഷമായ അവസാന യുദ്ധം തുടങ്ങി. ദിനം പ്രതിയെന്നോണം പുലിമടകള്‍ വീണുകൊണ്ടിരുന്നു. യുദ്ധം തുടങ്ങുമ്പോള്‍ ശ്രീലങ്കയുടെ മൂന്നില്‍ ഒരു ഭാഗത്തിന്റെ നിയന്ത്രണമുണ്ടായിരുന്ന എല്‍ ടി ടി ഇയുടെ ആധിപത്യം ചുരുങ്ങിയ പ്രദേശത്തേക്ക് ഒതുങ്ങി.

എല്ലാം നഷ്ടപ്പെട്ടിട്ടും പോരാട്ട വീര്യം കൈവിടാതിരുന്ന പുലികളെ സൈന്യം നാല് ദിക്കില്‍ നിന്നും വളഞ്ഞു. ചോദ്യം ചെയ്യപ്പെടാതിരുന്ന പ്രഭാകരന്റെയും എല്‍ ടി ടി ഇയുടെയും ഏകാധിപത്യം ഈ യുദ്ധത്തോടെ അവസാനിച്ചു. അവസാന തുരുത്തില്‍ സാധരണക്കാരുടെ രക്ഷയ്ക്കായി വെടിനിര്‍ത്തലിന് തയ്യറാണെന്ന് പുലികള്‍ അറിയിച്ചു.

എന്നാര്‍ ശക്തമായ രാജ്യാന്തര സമ്മര്‍ദം അവഗണിച്ച് ആക്രമണം തുടരാന്‍ മഹിന്ദരജപക്സേ സര്‍ക്കാര്‍ തീരുമാനിച്ചു. സാധരണക്കാര്‍ക്ക് വൈദ്യ സഹായം എത്തിക്കുന്നതിന് സന്നദ്ധ സംഘടനകളെ യുദ്ധമേഖലയില്‍ പ്രവേശിപ്പിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ ആവശ്യം പോലും അംഗീകരിച്ചില്ല. ശ്രീലങ്കന്‍ സേന തങ്ങളെ സൈനികമായി പരാജയപ്പെടുത്തിയെന്ന് എല്‍ ടി ടി ഇ 2009 മെയ് 17ന് സമ്മതിച്ചു. പിന്നാലെ വേലുപ്പിള്ള പ്രഭാകരന്‍ കഥാവശേഷനുമായി.

എൽടിടിഇ നേതാവ് വെള്ളുപ്പിള്ള പ്രഭാകരന്റെ മൃതദേഹം ഒരു കൂട്ടം ശ്രീലങ്കൻ സൈനികർ വടക്കൻ ശ്രീലങ്കയിലെ നന്തിക്കടൽ തടാകത്തിലൂടെ സ്ട്രെച്ചറിൽ കൊണ്ടുപോകുന്നു.

കാല്‍നൂറ്റാണ്ടിലേറെ തമിഴ് പുലികള്‍ക്കു നേതൃത്വം നല്‍കിയ വേലുപ്പിളള പ്രഭാകരന്‍ (54)വെടിയേറ്റ് മരിച്ചതായി ശ്രീലങ്കന്‍ സൈന്യം അവകാശപ്പെട്ടു. യുദ്ധമേഖലയില്‍ തെരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തില്‍ നിന്ന് വാഹനത്തില്‍ രക്ഷപ്പെടുമ്പോള്‍ വെടിവയ്ച്ചു കൊല്ലുകയായിരുന്നുവെന്ന് സൈന്യം പറയുന്നു. ആംബുലന്‍സിലും ചെറിയ വാനിലുമായിരുന്നു പ്രഭാകരനും അടുത്ത അനുയായികളും രക്ഷപ്പെടാന്‍ ശ്രമിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൈന്യം കൊലപ്പെടുത്തുകയുമായിരുന്നു.

പ്രഭാകരനൊപ്പം വാഹനത്തിലുണ്ടായിരുന്ന ഭാര്യ മതിവദനി, മകള്‍ ദ്വാരക എന്നിവരും കൊല്ലപ്പെട്ടു. ഇളയമകന്‍ 12 വയസ്സുകാരന്‍ ബാലചന്ദ്രനെ ലങ്കന്‍ സൈന്യം കസ്റ്റഡിയില്‍വെച്ച് നിഷ്ഠുരമായി കൊലപ്പെടുത്തി. പ്രഭാകരന്റെ മകന്‍ ചാള്‍സ് ആന്റണി അടക്കം എല്‍ടിടിഇയുടെ മുതിര്‍ന്ന ആറു നേതാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇരുപത്തിനാലുകാരനായ ചാള്‍സ് പുലികളുടെ വ്യോമവിഭാഗം തലവനായിരുന്നു.

ഏതാണ്ട് 37 വര്‍ഷത്തെ പഴക്കമുള്ള തമിഴ്പുലികളുടെ പോരാട്ടത്തിന്റെ അവസാനത്തിന് 2009 മെയ് 19 സാക്ഷ്യം വഹിച്ചു. ഇതിനിടെ പ്രഭാകരന്‍ പോറ്റിവളര്‍ത്തിയ വലുതും ചെറുതുമായ ചാവേര്‍ പടകളുടെ ജീവാഹുതിയും ലോകമനസാക്ഷിയ്ക്ക് ഞെട്ടലുളവാക്കുന്ന സംഭവമായി മാറി. യുദ്ധം അവസാനിപ്പിക്കുകയാണെന്ന് പുലികള്‍ അറിയിച്ചതോടെ ഏഷ്യയിലെ ഏറ്റവും നീണ്ട സിവില്‍ യുദ്ധത്തിന്റെ പരിസമാപ്തിയായി…!

പുലിവേട്ടയുടെ പേരില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അഴിച്ചുവിട്ട പീഢനങ്ങളിലും പുലികള്‍ നടത്തിയ പോരാട്ടങ്ങളിലും ഹോമിക്കപ്പെട്ടത് നിരപരാധികള്‍ അടക്കം പതിനായിരങ്ങളുടെ ജീവനായിരുന്നു. ഏറ്റുമുട്ടലിന്റെ അവസാന ആഴ്ച്ചകളില്‍ നടന്ന സൈന്യത്തിന്റെ വെടി വെപ്പില്‍ ഏകദേശം 20,000 സാധാരണക്കാരായ തമിഴ് ജനങ്ങളാണ് കൊല്ലപ്പെട്ടത്. പ്രതിദിനം ആയിരത്തോളം സാധാരണക്കാര്‍ 2009 മെയ് 19 വരെ കൊല്ലപ്പെട്ടു. പുലികള്‍ക്കിടയില്‍ ഗുരുതരമായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഫലപ്രദമായ ഉപയോഗിച്ചായിരുന്നു സൈന്യത്തിന്റെ വിജയം.

പരമ്പരയുടെ ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

(പരമ്പര തുടരും)

Latest