Kerala
പിഎം ശ്രീ; കരാറിന്റെ മാനദണ്ഡങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് അയക്കും
കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നില്‍ വെക്കാനാണ് സിപിഎമ്മിന്റെ നീക്കം
തിരുവനന്തപുരം| പിഎം ശ്രീ പദ്ധതിയുടെ കരാറിന്റെ മാനദണ്ഡങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കും. വിഷയത്തില്‍ കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നില്‍ വെക്കാനാണ് സിപിഎമ്മിന്റെ നീക്കം. വിഷയം ചര്‍ച്ച ചെയ്യാനായി മുന്നണി യോഗവും ഉടന്‍ വിളിക്കും. എന്നാല്‍ കരാര്‍ അതേപടി തുടരുമെങ്കിലും മാനദണ്ഡങ്ങളില്‍ ഇളവ് ആവശ്യപ്പെടാനാണ് നീക്കം. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ പുനരാലോചന.
കത്തിന്റെ കരട് എം എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജക്ക് അയച്ചു കൊടുത്തു. കത്ത് സിപിഐ സംസ്ഥാന നേതൃത്വം പരിശോധിക്കുകയാണ്. എംഎ ബേബിയുടെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പിന് വഴങ്ങുന്നത്. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കണമെന്നായിരുന്നു സിപിഐ മുന്നോട്ട് വച്ചത്. കത്തിന്റെ കരട് സിപിഐഎം തയാറാക്കി സിപിഐ നേതൃത്വത്തിന് കൈമാറുകയായിരുന്നു. മലയാളത്തിലുള്ള കത്ത് ഡി രാജ സിപിഐ സംസ്ഥാന നേതൃത്വത്തിന് കൈമാറി. കത്ത് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.


