Connect with us

siraj editorial

മമതാ വിജയത്തിന്റെ പ്രസക്തി

മമതയും തൃണമൂൽ കോൺഗ്രസ്സും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം എന്തുമാകട്ടെ, തീവ്രവലതുപക്ഷ രാഷ്ട്രീയത്തെ നേരിടാനുള്ള വർത്തമാനകാല മാതൃകയായി അവരുടെ മുന്നേറ്റങ്ങളെ കണക്കിലെടുക്കാവുന്നതാണ്

Published

|

Last Updated

ശ്ചിമ ബംഗാളിലെ ഭബാനിപൂർ നിയമസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം എന്തായിരിക്കുമെന്നതിൽ ആർക്കും വലിയ ആകാംക്ഷയൊന്നുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിപദത്തിൽ തുടരാനായി തത്്സ്ഥാനത്തിരിക്കുന്ന ഒരാൾ മത്സരിക്കാനിറങ്ങുമ്പോൾ ആ സ്ഥാനാർഥിയെ ജനം തോൽപ്പിക്കാനുള്ള സാധ്യത വളരെ വിരളമാണ്. പ്രത്യേകിച്ച് മമതയെപ്പോലെയൊരു നേതാവിനെ. എന്നാൽ ഈ വിജയം അവർ നേടിയത് തികച്ചും ആധികാരികവും മഹാഭൂരിപക്ഷത്തോടെയും ആയെന്നതും തിരഞ്ഞെടുപ്പ് നടക്കാതിരിക്കാൻ ബി ജെ പി നടത്തിയ കുതന്ത്രങ്ങളെല്ലാം പരാജയപ്പെട്ടുവെന്നതുമാണ് ഭബാനിപൂർ തിരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്നത്. നിയമയുദ്ധം നടത്തി മമതയെ വെള്ളം കുടിപ്പിക്കാനുള്ള ശ്രമം ബി ജെ പി നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹരജി സമർപ്പിക്കപ്പെട്ടത് ഇതിന്റെ ഭാഗമായിരുന്നു. എന്നാൽ കോടതി അത് മുഖവിലക്കെടുത്തില്ല. ഭബാനിപൂർ ഉൾപ്പെടെ, ബംഗാളിലും ഒഡീഷയിലുമായി നാല് നിയമസഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ തീരുമാനിച്ചു. ബംഗാൾ സർക്കാറിന്റെ പ്രത്യേക അഭ്യർഥനയും ഭരണഘടനാപരമായ അടിയന്തര സാഹചര്യവും പരിഗണിച്ചാണ് ഭബാനിപൂരിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചതെന്ന് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു. പിന്നീട്, മമതാ ബാനർജി നൽകിയ നാമനിർദേശ പത്രികയിൽ ക്രിമിനൽ കേസുകളുടെ വിവരങ്ങൾ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകി ബി ജെ പി. അതും പാളി. നവംബർ അഞ്ചിനകം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ മമതക്ക് മുഖ്യമന്ത്രിപദം നഷ്ടമാകുമായിരുന്നു.

സംസ്ഥാന സർക്കാറിന്റെ സർവ സന്നാഹങ്ങളും അവിടെ വിനിയോഗിച്ചാണ് മമത ജയിച്ചതെന്ന് ബി ജെ പി ആരോപിക്കുമ്പോൾ കേന്ദ്ര സംവിധാനം അതിനേക്കാൾ മാരകമായി അവിടെ ഉപയോഗിക്കപ്പെട്ടുവെന്നത് വിസ്മരിക്കാൻ പാടില്ലല്ലോ. എല്ലാ അർഥത്തിലും ബി ജെ പി പൊരുതി നോക്കിയ തിരഞ്ഞെടുപ്പ് തന്നെയായിരുന്നു അത്. വിദ്വേഷ പ്രചാരണത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. വർഗീയ വിഭജന തന്ത്രങ്ങളും നന്നായി പയറ്റി. കുടിയേറ്റം, നുഴഞ്ഞു കയറ്റം തുടങ്ങിയ വിഷയങ്ങളും വലിച്ചിട്ടു. ഇത്തരം തന്ത്രങ്ങളെയെല്ലാം പരാജയപ്പെടുത്താൻ സ്ഥൈര്യമുള്ള ഒരു നേതാവിന്റെ സാന്നിധ്യം കൊണ്ടു സാധിക്കുമെന്ന ആത്മവിശ്വാസമാണ് ഭബാനിപൂർ നൽകുന്നത്.

മമതയും അവരുടെ തൃണമൂൽ കോൺഗ്രസ്സും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം എന്തുമാകട്ടെ തീവ്രവലതുപക്ഷ രാഷ്ട്രീയത്തെ നേരിടാനുള്ള വർത്തമാനകാല മാതൃകയായി അവരുടെ മുന്നേറ്റങ്ങളെ കണക്കിലെടുക്കാവുന്നതാണ്. ബി ജെ പിയിലേക്ക് പോയ നേതാക്കളെ ഒന്നൊന്നായി തിരിച്ചു കൊണ്ടുവരുന്നു തൃണമൂൽ കോൺഗ്രസ്സ്. ത്രിപുരയിലും ഗോവയിലുമൊക്കെ സാന്നിധ്യമുറപ്പിക്കാൻ ശ്രമിക്കുന്നു. കേന്ദ്ര സർക്കാറിന്റെ നയങ്ങളെ നിശിതമായി തുറന്നു കാണിക്കുന്നു. ബി ജെ പി ഉയർത്തുന്ന തീവ്രദേശീയതയെ നേരിടാൻ പ്രാദേശിക ദേശീയത ഉപയോഗിക്കുന്നു. ഇക്കാരണങ്ങൾ കൊണ്ടെല്ലാം തത്കാലം മമതയുടെ വിജയത്തിനും തൃണമൂൽ കോൺഗ്രസ്സിന്റെ മുന്നേറ്റങ്ങൾക്കും കൈയടിക്കാവുന്നതാണ്.

58,832 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഭബാനിപൂരിൽ അവർ ബി ജെ പി സ്ഥാനാർഥിയെ തറപറ്റിച്ചത്. 2011ലും 2016ലും മമത ജയിച്ചത് ഭബാനിപൂരിൽ നിന്നായിരുന്നു. ഇത്തവണ അവർ സുവേന്ദു അധികാരിയെ നേരിടാൻ നന്ദിഗ്രാമിൽ പോയി. അവിടെ വീണു. മുഖ്യമന്ത്രിപദം നിലനിർത്തണമെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ വിജയം അനിവാര്യമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ വിശ്വസ്തൻ സുവേന്ദു അധികാരി നന്ദിഗ്രാം നിയോജകമണ്ഡലത്തിൽ മമതാ ബാനർജിയെ പരാജയപ്പെടുത്തിയത് തൃണമൂൽ ക്യാമ്പിൽ വൻ നിരാശ പടർത്തിയിരുന്നു. ഒരു കാലത്ത് സി പി എമ്മിന്റെ ശക്തി കേന്ദ്രമായ നന്ദിഗ്രാമിൽ 2007 മുതൽ നടന്ന കർഷക പ്രക്ഷോഭങ്ങളെത്തുടർന്ന് ഇടതുപാർട്ടികളുടെ അടിത്തറ തകർന്നു. നന്ദിഗ്രാം പ്രക്ഷോഭത്തിന് തിരികൊളുത്തുന്നതിലും സമരം പടർത്തുന്നതിലും പ്രധാന പങ്കു വഹിച്ച സുവേന്ദു അധികാരി പ്രദേശത്തെ ജനങ്ങൾക്കിടയിൽ തൃണമൂലിനപ്പുറമുള്ള സ്വാധീനമുണ്ടാക്കിയിരുന്നു. കളം മാറി ബി ജെ പിയിലെത്തിയ സുവേന്ദുവിന് സാക്ഷാൽ മമതയെത്തന്നെ തോൽപ്പിക്കാൻ കരുത്ത് ലഭിച്ചത് അങ്ങനെയാണ്.

കഴിഞ്ഞ ഡിസംബറിൽ നാടകീയമായി ബി ജെ പിയിലെത്തിയ സുവേന്ദു, തൃണമൂൽ കോൺഗ്രസ്സിലെ പല നേതാക്കളെയും ബി ജെ പിയിലേക്ക് എത്തിച്ചു. ഇതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ സുവേന്ദുവിനെ നേരിടാൻ മമത തീരുമാനിച്ചത്. അത് ഒരു മനഃശ്ശാസ്ത്ര യുദ്ധമായിരുന്നു. സംസ്ഥാനത്തുടനീളം തൃണമൂൽ പ്രവർത്തകർക്ക് അടങ്ങാത്ത ഊർജമാണ് മമതയുടെ ആ തീരുമാനം പകർന്നത്. സുവേന്ദുവിന്റെ തട്ടകത്തിൽ മികച്ച മത്സരം കാഴ്ചവെച്ച മമത 1,956 വോട്ടുകൾക്കാണ് അന്ന് തോറ്റത്. ഭബാനിപൂരിലെ വോട്ട് കണക്ക് നോക്കിയാൽ രണ്ട് കാര്യങ്ങൾ വ്യക്തമാകും. ബി ജെ പിയുടെ പരമ്പരാഗത വോട്ടിലേക്ക് കടന്നു കയറാൻ തൃണമൂൽ കോൺഗ്രസ്സിന് സാധിച്ചിട്ടുണ്ട് എന്നതാണ് ഒന്നാമത്തെ കാര്യം. സി പി എമ്മിന്റെ നില പരിതാപകരമായി തുടരുന്നുവെന്നതാണ് രണ്ടാമത്തെ വസ്തുത. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28,719 വോട്ടിനാണ് സോബൻ ദേബ് ബി ജെ പിയുടെ രുദ്രനീൽ ഘോഷിനെ പരാജയപ്പെടുത്തിയത്. മമതക്ക് പിന്തുണ പ്രഖ്യാപിച്ച് മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. അത്തരമൊരു നിലപാടെടുക്കാൻ പ്രാദേശിക രാഷ്ട്രീയ യാഥാർഥ്യങ്ങൾ സി പി എമ്മിനെ അനുവദിക്കാതിരിക്കുകയും മത്സരിച്ച് നാണം കെടുകയും ചെയ്യുന്നത് ആ പാർട്ടിയുടെ ദുർവിധി.

മമതാ ബാനർജിയെ ബി ജെ പിവിരുദ്ധ പോരാട്ടത്തിൽ വിശ്വസിക്കാനാകില്ലെന്ന ബംഗാളിലെ കോൺഗ്രസ്സ് നേതാവ് ആധിർ രഞ്ജൻ ചൗധരിയുടെ വാക്കുകൾ ഈ വിജയത്തെ വാഴ്ത്തുമ്പോഴും പ്രസ്താവ്യമാണ്. മമത ബി ജെ പിയോട് സഹകരിച്ചതിന്റെ ചരിത്രം അത്രയെളുപ്പം മാഞ്ഞു പോകുന്നതല്ല. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എടുക്കുന്ന തന്ത്രപരമായ നീക്കം മാത്രമല്ല തന്റെ ഫാസിസ്റ്റ്‌വിരുദ്ധതയെന്ന് തെളിയിക്കേണ്ടത് മമത തന്നെയാണ്.

Latest