Connect with us

articles

നജീബ് എവിടെ എന്ന ചോദ്യം ബാക്കിയാകുന്നു

വേര്‍ ഈസ് നജീബ്? എന്ന ചോദ്യം ജെ എന്‍ യുവില്‍, ജാമിഅയില്‍, ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ അങ്ങനെ ഇന്ത്യയുടെ വിവിധ സര്‍വകലാശാലകളുടെ ചുമരുകളില്‍ കാണാം. അതൊരു ഓര്‍മപ്പെടുത്തലാണ്. എതിരിടുന്ന രാഷ്ട്രീയ ഫാസിസം എത്ര ക്രൂരമാണ് എന്നതിന്റെ മുന്നറിയിപ്പാണത്. എന്തെങ്കിലും സംഭവിച്ചുപോയാല്‍, നജീബിന്റെ സ്ഥിതി വന്നാല്‍ എത്ര പേരുണ്ടാകും, എത്ര നാളുണ്ടാകും നമ്മളെവിടെ എന്ന് ചോദിച്ചുചെല്ലാന്‍ എന്ന സത്യത്തെ കുറിച്ചാണ് ആ ഗ്രാഫിറ്റികള്‍ പറയാറുള്ളത്.

Published

|

Last Updated

1975ലെ അടിയന്തരാവസ്ഥക്ക് അരനൂറ്റാണ്ട് തികഞ്ഞല്ലോ. ഇക്കഴിഞ്ഞ ജൂണ്‍ 25ന് ആ ഇരുണ്ട കാലത്തെ ഏതാണ്ട് എല്ലാവരും പലവിധേന സ്മരിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ “സംവിധാന്‍ ഹത്യ ദിവസ്’ അഥവാ ഭരണഘടന കൊലചെയ്യപ്പെട്ട ദിവസം എന്ന നിലക്കാണ് ഇതാചരിച്ചത്. അടിയന്തരാവസ്ഥയുടെ പ്രതീകമായ ഒരു മനുഷ്യന്‍ മലയാളിയുടെ ഓര്‍മകളില്‍, മലയാളിയുടെ ജനാധിപത്യ പോരാട്ടങ്ങളുടെ ചരിത്ര പുസ്തകത്തില്‍ തങ്ങിനില്‍പ്പുണ്ട്. ഈച്ചരവാര്യര്‍! തന്റെ മകന് എന്തുപറ്റി എന്നറിയാതെ നാട് മുഴുവന്‍ അലഞ്ഞുനടന്ന ഒരാള്‍. കാടും മലകളും കായലോരങ്ങളും മകനെ തേടിയ ഒരാള്‍. മന്ത്രി മന്ദിരങ്ങളിലും രാഷ്ട്രീയക്കാരുടെ വാതില്‍പ്പടികളിലും പോലീസ് ഏമാന്മാരുടെ കോട്ടവാതിലുകളിലും വന്നുനിന്ന നിസ്സഹായനായ ഒരച്ഛന്‍. ഒടുവില്‍ ഹേബിയസ് കോര്‍പസ് ഹരജിയാണ് രാജന്‍ എന്ന അയാളുടെ മകനെ പോലീസ് തട്ടിക്കൊണ്ടുപോയി ഉരുട്ടിക്കൊന്നതാണെന്ന് കാണിച്ചു കൊടുത്തത്. അപ്പോഴും രാജന്റേതെന്ന് പറയാന്‍ ഒന്നും അവശേഷിച്ചില്ല.

നമ്മള്‍ ജീവിക്കുന്നത് ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കാലത്താണ് എന്ന വിമര്‍ശം ശക്തമാണല്ലോ. ഒരു അടിയന്തരാവസ്ഥക്കാലം ഈ നാട് നേരിട്ട കെടുതികളും ക്രൂരതകളും പൗരാവകാശ ലംഘനങ്ങളും ഏറിയും കുറഞ്ഞും ഇവിടെ നമ്മള്‍ അനുഭവിക്കുന്നുണ്ടല്ലോ. എങ്കില്‍ ഇങ്ങനെയൊരു അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കാലത്തെ ഈച്ചരവാര്യരാണ് ഫാത്വിമ നഫീസ്. ആ ഉമ്മയും കുറെ കാടും നാടും തെരുവുകളും താണ്ടി തന്റെ മകനെ തേടി അലയുന്നുണ്ട്.

മന്ത്രി മന്ദിരങ്ങള്‍ക്കും നീതിപീഠങ്ങള്‍ക്കും പോലീസ് ഥാനകള്‍ക്കും മുമ്പില്‍ ചെന്നുനിന്ന് നജീബിനെ ചോദിച്ചിട്ടുണ്ട്. പക്ഷേ എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയായ സി ബി ഐയും അവരെ കൈയൊഴിയുകയാണ്. ഡല്‍ഹി പോലീസ് ചെയ്ത ദ്രോഹം തന്നെയാണ് സി ബി ഐയും ആവര്‍ത്തിക്കുന്നത് എന്നാണ് വിമര്‍ശം.
സി ബി ഐ നജീബ് തിരോധാനത്തിന്റെ അന്വേഷണങ്ങള്‍ അവസാനിപ്പിക്കുമ്പോള്‍ ഫാത്വിമ നഫീസ് പറയുന്നത് നോക്കൂ, “ഞാന്‍ എന്റെ മകന് വേണ്ടി മാത്രം നടത്തുന്ന പോരാട്ടമല്ല ഇത്. മക്കള്‍ക്ക് നീതി കിട്ടണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ അമ്മമാര്‍ക്കും വേണ്ടിയുള്ള ജീവിത സമരമാണിത്.’

രാധിക വെമുലയെ പോലെ, പുതിയ ഇന്ത്യയുടെ ഭാരതാംബയാണ് ഫാത്വിമ നഫീസ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇന്നത്തെ കയ്പേറിയ രാഷ്ട്രീയ- സാമൂഹിക യാഥാര്‍ഥ്യങ്ങളെ ഇത്രമേല്‍ കഠിനമായി ശിരസാവഹിച്ച മാതൃസങ്കല്‍പ്പങ്ങള്‍ ഈ ഭാരതത്തിലില്ല തന്നെ. പൗരത്വ ഭേദഗതിക്കെതിരായ സമരകാലത്താണ് നജീബിന്റെ ഉമ്മയെ പരിചയപ്പെടുന്നത്. എനിക്കവരുടെ മുഖത്ത് എന്റെ ഉമ്മയുടെ നിഴല്‍ കാണാമായിരുന്നു. അവരുടെ ഉള്ളെത്ര പിടയുന്നുണ്ടാകും എന്നോര്‍ത്ത് ആകെ തളര്‍ന്നിരുന്നു പോയിട്ടുണ്ട്. ജെ എന്‍ യുവിലെ, ജാമിഅയിലെ വിവിധ പ്രക്ഷോഭങ്ങളില്‍ നജീബിന്റെ ഉമ്മയും സഹോദരിയും പങ്കെടുക്കാറുണ്ടായിരുന്നു. അവരുടെ മുഖം കാണുമ്പോള്‍ തന്നെ, ഡല്‍ഹി പോലീസ് സംവിധാനം എത്ര കഴിവുകെട്ട ഒന്നാണ് എന്ന നിരാശയാണ് ആദ്യം തള്ളിക്കയറി വരാറുള്ളത്.

വേര്‍ ഈസ് നജീബ്? എന്ന ചോദ്യം ജെ എന്‍ യുവില്‍, ജാമിഅയില്‍, ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ അങ്ങനെ ഇന്ത്യയുടെ വിവിധ സര്‍വകലാശാലകളുടെ ചുമരുകളില്‍ കാണാം. അതൊരു ഓര്‍മപ്പെടുത്തലാണ്. എതിരിടുന്ന രാഷ്ട്രീയ ഫാസിസം എത്ര ക്രൂരമാണ് എന്നതിന്റെ മുന്നറിയിപ്പാണത്. എന്തെങ്കിലും സംഭവിച്ചുപോയാല്‍, നജീബിന്റെ സ്ഥിതി വന്നാല്‍ എത്ര പേരുണ്ടാകും, എത്ര നാളുണ്ടാകും നമ്മളെവിടെ എന്ന് ചോദിച്ചുചെല്ലാന്‍ എന്ന സത്യത്തെ കുറിച്ചാണ് ആ ഗ്രാഫിറ്റികള്‍ പറയാറുള്ളത്. 2014ന് ശേഷം നമ്മുടെ ക്യാമ്പസുകള്‍ക്ക് വന്ന മാറ്റം എന്താണെന്ന ചോദ്യത്തിന് ഒറ്റപ്പേരുള്ള ഉത്തരമാണ് നജീബ്.

2016 ഒക്ടോബര്‍ 15ന് ജെ എന്‍ യുവിലെ മാഹി- മാണ്ഡവി ഹോസ്റ്റലില്‍ നിന്നാണ് നജീബിനെ കാണാതാകുന്നത്. കാണാതായതിന്റെ തലേന്ന് രാത്രി ഹോസ്റ്റലിലെ എ ബി വി പി പ്രവര്‍ത്തകരുമായി വാക്കേറ്റവും മറ്റും ഉണ്ടായി. ഇതിന്റെ പ്രതികാര നടപടിയെന്നോണം ആരോ നജീബിനെ തട്ടിക്കൊണ്ടുപോയതാണെന്നാണ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നത്. ബയോടെക്നോളജി ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു അന്ന് നജീബ്. നജീബിന്റെ തിരോധാനം ഡല്‍ഹിയിലെ സര്‍വകലാശാലകളെ ഇളക്കി മറിച്ചു. പ്രത്യേകിച്ച് ജെ എന്‍ യു വിദ്യാര്‍ഥികള്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോയി. പക്ഷേ, ഡല്‍ഹി പോലീസ് വളരെ നിസ്സംഗതയോടെയാണ് പ്രവര്‍ത്തിച്ചു വന്നത്.

നജീബ് ഒളിവില്‍ പോയതാണ് എന്ന വാദമുണ്ടായിരുന്നു ഡല്‍ഹി പോലീസിന്. ജാമിഅ മില്ലിയ്യയിലെ ഹോസ്റ്റലുകളില്‍ അന്വേഷണ ഏജന്‍സികളുടെ ഒരു റെയ്ഡ് തന്നെ നടന്നു. നജീബിനെ തേടിയുള്ള ഈ തിരച്ചില്‍ വലിയ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കി. ജാമിഅ മില്ലിയ്യയിലും വലിയ സമരങ്ങള്‍ നടന്നു. പ്രതികളെന്ന് സംശയിക്കേണ്ട എ ബി വി പി നേതാക്കളെയോ പ്രവര്‍ത്തകരെയോ പക്ഷേ ഡല്‍ഹി പോലീസ് സംശയിച്ചില്ല. മതിയായ തെളിവുകള്‍ ശേഖരിക്കുന്നതിലും, നജീബ് ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിലെങ്കിലും ഒരു നിര്‍ണായക വിവരം കണ്ടെത്തുന്നതിലും പോലീസ് അമ്പേ പരാജയപ്പെട്ടു. പിന്നാലെ വന്ന സി ബി ഐയും “എട്ട് വര്‍ഷം അന്വേഷിച്ചു’ എന്ന് പറയുമ്പോഴും ഒന്നും കണ്ടെത്തിയില്ല.

നജീബിന് എന്ത് സംഭവിച്ചു എന്ന ചോദ്യങ്ങള്‍ എല്ലാം വന്നുനിന്നത് അന്ന് രാത്രി എ ബി വി പിക്കാരുമായി ഉണ്ടായ തര്‍ക്കത്തിലേക്കാണ്. അതുകൊണ്ട് തന്നെ എ ബി വി പി പലപ്പോഴും പ്രതിരോധത്തിലായി. പക്ഷേ, സംഘ്പരിവാര്‍ ഐ ടി സെല്ലുകളും അവരുടെ കൂലിക്കാരായ ചില മാധ്യമങ്ങളും നജീബിനെതിരെ അപകീര്‍ത്തിപരമായ വിവരങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, പോലീസ്- സി ബി ഐ അന്വേഷണങ്ങള്‍ പലപ്പോഴും ഈ വ്യവഹാരങ്ങള്‍ മുഖവിലക്കെടുത്തെന്ന പോലെയാണ് മുന്നോട്ട് പോയത്. പിന്നീട് കോടതി തന്നെ ഇടപെട്ട് അത്തരം വ്യാജ വ്യവഹാരങ്ങളും അപകീര്‍ത്തി വാര്‍ത്തകളും തടയേണ്ട സ്ഥിതിയുണ്ടായി.

നമ്മുടെ ക്യാമ്പസുകള്‍, വിശിഷ്യാ കേന്ദ്ര സര്‍വകലാശാല ക്യാമ്പസുകള്‍ 2014ന് ശേഷം ഭീതിദമാം വിധം മാറി എന്നതിന്റെ ഏറ്റവും വേദനിപ്പിക്കുന്ന സത്യമാണ് നജീബ് എവിടെ എന്ന ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം. സംഘ്പരിവാര്‍ താത്പര്യമുള്ള വിദ്യാഭ്യാസ നയങ്ങള്‍ അടിച്ചേല്‍പ്പിച്ചും അവര്‍ക്ക് ഓച്ഛാനിച്ചു നില്‍ക്കുന്ന അധ്യാപകരെ അധികാരമേല്‍പ്പിച്ചും ക്യാമ്പസുകളിലെ ജനാധിപത്യ ഇടങ്ങള്‍ റദ്ദ് ചെയ്തും ഒരുതരം രാഷ്ട്രീയ വന്ധ്യംകരണം ഒരു ഭാഗത്ത് നടക്കുന്നുണ്ട്.

മറുവശത്ത്, ഹിന്ദുത്വ ദേശീയതയുടെ അടയാളങ്ങളെ, ആഘോഷങ്ങളെ സര്‍വകലാശാല അധികൃതരുടെ ആശിര്‍വാദത്തില്‍ ഒളിച്ചുകടത്തുകയും ചെയ്യുന്നു. ഇതിനിടക്ക്, മുസ്‌ലിം സ്വത്വം അപരവത്കരിക്കപ്പെടുന്നു. മുസ്‌ലിം പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടാകുന്നു. മുസ്‌ലിം സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. അഡ്മിഷന്‍ പ്രക്രിയകളില്‍ അട്ടിമറികള്‍ ഉണ്ടാക്കുന്നു എന്നിങ്ങനെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒട്ടും ഭൂഷണമല്ലാത്ത സ്ഥിതി വിശേഷമാണ് വര്‍ത്തമാന സ്ഥിതി.

ക്യാമ്പസുകളില്‍ കേന്ദ്ര സര്‍ക്കാറിനെതിരായ വിമര്‍ശങ്ങള്‍ വേണ്ട എന്നാണ് ഒട്ടുമിക്ക കേന്ദ്ര സര്‍വകലാശാലകളുടെയും അധികൃതര്‍ പറയുന്നത്. സംഘ്പരിവാറിനെതിരായ വിമര്‍ശങ്ങള്‍ വരെ പ്രതികാര ബുദ്ധിയോടെ നേരിടുകയാണ് അധികൃതര്‍. മതനിരപേക്ഷ പക്ഷങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് മുസ്‌ലിം- ദളിത്- പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് നേതൃപാടവമുള്ള വിദ്യാര്‍ഥികള്‍ ഉയര്‍ന്നുവരരുതെന്ന് ഭരണകൂടത്തിന് നിര്‍ബന്ധം കാണും. മുസ്‌ലിംകള്‍ കൂടുതലായി പഠിക്കുന്ന കേന്ദ്ര സ്ഥാപനങ്ങളെ ജയിലുകളെ പോലെ അവര്‍ കൈകാര്യം ചെയ്തുവരുന്നത് അതുകൊണ്ടാണ്. ചോദ്യം ചോദിക്കുന്ന വിദ്യാര്‍ഥികളെ, വിയോജിക്കുന്ന വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്താനും കൈയേറ്റം ചെയ്യാനും “ശിക്ഷിക്കാനും’ സംഘ്പരിവാറിന് കേന്ദ്ര സര്‍വകലാശാലകളില്‍ സംവിധാനങ്ങളുണ്ട്.

രാജ്യത്തെ ഏറ്റവും മികച്ച ഒരു സര്‍വകലാശാലയില്‍ നിന്ന്, രാജ്യ തലസ്ഥാനത്തെ ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തില്‍ നിന്ന് ഒരു വിദ്യാര്‍ഥിയെ കാണാതായിട്ട്, അതേകുറിച്ച് ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു കഴിവുകെട്ട സംവിധാനവും സേനയുമാണ് ഡല്‍ഹി പോലീസിന്റേത്. ഇങ്ങനെ കരുതാന്‍ കഴിയില്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ ഒരു സ്ഥിതിയുണ്ട്. നജീബിന് എന്ത് പറ്റിയെന്ന്, നജീബ് എവിടെയെന്ന്, ആരാണിതിന് പിന്നിലെന്ന് ഡല്‍ഹി പോലീസിന് നന്നായറിയാം. പക്ഷേ അവര്‍ അവരെ പോറ്റുന്നവരോട് നന്ദിയുള്ളവരാണ്. അതുകൊണ്ട് കേസില്‍ എ ബി വി പിയെ തൊട്ടില്ല. അവരുടെ ഗുണ്ടാ സംവിധാനങ്ങളെ തൊട്ടില്ല. അതായത്, നീതിയെ കുഴിവെട്ടി മൂടുന്നത് നിയമപാലക സംവിധാനം തന്നെയാണ് എന്ന്.

2019ല്‍ ജാമിഅ മില്ലിയ്യയില്‍ നടന്ന സി എ എ വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സര്‍വകലാശാല ക്യാമ്പസില്‍ അതിക്രമിച്ചു കയറി ആക്രമണം അഴിച്ചുവിട്ട പോലീസ് നടപടിയെ പറ്റി ജാമിഅ മില്ലിയ്യയിലെ ഒരു നിയമ വിദ്യാര്‍ഥിനി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പി പറയുന്ന ഒരു കാര്യമുണ്ട്. “ഇത് ഞങ്ങളുടെ വീടായിരുന്നു. സ്വന്തം വീട്ടില്‍ സുരക്ഷിതരല്ല എന്നറിയുമ്പോള്‍, എത്ര കഷ്ടമാണ് ഈ നാടിന്റെ അവസ്ഥ! ഭരണഘടനയുടെ പേപ്പറായിരുന്നു ഇന്നത്തെ പരീക്ഷ. ഞാനിനി ഏത് ഭരണഘടനയെ കുറിച്ചാണ് പഠിക്കേണ്ടത്. എന്തെങ്കിലും ബാക്കി വെച്ചിട്ടുണ്ടോ? എല്ലാം അവര്‍ നശിപ്പിച്ചില്ലേ? പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അവര്‍ അതിക്രമിച്ചു കയറി. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലും അവര്‍ ആക്രമണം നടത്തി. ഇതാണോ ജനാധിപത്യം?’

നമ്മുടെ രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളില്‍ പഠിക്കുന്ന, പ്രത്യേകിച്ച് അവിടെ ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്ന ഓരോ വിദ്യാര്‍ഥിക്കും അവരുടെ വീടുതന്നെയാണ് അവരുടെ ക്യാമ്പസ്. അവിടെയാണ് നജീബിനെ നഷ്ടമാകുന്നത്. അവിടെയാണ് വെമുല ഇല്ലാതാകുന്നത്. സ്വാതന്ത്ര്യവും ജനാധിപത്യവും നീതി ബോധവും പ്രകാശിപ്പിക്കുന്ന, സമരത്തിന്റെയും സഹനത്തിന്റെയും ഇടങ്ങളെ തരിശാക്കുകയാണ് ഭരണകൂടം. നിര്‍ഭയമായി പ്രതിരോധം വേണമെന്ന് പോലും പറയാനാകാത്ത നിസ്സഹായതയുണ്ട് അവിടെ അന്തരീക്ഷങ്ങളില്‍.

ഫാത്വിമ നഫീസിന്റെ പോരാട്ടം അവര്‍ തുടരുമെന്ന് തന്നെയാണ് പറയുന്നത്. സി ബി ഐയുടെ നടപടിക്കെതിരെ അവര്‍ മേല്‍ക്കോടതികളെ സമീപിക്കും. അധികാര മുഷ്‌കിനെതിരെ നിര്‍ഭയം പൊരുതുന്ന ഒരു ഭാരതാംബയായി അവര്‍ ഈ ഭാരതത്തിന്റെ ചരിത്രത്തില്‍ തെളിഞ്ഞുതന്നെ കാണും. എത്ര ആക്ഷേപിച്ചാലും, മര്‍ദിച്ചുതള്ളിയാലും, എത്ര തന്നെ അവഗണിച്ചാലും അവര്‍ ഈ പോരാട്ടത്തില്‍ തളരാതെ നില്‍ക്കും എന്നുറപ്പുണ്ട്. അമ്മയേക്കാള്‍ വലിയ പോരാളി ഈ ലോകത്ത് വേറെ ഇല്ല എന്നാണല്ലോ. നമുക്ക് കാണാം.

---- facebook comment plugin here -----

Latest