Connect with us

articles

വോട്ടർ അധികാര്‍ യാത്രയുടെ ജനപക്ഷ രാഷ്ട്രീയം

പതിനാറ് ദിവസം കൊണ്ട് 1,300 കിലോമീറ്റര്‍ പിന്നിട്ട് സെപ്തംബര്‍ ഒന്നിന് പട്‌ന ഗാന്ധി മൈതാനത്ത് കൂറ്റന്‍ റാലിയോടെ വോട്ടര്‍ അധികാര്‍ യാത്ര സമാപിക്കുമ്പോള്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയ ഭൂപടം അനിവാര്യമായ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. റഫറിയും ലൈന്‍ റഫറിമാരും അടക്കമുള്ളവര്‍ എതിര്‍ ടീമിനു വേണ്ടി പന്ത് തട്ടുമ്പോള്‍ ജയിച്ചുകയറുന്നതില്‍ കുറഞ്ഞ ലക്ഷ്യം ഇന്ത്യന്‍ ജനാധിപത്യത്തിനു മുന്നിലില്ല എന്ന ഉറച്ച ബോധ്യമാണ് രാഹുല്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

Published

|

Last Updated

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര ഔറംഗബാദും ഗയയും നളന്ദയും പിന്നിട്ടു. ഇന്ന് ഷേഖ്പുരയില്‍ നിന്ന് യാത്ര പുനരാരംഭിക്കും. പതിനാറ് ദിവസം കൊണ്ട് 1,300 കിലോമീറ്റര്‍ പിന്നിട്ട് സെപ്തംബര്‍ ഒന്നിന് പട്‌ന ഗാന്ധി മൈതാനത്ത് കൂറ്റന്‍ റാലിയോടെ വോട്ടര്‍ അധികാര്‍ യാത്ര സമാപിക്കുമ്പോള്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയ ഭൂപടം അനിവാര്യമായ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും മുകേഷ് സാഹ്നിയുമടക്കമുള്ള നേതാക്കള്‍ രാഹുലിന്റെ ഇടവും വലവുമായി ജാഥയില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. റഫറിയും ലൈന്‍ റഫറിമാരും അടക്കമുള്ളവര്‍ എതിര്‍ ടീമിനു വേണ്ടി പന്ത് തട്ടുമ്പോള്‍ ജയിച്ചുകയറുന്നതില്‍ കുറഞ്ഞ ലക്ഷ്യം ഇന്ത്യന്‍ ജനാധിപത്യത്തിനു മുന്നിലില്ല എന്ന ഉറച്ച ബോധ്യമാണ് രാഹുല്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. കാലം ആവശ്യപ്പെടുന്ന ആ പോരാട്ടത്തിന് നീലം സമരത്തിലൂടെ ഗാന്ധിജിയെ സൃഷ്ടിച്ച ചമ്പാരന്റെ ബിഹാര്‍ മണ്ണ് കച്ചമുറുക്കുകയാണ്.

രാഹുല്‍ ഗാന്ധിക്ക് മറുപടി പറയാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്. പക്ഷേ, കമ്മീഷന്റെ ദൗര്‍ബല്യങ്ങള്‍ ലോകം മുഴുവന്‍ തിരിച്ചറിയാന്‍ അത് നിമിത്തമായി. ഇന്ത്യ സഖ്യ നേതാക്കള്‍ അടുത്ത ദിവസം നടത്തിയ പത്രസമ്മേളനം, ചോദ്യങ്ങള്‍ക്ക് മുന്നില്‍ ബധിരത നടിച്ച തിരഞ്ഞെടുപ്പ് കമ്മീഷണറെ തുറന്നുകാട്ടി. എന്നാല്‍ യോഗേന്ദ്ര യാദവ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അക്ഷരാര്‍ഥത്തില്‍ ദയനീയമാക്കി. ബിഹാറിലെ തീവ്ര പുനഃപരിശോധനാ യജ്ഞം (എസ് ഐ ആര്‍) പാര്‍ട്ടികളോട് കൂടിയാലോചിക്കാതെയും തിരഞ്ഞെടുപ്പ് വര്‍ഷത്തിലും നടത്തിയത് നിയമവിരുദ്ധമാണ്. വെള്ളപ്പൊക്കം കാരണം മാറ്റിപ്പാര്‍പ്പിച്ച പതിനായിരങ്ങളുടെ വോട്ട് റദ്ദാക്കി. യജ്ഞത്തിലൂടെ കണ്ടെത്തിയ വിദേശികളുടെ വിശദാംശങ്ങളും പുതിയ വോട്ടര്‍മാരുടെയും അപേക്ഷകളുടെയും എണ്ണവും ബി എല്‍ ഒമാരുടെ ശിപാര്‍ശ രേഖകളും അനുരാഗിനോട് സത്യവാങ്മൂലം ആവശ്യപ്പെടാത്തതിലെ യുക്തിരാഹിത്യവും യോഗേന്ദ്ര ചോദിച്ചു. ചോദ്യശരങ്ങള്‍ക്കും സംശയമുനകള്‍ക്കും മുന്നില്‍ ഉത്തരമില്ലാതെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തലകുനിച്ച് നില്‍ക്കുകയാണ്.

ആബാലവൃദ്ധം ജനങ്ങളെയും ആകര്‍ഷിച്ച് അഭൂതപൂര്‍വമായ ജനമുന്നേറ്റത്തിനാണ് രാഹുലിന്റെ വോട്ടര്‍ അധികാര്‍ യാത്ര ബിഹാറില്‍ സാക്ഷ്യം വഹിക്കുന്നത്. ജനാധിപത്യ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ സി പി ഐ എം എല്‍ മുതല്‍ വികാസ്ശീല്‍ ഇന്‍സാഫ് വരെയുള്ള പാര്‍ട്ടികള്‍ യാത്രയില്‍ അണിചേര്‍ന്നു കഴിഞ്ഞു. 94,163 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ബിഹാറില്‍ 243 അസംബ്ലി മണ്ഡലങ്ങളും 40 ലോക്‌സഭാ മണ്ഡലങ്ങളുമാണുള്ളത്. 75 എം എല്‍ സിമാരും 16 രാജ്യസഭാ അംഗങ്ങളുമുണ്ട്. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത ഭൗമശാസ്ത്ര – ഭാഷാ – സാംസ്‌കാരിക പൈതൃകവും വൈവിധ്യവും ബിഹാറിനുണ്ട്. അവയെ പൂര്‍ണമായി അഭിസംബോധന ചെയ്താണ് വോട്ടര്‍ അധികാര്‍ യാത്ര വിഭാവനം ചെയ്തിരിക്കുന്നത്. യോഗേന്ദ്ര യാദവിന്റെ അഭിപ്രായത്തില്‍ 90 ലക്ഷം പേരെ വെട്ടിയൊഴിവാക്കിയും അനേകലക്ഷത്തെ തിരുകിക്കയറ്റിയും വോട്ടര്‍ പട്ടിക രൂപപ്പെടുത്തിയ ഇ സി – ബി ജെ പി സഖ്യത്തെയാണ് ബിഹാറിലെ ജനത്തിന് നേരിടാനുള്ളത്. ആ ലക്ഷ്യത്തിലേക്കാണ് തേജസ്വിയെ മുന്നില്‍ നിര്‍ത്തി രാഹുല്‍ ചുവടു വെക്കുന്നത്. ബിഹാറിനെ അഞ്ച് മേഖലകളാക്കി തിരിച്ച് വിശകലനം ചെയ്യാവുന്നതാണ്.

മിഥിലാഞ്ചല്‍
മിഥിലയും കോശിയും ചേരുന്ന ഈ ഭൂവിഭാഗം ഉത്തര ബിഹാറാണ്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്നു. 75-80 നിയമസഭാ സീറ്റുകളും 14 ലോക്‌സഭാ സീറ്റുകളും ഈ മേഖലയിലുണ്ട്. കോശി, ബാഗ്മതി, ഖന്ദഗ് നദികള്‍ ഒഴുകുന്നു. ന്യൂനപക്ഷ കേന്ദ്രീകൃതമായ കിഷന്‍ഗഞ്ച് അടക്കമുള്ള പ്രദേശങ്ങള്‍ ഈ മേഖലയിലാണ്. മൂന്ന് കോടി മനുഷ്യര്‍ സംസാരിക്കുന്ന മൈഥിലിയും കാല്‍ കോടിയിലധികം പേരുടെ സുര്‍ജാപുരിയും ഇവിടുത്തെ ഹിന്ദി വകഭേദമാണ്. വോട്ടര്‍ അധികാര്‍ യാത്ര മിഥിലാഞ്ചലിന്റെ ഹൃദയഭൂമികളായ പൂര്‍ണിയ, ദര്‍ഭംഗ, സീതാമര്‍ഹി തുടങ്ങിയ പ്രദേശങ്ങളിലൂടെ അടുത്ത ദിവസങ്ങളില്‍ കടന്നുപോകും. ഭൂമിഹര്‍, യാദവ, മുസ്‌ലിം, ദളിത് വിഭാഗങ്ങള്‍ ഇവിടുത്തെ പ്രബലശക്തിയാണ്.

മഗധ
മധ്യ ബിഹാറാണ് മഗധ എന്ന പേരില്‍ അറിയപ്പെടുന്നത്. 35-40 അസംബ്ലി സീറ്റുകളും അഞ്ച് ലോക്‌സഭാ സീറ്റുകളും ഇവിടെയുണ്ട്. മൗര്യ- ഗുപ്ത രാജധാനിയായിരുന്നു. ബുദ്ധഗയ ഈ പരിധിയില്‍ വരുന്നു. വോട്ടര്‍ അധികാര്‍ യാത്ര ആരംഭിച്ചത് ഇവിടെ നിന്നാണ്. ഔറംഗബാദ്, ഗയ, നളന്ദ തുടങ്ങിയ ഇടങ്ങളിലൂടെ യാത്ര ഇതിനോടകം കടന്നുപോയി. ഹിന്ദി വകഭേദമായ മഗധി രണ്ട് കോടിയിലധികം ആളുകള്‍ ഇവിടെ സംസാരിക്കുന്നു. സി പി ഐ എം എല്‍ ശക്തികേന്ദ്രങ്ങള്‍ മഗധ മേഖലയില്‍ സ്ഥിതിചെയ്യുന്നു.

ഭോജ്പൂര്‍
തലസ്ഥാനമായ പ്ടന അടക്കമുള്ള പ്രദേശങ്ങള്‍ ഭോജ്പൂര്‍ മേഖലയിലാണ്. കല, സാഹിത്യം, സിനിമ, സംഗീതം എന്നിവയില്‍ വേറിട്ട പാരമ്പര്യം ഭോജ്പൂരിനുണ്ട്. മൂന്നര കോടിയിലധികം ആളുകള്‍ ഭോജ്പുരി സംസാരിക്കുന്നുണ്ട്. മൗറീഷ്യസ്, ഫിജി, ട്രിനിഡാഡ്, ഗയാന, സുരിനാം തുടങ്ങിയ രാജ്യങ്ങളിലേക്ക് ആദ്യകാല കുടിയേറ്റമുണ്ടായി. അവിടെയും ഭോജ്പുരി സാംസ്‌കാരിക സ്വാധീനം സജീവമാണ്. 30-32 അസംബ്ലി സീറ്റുകളും ആറ് ലോക്‌സഭാ സീറ്റുമുണ്ട്. വോട്ടര്‍ അധികാര്‍ യാത്രയുടെ അവസാനഭാഗം ഭോജ്പൂറിലൂടെയാണ്. അറ വഴി പട്‌നയില്‍ യാത്ര സമാപിക്കും. ഭൂമിഹാര്‍, യാദവ, രാജ്പുത്, ദളിത് തുടങ്ങിയ വിഭാഗങ്ങള്‍ പ്രബലമാണ്.

ചമ്പാരന്‍
ഒന്നേകാല്‍ കോടിയോളം വരുന്ന ചമ്പാരന്‍ വാസികള്‍ ബാജിക്ക ഭാഷ സംസാരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗാന്ധിജിയെ പരിചയപ്പെടുത്തിയ നീലം സത്യാഗ്രഹ സമരം 1917ല്‍ അരങ്ങേറിയത് ചമ്പാരനിലാണ്. 40 നിയമസഭാ സീറ്റുകളും ഏഴ് ലോക്‌സഭാ സീറ്റുകളും ഈ മേഖലയിലുണ്ട്. മുസഫര്‍പൂര്‍, ഷിയോര്‍ എന്നിവിടങ്ങളിലൂടെ രാഹുല്‍ ഗാന്ധിയുടെ യാത്ര കടന്നുപോകും. യാദവ – ഭൂമിഹാര്‍ – കുര്‍മി വിഭാഗങ്ങള്‍ക്ക് ചമ്പാരനില്‍ മുന്‍തൂക്കമുണ്ട്.
തെക്കന്‍ ബിഹാര്‍

അംഗ കേന്ദ്രീകൃതമായ തെക്കന്‍ ബിഹാറിലെ മുംഗര്‍, ഭഗല്‍പൂര്‍ എന്നിവിടങ്ങളിലൂടെ രാഹുലിന്റെ യാത്ര കടന്നുപോകുന്നു. 30-33 നിയമസഭാ സീറ്റുകളും എട്ട്് ലോക്‌സഭാ സീറ്റുകളുമുണ്ട്. 80 ലക്ഷത്തോളം ജനങ്ങള്‍ അംഗിക ഭാഷ സംസാരിക്കുന്നു. ജെ ഡി യു – ആര്‍ ജെ ഡി പാര്‍ട്ടികള്‍ക്ക് ഒരുപോലെ ശക്തിയുണ്ട്.

വ്യത്യസ്ത ഭാഷയും സംസ്‌കാരവും വൈജാത്യങ്ങളും പേറുന്ന വൈവിധ്യ പൂര്‍ണമായ ജനത ബിഹാറിന്റെ പ്രത്യേകതയാണ്. ബി ജെ പി ഒരിക്കലും മുഖ്യപാര്‍ട്ടിയായിരുന്നില്ല. ഇതുവരെ ഒരു ബി ജെ പി മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. അതിന്റെ സൗഹാര്‍ദ രേഖകള്‍ ഗ്രാമീണ ജനപഥങ്ങളിലുണ്ട്. റിട്ടയര്‍മെന്റ്റിലേക്ക് നീങ്ങുന്ന നിതീഷിനെ വിഴുങ്ങി, തിരഞ്ഞെടുപ്പ് കമ്മീഷനെ മുന്നില്‍ നിര്‍ത്തി വ്യാജപ്രയോഗങ്ങള്‍ നടത്താമെന്ന ബി ജെ പിയുടെ വ്യാമോഹങ്ങള്‍ കൈയോടെ പിടികൂടപ്പെട്ടിരിക്കുന്നു. അശോകനും ചാണക്യനും മുതല്‍ ഡോ. രാജേന്ദ്രപ്രസാദും ജെ പിയും ജഗജീവനുമടക്കമുള്ള നിരവധി നേതാക്കള്‍ സചേതനമാക്കിയ ബിഹാര്‍ മണ്ണിന്റെ പവിത്രത കാത്തു സൂക്ഷിക്കാനുള്ള പോരാട്ടത്തില്‍ നമുക്ക് രാഹുലിനൊപ്പം അണിചേരാം.

Latest