Connect with us

aathmeeyam

മാനവതയുടെ മാർഗദർശി

കത്തിജ്വലിക്കുന്ന പ്രകാശമെന്നാണ് മുഹമ്മദ് നബി(സ)യെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. സർവസമസ്യകൾക്കും പൂരണമായി ലോകാവസാനം വരെ അത് ജ്വലിച്ചുകൊണ്ടിരിക്കും. മാതൃകായോഗ്യവും പ്രശ്‌നരഹിതവുമായ തിരുനബി(സ) ദർശനങ്ങളെ സമകാലിക സമൂഹം ഉൾക്കൊള്ളുമ്പോഴാണ് ലോകത്ത് ശാന്തിയും സമാധാനവും സ്വസ്ഥതയുമുണ്ടാകുന്നത്.

Published

|

Last Updated

സാമൂഹിക സജീവിയായ മനുഷ്യന് സകല മേഖലകളിലും വഴികാട്ടികൾ അനിവാര്യമാണ്. ശബ്ദത്തേക്കാൾ വേഗതയിൽ സഞ്ചരിക്കാനും ലോകത്തിന്റെ വിവിധ ദിക്കുകളിൽ നടക്കുന്ന സംഭവങ്ങൾ തത്സമയം വീക്ഷിക്കാനും ചന്ദ്രൻ ഉൾപ്പെടെയുള്ള ഗോളങ്ങളിൽ ജീവന്റെ തുടിപ്പുകളുണ്ടോ എന്ന് അന്വേഷിക്കാനും അവിടങ്ങളിൽ വാസമുറപ്പിക്കാനും മനുഷ്യൻ വളർന്നിട്ടുണ്ടെങ്കിലും ഭൂമുഖത്ത് പിറന്നതു മുതല്‍ ഉണ്ണുന്നതിനും ഉടുക്കുന്നതിനും നടക്കുന്നതിനും പഠിക്കുന്നതിനും തൊഴിലെടുക്കുന്നതിനുമെല്ലാം മനുഷ്യന് മാർഗദർശികൾ അനിവാര്യമാണ്. ആഴക്കടലിൽ ദിശയറിയാതെ അലയുന്ന കപ്പലുകൾക്ക് വഴികാട്ടാൻ ലൈറ്റ് ഹൗസുകൾക്ക് സാധിക്കുന്നു. പർവതങ്ങളിലും മരുഭൂമികളിലും കാടുകളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും ഒറ്റപ്പെടുന്നവർക്ക് ദിശ കണ്ടെത്താൻ വിവിധ ആപ്പുകളും ഉപകരണങ്ങളും സഹായിക്കുന്നു. ഇങ്ങനെ മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലും മാർഗദർശികൾ അനിവാര്യമാണ്.

ഇതര ജീവികളില്‍ നിന്ന് വ്യതിരിക്തനായ മനുഷ്യന് ഉദാത്തമായ അനേകം കഴിവുകളും സമർഥമായ ബുദ്ധിശക്തിയും നൈപുണികളും ഉണ്ടെങ്കിലും നന്മതിന്മകൾ വേർതിരിക്കുന്നതിലും പ്രപഞ്ചസ്രഷ്ടാവിനെ മനസ്സിലാക്കുന്നതിലും ഭിന്നാഭിപ്രായക്കാരാകുന്നു. അതോടൊപ്പം മനുഷ്യന്റെ സാമാന്യ ബുദ്ധിക്ക് കണ്ടെത്താൻ കഴിയാത്ത അനേകം പ്രാപഞ്ചിക രഹസ്യങ്ങൾ ജനങ്ങളിലേക്കെത്തിക്കേണ്ടതുമുണ്ട്. ആകയാൽ മാനവ സമൂഹത്തെ നന്മയുടെ പാന്ഥാവിലേക്ക് വഴി നടത്തുന്നതിനും ഉടയതമ്പുരാനെ പരിചയപ്പെടുത്തുന്നതിനും ആരാധന അല്ലാഹുവിന് മാത്രം നിർവഹിക്കപ്പെടുന്നതിനും മനുഷ്യവംശത്തിന് വഴികാട്ടികളായി ദൈവദൂതന്മാരും വേദഗ്രന്ഥങ്ങളും അനിവാര്യമാണ്. പ്രസ്തുത ലക്ഷ്യസാക്ഷാത്കാരത്തിനുവേണ്ടി വിവിധ ദേശങ്ങളില്‍ ലക്ഷത്തില്‍പരം പ്രവാചകന്മാരെ പല സന്ദര്‍ഭങ്ങളിലായി അല്ലാഹു നിയോഗിച്ചിട്ടുണ്ട്. പ്രവാചകന്മാരില്‍നിന്ന് സന്ദേശമുള്‍ക്കൊള്ളാത്ത ഒരു സമൂഹവും ഉണ്ടാകില്ലെന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അല്ലാഹു പറയുന്നു: “എല്ലാസമൂഹങ്ങളിലേക്കും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ ദൈവത്തിനു മാത്രം വഴിപ്പെട്ടു ജീവിക്കുക. പരിധി ലംഘിച്ച അതിക്രമകാരികളെ നിരാകരിക്കുക’ (ഖുര്‍ആന്‍: 16/36)

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുള്ള പ്രയാണമാണ് ഓരോ നബിമാരും അതാതു കാലങ്ങളിൽ നടത്തിയത്. കോടിക്കണക്കിന് സൃഷ്ടികളുള്‍ക്കൊള്ളുന്ന പ്രവിശാലമായ പ്രപഞ്ചം യാദൃച്ഛികതയിൽ രൂപപ്പെട്ടതല്ലെന്നും അത്ഭുതകരമായ ഈ പ്രപഞ്ചത്തിന്റെ രൂപകൽപ്പനക്കുപിന്നിൽ ആസൂത്രണ പാടവവും അധീശാധികാരവുമുള്ള ഒരു മഹാശക്തിയുണ്ടെന്നും ഓരോ പ്രവാചകന്മാരും തങ്ങളുടെ സമൂഹത്തെ ബോധ്യപ്പെടുത്തി. നബിമാരുടെ സന്ദേശങ്ങളും വെളിപാടുകളുമെല്ലാം സ്രഷ്ടാവിന്റെ ഏകത്വം സ്ഥാപിക്കലും ദിവ്യസന്ദേശം ജനങ്ങളിലേക്ക് എത്തിക്കലുമാണ്.
പ്രവാചകന്മാരുടെ ലീഡറും പ്രപഞ്ച സൃഷ്ടിപ്പിനുതന്നെ കാരണഭൂതരുമായ അന്ത്യപ്രവാചകർ മുഹമ്മദ് നബി(സ) ജീവിതത്തിന്റെ ആത്മീയ ഭൗതിക തലങ്ങളെ അർഥപൂർണമാക്കി മാനവകുലത്തെ സമഗ്രതയിലെത്തിച്ച നിത്യചൈതന്യമാണ്.

അന്ധകാരങ്ങളും അനാചാരങ്ങളും അരാജകത്വവും വിധ്വംസക പ്രവർത്തനങ്ങളും കൊടികുത്തി വാണ ആറാം നൂറ്റാണ്ടിലെ ജനതയെ രക്തച്ചൊരിച്ചിലില്ലാതെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിന്റെ വിഹായസ്സിലേക്ക് വഴിനടത്താൻ ലോകഗുരുവിന് സാധിച്ചത് അവിടുത്തെ അത്ഭുത പ്രതിഭാത്വം കൊണ്ടായിരുന്നു. തിരുനബി(സ)യുടെ പെരുമാറ്റ വൈഭവവും ഭരണ നൈപുണിയും നേതൃമഹിമയും സമുദ്ധാരണ പ്രവർത്തനങ്ങളും ചിന്താമികവുകളും അതുല്യമായിരുന്നു. അതുകൊണ്ട് തന്നെ അവിടുന്ന് സൃഷ്ടിച്ച സാമൂഹിക വി​പ്ലവം പോലെ മാറ്റങ്ങളുണ്ടാക്കാൻ ഒരു സമുദ്ധാരകനും പരിഷ്‌കര്‍ത്താവിനും സാധിച്ചിട്ടില്ല. അക്ഷരാഭ്യാസത്തിലൂടെയുള്ള വിപ്ലവമായി​രുന്നു അവിടുന്ന് നയിച്ചത്. മനുഷ്യരെ മാത്രമല്ല, പ്രപഞ്ചത്തി​ലെ സർവചരാചരങ്ങൾക്കും അനുഗ്രഹമായിരുന്നു തിരുനിയോഗം. അല്ലാഹു പറയുന്നു: “ലോകത്തിനാകമാനം അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല.’ (ഖുർആൻ 21:107) ദേശത്തി​നും കാലത്തി​നുമപ്പുറം അന്ത്യനാൾ വരെയുള്ള സകല ജീവികൾക്കും ഉൾക്കൊള്ളാനും പകർത്താനും പറ്റുന്ന ദർശനങ്ങളാണ് അവിടുത്തേത്.
തിരുദര്‍ശനങ്ങൾ ജീവിതത്തിന്‌ ലക്ഷ്യബോധം നൽകുന്നതും മനുഷ്യന്റെ സ്വത്വബോധം ഉണർത്തുന്നതും സ്രഷ്ടാവിന്റെ ഉണ്മ ബോധ്യപ്പെടുത്തുന്നതുമാണ്. സ്രഷ്ടാവിന്റെ തെളിവ് തേടി തിരുനബി(സ)യെ സമീപിച്ച ഗ്രാമവാസിക്ക് അവിടുന്ന് നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “ചാണകം ഒട്ടകത്തെ അറിയിക്കുന്നു. കാലടയാളം നടന്നു പോയവനെ അറിയിക്കുന്നു. അപ്പോള്‍ രാശിമണ്ഡലങ്ങളുള്ള ആകാശവും വിശാലമായ ഭൂമിയും തിരമാലകളുള്ള സമുദ്രവുമെല്ലാം സൂക്ഷ്മജ്ഞാനിയായ ഒരുവനുണ്ടെന്ന് അറിയിക്കുന്നില്ലേ.’ (തഫ്‌സീർ ഇബ്‌നുകസീര്‍)

അഖിലലോകത്തിലെ സർവചരാചരങ്ങൾക്കും നിത്യപ്രകാശവും അനുഗ്രഹത്തിന്റെ കെടാവിളക്കുമാണ് തിരുനബി(സ). അവിടുത്തെ അനക്കവും അടക്കവും കർമങ്ങളും പ്രവചനങ്ങളുമെല്ലാം സർവർക്കും പകർത്താൻ പറ്റുന്നതാണ്. അല്ലാഹു പറയുന്നു: “സംശയമില്ല, നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതരിൽ ഉദാത്ത മാതൃകയുണ്ട്.’ (ഖുർആൻ 32: 21) നബി(സ)യുടെ നിയോഗം. കത്തിജ്വലിക്കുന്ന പ്രകാശമെന്നാണ് മുഹമ്മദ് നബി(സ)യെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. സർവസമസ്യകൾക്കും പൂരണമായി ലോകാവസാനം വരെ അത് ജ്വലിച്ചുകൊണ്ടിരിക്കും. മാതൃകായോഗ്യവും പ്രശ്‌നരഹിതവുമായ തിരുനബി(സ) ദർശനങ്ങളെ സമകാലിക സമൂഹം ഉൾക്കൊള്ളുമ്പോഴാണ് ലോകത്ത് ശാന്തിയും സമാധാനവും സ്വസ്ഥതയുമുണ്ടാകുന്നത്.

Latest