Connect with us

Kerala

കേരളയാത്രക്ക് ജനുവരി ഒന്നിന് കാസര്‍കോട്ട് തുടക്കം; കാന്തപുരം നയിക്കും

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്.

Published

|

Last Updated

കോഴിക്കോട് | കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയത്ര 2026 ജനു.1ന് കാസർകോട്ട് തുടക്കം കുറിക്കും. മനുഷ്യർകൊപ്പം എന്നതാണ് ഇത്തവണ കേരള യാത്ര ഉയർത്തിപ്പിടിക്കുന്ന സന്ദേശം. യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും. അനുബന്ധമായി ജനുവരി ആറിന് തമിഴ്‌നാട്ടിലെ നീലഗിരിയിൽ സ്‌നേഹയാത്രയും നടക്കും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്. കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് യാത്ര നായകൻ. സയ്യിദ് ഇബ്രാഹിം ഖലീൽബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി എന്നിവർ ഉപനായകരാണ്.

മനുഷ്യൻ അപകടം നിറഞ്ഞ ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നത്. അവർ പൊതുവിൽ നേരിടുന്ന ഒരുപാട് വെല്ലുവിളികളുണ്ട്. ഒന്ന് അന്യോന്യമുളള ചേരിതിരിവുകളാണ്. വർഗീയമായി മനുഷ്യരെ വ്യത്യസ്ത കള്ളികളായിത്തിരിച്ച് വെറുപ്പും ശത്രുതയും വിതക്കുകയാണ്. വെറുപ്പ് നിറഞ്ഞ മനസ്സോടെ ജീവിക്കുന്ന ഒരു സാമൂഹ്യ സാഹചര്യമുണ്ട്. ഒരാള്‍ സഹജീവികള്‍ക്ക് വേണ്ടി ചെയ്യുന്ന സദ്കർമങ്ങളെ അയാളുടെ വർഗം നോക്കി വിലയിരുത്തി അതിനെ നിരുത്സാഹപ്പെടുത്തുന്ന സ്ഥിതിയുണ്ട്. മനുഷ്യർക്ക് അറിവ്, വസ്ത്രം, പാർപ്പിടം, സ്വസ്ഥ ജീവിതം എല്ലാം ആവശ്യമാണ്. അതവരുടെ അവകാശമാണ്.

അഭിപ്രായ സ്വാതന്ത്യവും മത സ്വാതന്ത്ര്യവും ജീവിത സ്വാതന്ത്ര്യവും ജന്മാവകാശങ്ങളാണ്. അവ തന്റെ അവകാശമാണെന്നും ചോദിച്ചു വാങ്ങേണ്ടതാണെന്നും അറിയാത്ത മനുഷ്യർ വിവിധ തരം അതിവൈകാരികതകളുടെ ആജ്ഞാനുവർത്തികളായി മാറുന്നു. ചൂഷകമനസ്സുള്ളവർ അവരെ വെറുപ്പ് വിതക്കാനുള്ള ഉപകരണങ്ങളാക്കുന്നു. അറിവില്ലാത്ത മനുഷ്യർ പോർവിളിച്ച് അന്യോന്യം കൊല്ലുന്നു. ലഹരിക്കടിമയാവുന്നു. മറ്റുള്ളവരെ ലഹരിക്ക് കീഴ്‌പ്പെടുത്തുന്നു. അങ്ങനെ കിട്ടുന്ന നൈമിഷിക സുഖത്തിലും സാമ്പത്തിക ലാഭത്തിലും ആകൃഷ്ടരാവുന്നു. അനീതിക്കെതിരായ ധർമസമരം ലോകത്ത് ഇല്ലാതാകുന്നു. ലാഭക്കൊതിയന്മാർക്ക് അവരുടെ താല്പര്യങ്ങൾ വിറ്റഴിക്കാനുളള വെറുമൊരു കമ്പോളമായി മനുഷ്യരാശി മാറുന്നു. ഫലമോ, ദുർബല വിഭാഗങ്ങൾ എന്നും ദുർബലരും ചൂഷകർ എന്നും ചൂഷകരുമായിത്തീരുന്നു. ഈയൊരു സ്ഥിതി ലോകത്തിന്റെ ദുരന്തമാണ്. ഓരോ ജീവിക്കുമുള്ള അവകാശങ്ങൾ വകവെച്ചു കൊടുത്തു കൊണ്ടുളള നന്മ നിറഞ്ഞ ജീവിതവും പരസ്പര കരുതലും സംരക്ഷണവും സ്‌നേഹവും നല്‍കുന്ന ഒരു ആദർശ സമൂഹത്തിന്റെ നിർമ്മിതിയാണ് നാം അടിയന്തിരമായി ലക്ഷ്യം വെക്കേണ്ടത്. അതാണ് ഈ യാത്രയുടെയും അനുബന്ധ പദ്ധതികളുടെയും ഉള്ളടക്കം.

എല്ലാ ജനവിഭാഗങ്ങളും ചേർന്നതാണ് മനുഷ്യകുലമെന്ന് ജനങ്ങൾ പരസ്പരം പറയുന്ന, വിശ്വസിക്കുന്ന ഒരു കാലം തിരിച്ചു വരണം. വരാനിരിക്കുന്ന തലമുറകൾക്കും കൂടി ഒരു നല്ല ഭാവി കാത്തുവെക്കാൻ കഴിയേണ്ടതുണ്ട്. മനുഷ്യൻ എന്ന നല്ല കാഴ്ചപ്പാട് ഇവിടെ തീരാൻ അനുവദിച്ചു കൂടാ. എല്ലാ മനുഷ്യർക്കും ഒരു തരത്തിലുമുള്ള വിവേചനം നേരിടാതെ അന്തസ്സോടെ ജീവിക്കാൻകഴിയണം. മനുഷ്യനെ വംശീയമായി വേർതിരിക്കുന്ന ഒന്നും നമ്മുടെ രാജ്യത്തിനും നാടിനും അഭികാമ്യമല്ല. മനുഷ്യവിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളെയും തള്ളിക്കളയാൻ കഴിയണം.

മനുഷ്യർകൊപ്പം എന്ന സന്ദേശം കൂടുതൽ ശക്തമായി പറയേണ്ടതും നടപ്പിലാക്കേണ്ടതുമായ കാലമാണിത്. വേർതിരിവുകൾ ഇല്ലാതെ എല്ലാവരെയും ചേർത്തുപിടിക്കുക എന്ന ആശയമാണ് ഈ പ്രമേയം മുന്നോട്ടുവെക്കുന്നത്. വൈജാത്യങ്ങളെ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമാണ് അത് സാധ്യമാവുക. വിശ്വാസപരവും രാഷ്ട്രീയവും സാമൂഹികവുമായ വൈജാത്യങ്ങൾ രാജ്യത്തുണ്ട്. അത് അങ്ങനെത്തന്നെ നിലനിൽക്കുമ്പോഴും അതിന്റെ പേരിൽ കലഹിക്കാനോ ശത്രുത പുലർത്താനോ പാടില്ല. K

കേരള യാത്ര ഈ സന്ദേശമാണ് മുന്നോട്ടുവെക്കുന്നത്. നന്മ നിറഞ്ഞ ജീവിതവും പരസ്പര കരുതലും സംരക്ഷണവും സ്‌നേഹവും സഹവര്‍ത്തിത്തവും ശീലമാക്കുന്ന ഒരു ആദർശ സമൂഹത്തിന്റെ നിർമ്മിതിക്കുള്ള യാത്രയാണിത്.

സാധാരണ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. എല്ലാവിധ വര്‍ഗീയ-ഭീകരവാദ-തീവ്രവാദ പ്രവർത്തനങ്ങളെയും തള്ളിപ്പറയാനും അതിനെതിരെ ശക്തമായ പ്രചാരണങ്ങൾ നടത്താനും കേരളം മുസ്ലിം ജമാഅത്ത് പ്രതിജ്ഞാബദ്ധമാണ്. വ്യത്യസ്ത മത രാഷ്ട്രീയ കാഴ്ചപ്പാടുകൾ പുലർത്തുന്ന എല്ലാ മനുഷ്യരെയും സഹിഷ്ണുതയോടെ കാണാൻ കഴിയുമ്പോഴാണ് നാം മനുഷ്യർക്കൊപ്പം ആണെന്ന് അഭിമാനിക്കാൻ കഴിയുന്നത്.

 

1999 ൽ മനുഷ്യമനസ്സുകളെ കോർത്തിണക്കാൻ എന്ന പ്രമേയത്തിലും 2012 ഏപ്രിലിൽ മാനവികതയെ ഉണർത്തുന്നു എന്ന സന്ദേശത്തിലും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ യാത്രയും ആ യാത്രകൾ മുന്നോട്ടുവെച്ച പ്രമേയങ്ങളും കേരളീയ സമൂഹം ഗുണകരമായി ചർച്ച ചെയ്തിട്ടുണ്ട്.

 

കേരള മുസ്ലിം ജമാഅത്തിന്റെ മാതൃ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് നൂറ്റാണ്ട് പൂർത്തിയാകുമ്പോൾ2026 ൽ സമസ്തയുടെ സമ്പൂർണ്ണ സമ്മേളനം നടക്കും. സമ്മേളനത്തോടനുബന്ധിച്ച് വിപ്ലവകരമായ കർമ്മ പദ്ധതികളാണ് സമസ്ത മുന്നോട്ടുവെക്കുന്നത്. മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് നൂതനമായ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കും.

ജനുവരി ഒന്നിന് ഉച്ചക്ക് ഉള്ളാൾ സയ്യിദ് മദനി മഖാം സിയാറത്തോടെ യാത്രക്ക് തുടക്കമാകും. മൂന്നു മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാരും കേരള യാത്ര സമിതി ചെയര്‍മാൻ കെ എസ് ആറ്റക്കോയ തങ്ങളും (കുമ്പോൽ) ജാഥാ നായകൻ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർക്ക് പതാക കൈമാറും. വൈകുന്നേരം അഞ്ചുമണിക്ക് ചെർക്കളയിൽ സ്വീകരണ സമ്മേളനം നടക്കും.

ജനുവരി രണ്ടിന് കണ്ണൂർ കലക്ടറേറ്റ് മൈതാനം, ജനുവരി 3 നാദാപുരം, നാല് കോഴിക്കോട് മുതലക്കുളം, 5 കല്‍പ്പറ്റ , ആറ് ഗൂഡല്ലൂര്‍ , ഏഴിന് അരീക്കോട്, 8 തിരൂര്‍, 9 ഒറ്റപ്പാലം, 10 ചാവക്കാട്, 11 എറണാകുളം മറൈന്‍ ഡ്രൈവ്, 12 തൊടുപുഴ, 13 കോട്ടയം, 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട, അഞ്ചുമണി കായംകുളം, 16ന് വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ സമാപന സമ്മേളനം; ഇങ്ങനെയാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. ജില്ലാ അതിര്‍ത്തികളില്‍ രാവിലെ 9 മണിക്ക് യാത്രയെ സ്വീകരിക്കും.യാത്രയോട് അനുബന്ധിച്ച് എല്ലാ ജില്ലകളിലും രാവിലെ 11ന് ജില്ലയിലെ പൗരപ്രധാനികളുടെ സ്‌നേഹവിരുന്നും പ്രസ് മീറ്റും നടക്കുന്നുണ്ട്. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, മറ്റു പ്രമുഖര്‍ സംബന്ധിക്കും.

പത്രസമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാർ, സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്്മാൻ ഫൈസി പങ്കെടുത്തു.

Latest