Connect with us

National

കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ബുള്‍ഡോസര്‍ രാജ്; കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സൗജന്യ പുനരധിവാസമില്ല

അഞ്ചു ലക്ഷം രൂപ നല്‍കുന്നവര്‍ക്കു മാത്രം വീട് നല്‍കും

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകയിലെ യെലഹങ്കയില്‍ മുസ്്‌ലിംകളും ദലിതരും താമസിക്കുന്ന കോളനി ബുള്‍ഡോസര്‍ രാജിലൂടെ കുടിയൊഴിപ്പിച്ച സംഭവത്തെ കേരളത്തിലെ കോണ്‍ഗ്രസ്സും ലീഗും ന്യായീകരിച്ചുകൊണ്ടിരിക്കെ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഇരുട്ടടി. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ബയ്പ്പനഹള്ളിയില്‍ സൗജന്യമായി വീട് നല്‍കി പുനരധിവസിപ്പിക്കുമെന്നായിരുന്നു കേരളത്തില്‍ കോണ്‍ഗ്രസ്സും ലീഗും പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ആര്‍ക്കും സൗജന്യമായി വീട് നല്‍കില്ലെന്നും വീടിന് ഓരോരുത്തരും അഞ്ചു ലക്ഷം രൂപ വീതം നല്‍കണമെന്നുമാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

11.2 ലക്ഷം രൂപ വിലയുള്ള വീടാണ് അഞ്ചു ലക്ഷം രൂപയ്ക്ക് നല്‍കുന്നതെന്ന മോഹന വാഗ്ദാമാണ് കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത്. അഞ്ചുലക്ഷം ഉള്ളവര്‍ക്ക് ജനുവരി ഒന്നിന് വീട് കൈമാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി. അര്‍ഹരായവരെ കണ്ടെത്താന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നിലവില്‍ താമസിച്ചിരുന്ന ഇടം നല്‍കാനാകില്ലെന്നും ഭക്ഷണവും വെള്ളവും നല്‍കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ശനിയാഴ്ചയാണ് കര്‍ണാടകയിലെ യെലഹങ്കയ്ക്കടുത്തുള്ള കൊഗിലു ഗ്രാമത്തില്‍ കൈയേറ്റമാരോപിച്ച് നാനൂറോളം വീടുകള്‍ മുന്നറിയിപ്പില്ലാതെ ബുള്‍ഡോസര്‍ വച്ച് ഇടിച്ചു നിരത്തി നിരവധി കുടുംബങ്ങളെ പുറന്തള്ളിയത്. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥരാണ് പോലീസ് സംരക്ഷണത്തോടെ ഫക്കീര്‍ കോളനിയിലും വസീം ലേഔട്ടിലും വീടുകള്‍ പൊളിച്ചുമാറ്റിയത്. ഉര്‍ദു ഗവണ്‍മെന്റ് സ്‌കൂളിന് സമീപമുള്ള കുളത്തോട് ചേര്‍ന്നുള്ള ഭൂമിയില്‍ താമസിക്കുന്നവരെയാണ് ബുള്‍ഡോസര്‍ രാജിന് ഇരയാക്കിയത്.

പുലര്‍ച്ചെ നാലു മണിയോടെ ആരംഭിച്ച പൊളിക്കല്‍ യജ്ഞത്തില്‍ 350 ലധികം കുടുംബങ്ങള്‍ ഭവനരഹിതരായിരുന്നു. ഉത്തര്‍ പ്രദേശില്‍ സമാന രീതിയിലാണ് മുസ്്്‌ലിംകളും ദലിതലരും താമസിക്കുന്ന പ്രദേശങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്. അവിടെയും കൈയ്യേറ്റം ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ യു പി മോഡല്‍ ബുള്‍ഡോസര്‍ രാജ് അല്ല കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ നിലപാട്.

 

Latest