Kerala
എംഎല്‍എ ഓഫീസ് കെട്ടിട വിവാദം:കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ അപക്വമായി പെരുമാറി; എ എന്‍ ഷംസീര്‍
പ്രോട്ടോക്കോളില്‍ കൗണ്‍സിലറെക്കാള്‍ മുകളില്‍ എംഎല്‍എയാണ്. ഇരുവരും ജനസേവനമാണ് ചെയ്യുന്നത്.
തിരുവനന്തപുരം|ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് കെട്ടിട വിവാദത്തില്‍ പ്രതികരിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ അപക്വമായി പെരുമാറി. കൗണ്‍സിലറിന് എങ്ങനെയാണ് എംഎല്‍ എ വികെ പ്രശാന്തിനോട് മാറണമെന്ന് പറയാന്‍ കഴിയുക. കൗണ്‍സിലര്‍ കുറച്ചു കൂടി മെച്ച്യൂരിറ്റി കാണിക്കണം. പ്രോട്ടോക്കോളില്‍ കൗണ്‍സിലറെക്കാള്‍ മുകളില്‍ എംഎല്‍എയാണ്. ഇരുവരും ജനസേവനമാണ് ചെയ്യുന്നതെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. എംഎല്‍എ ഹോസ്റ്റലില്‍ പരിചയം ഉള്ളവര്‍ താമസിക്കുന്നുണ്ടാവും. ജനങ്ങള്‍ക്ക് എളുപ്പത്തില്‍ വരാനാണ് ഓഫീസ്. ചെറിയ കാര്യം കുത്തിക്കുത്തി വലുതാക്കേണ്ടെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് വിവാദത്തില്‍ ഇടപെട്ട് കോണ്‍ഗ്രസും രംഗത്തെത്തി. വി കെ പ്രശാന്തിന് എംഎല്‍എ ഹോസ്റ്റലില്‍ മുറിയുണ്ടെന്നും കോര്‍പറേഷന്‍ കെട്ടിടത്തിലെ ഓഫീസ് ഒഴിയണമെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെഎസ് ശബരീനാഥന്‍ പറഞ്ഞു. തര്‍ക്കത്തിന് പിന്നാലെ വികെ പ്രശാന്തിന്റെ വാടക കരാര്‍ രേഖകള്‍ പരിശോധിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കോര്‍പ്പറേഷന്‍. ആവശ്യമായ രേഖകള്‍ ഇല്ലെങ്കില്‍ വാടകയ്ക്ക് നല്‍കിയ തീരുമാനം കോര്‍പ്പറേഷന്‍ റദ്ദാക്കിയേക്കും. വി കെ പ്രശാന്ത് ഓഫീസ് ഒഴിയണോ എന്നുള്ള കാര്യം രേഖകള്‍ പരിശോധിച്ചശേഷം പറയാമെന്നാണ് മേയര്‍ വിവി രാജേഷ് പറഞ്ഞത്.


