Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള പ്രചരണത്തിലൂടെ ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല; എം വി ഗോവിന്ദന്‍

ഏത് നിമിഷവും ഏത് കോണ്‍ഗ്രസ് നേതാവിനും ബിജെപി ആകാം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വരെ ആര്‍എസ്എസ് അനുകൂലികളുണ്ട്.

Published

|

Last Updated

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള പ്രചരണത്തിലൂടെ ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സ്വര്‍ണ കൊള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. സ്വര്‍ണ കൊള്ള ഉത്തരവാദികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. അറസ്റ്റിലായവര്‍ക്ക് എന്താണ് ഇതിലുള്ള പങ്കെന്ന് കൃത്യമായി തിരിച്ചറിയാത്തതുകൊണ്ടാണ് പാര്‍ട്ടി നടപടി സ്വീകരിക്കാത്തത്. മാധ്യമങ്ങളുടെ വഴിയിലൂടെ പോയി നിലപാടും നടപടിയും എടുക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അറസ്റ്റിലായവരുടെ പങ്ക് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നോട്ടക്കുറവ് ഉണ്ടായോ എന്ന് അറിയണം. കുറ്റപത്രം ലഭിച്ചാല്‍ മാത്രമേ അത് മനസ്സിലാകൂ. അത് വന്നു കഴിഞ്ഞാല്‍ കൃത്യമായ നിലപാട് സ്വീകരിക്കും.

ഏത് നിമിഷവും ഏത് കോണ്‍ഗ്രസ് നേതാവിനും ബിജെപി ആകാം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വരെ ആര്‍എസ്എസ് അനുകൂലികളുണ്ടെന്നും മത വര്‍ഗീയ ശക്തികള്‍ക്ക് സ്വീകാര്യത കിട്ടുന്ന അപകടകരമായ അവസ്ഥ ഇന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മറ്റത്തൂരിലെ കൂറുമാറ്റം ചൂണ്ടിക്കാണ്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ട്. കേരളത്തിലുണ്ടായ അപ്രതീക്ഷിതമായ പരാജയം ശരിയായ ദിശാബോധത്തോടെ വിലയിരുത്തി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയണം എന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 33.60 ശതമാനം വോട്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ചത്. ഇപ്പോഴത് 39. 73 ശതമാനം വോട്ടായി ഉയര്‍ന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 66, 65,370 വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്. ഇപ്രാവശ്യം അതില്‍ 17 ലക്ഷത്തിലധികം വോട്ടിന്റെ വര്‍ധനവുണ്ടായി. യുഡിഎഫിനും ബിജെപിയ്ക്കും അവരുടെ വോട്ട് ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറയുകയാണ് ഉണ്ടായതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest