കെയ്റോ ഡയറി 1
നൈലിന്റെ നാട്ടിലെ ആദ്യ ദിനങ്ങൾ
ദർറാസയിലെ മുസ്തശ്ഫൽ ഹുസൈനിന്റെ പിറകു വശത്താണ് ഞങ്ങളുടെ താമസം. ഈജിപ്തിന്റെ പുലർക്കാല കാഴ്ച മനോഹരമാണ്. ഉത്തരേന്ത്യൻ ഗല്ലികളെ ഓർമിപ്പിക്കുന്ന റൂമും പരിസരവും. കെട്ടിടങ്ങൾക്കു മേൽ സൂര്യന്റെ കിരണങ്ങൾ വീഴുമ്പോൾ, അവക്ക് പഴമയുടെ ചൂടും ചൂരുമുണ്ട്. എവിടെയും പുരാതനതയും നവീനതയും ചേർന്നൊഴുകുന്ന മനോഹരമായ കാഴ്ച.
ഈജിപ്തിലെ കെയ്റോ ഇന്റർനാഷനൽ എയർപോർട്ടിൽ നിന്നും ഞങ്ങൾ പുറത്തിറങ്ങുമ്പോൾ സമയം പുലർച്ചെ രണ്ട് മണി കഴിഞ്ഞിരുന്നു. പുതിയ നാടും പരിസരവും സമ്മിശ്രമായ വികാരങ്ങളാണ് സമ്മാനിച്ചത്. മനസ്സിൽ നെയ്തു കൂട്ടിയ സ്വപ്നങ്ങളിൽ നിന്നും തീർത്തും വിഭിന്നമായ കാഴ്ചകൾ. ഓർമ വെച്ചതിന് ശേഷം ആദ്യമായാണ് ഒരു അറബ് നാട്ടിലേക്ക് യാത്ര ചെയ്യുന്നത്. നാദാപുരം, സിറാജുൽ ഹുദ സയൻസ് ക്യാമ്പസിൽ നിന്നും ഗ്രാജുവേഷൻ പൂർത്തിയാക്കി ഉപരിപഠനം ലക്ഷ്യമാക്കിയാണ് ഈജിപ്തിലേക്കുള്ള ഈ യാത്ര. സ്വീകരിക്കാനായി അൽ അസ്ഹർ യൂനിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാർഥി ഹസ്ബുല്ല സുറൈജി എയർപോർട്ടിലെത്തിയിരുന്നു. ടാക്‌സി വിളിച്ച് ഞങ്ങൾ അദ്ദേഹത്തോടൊപ്പം താമസ സ്ഥലത്തേക്ക് പോയി.
ദർറാസയിലെ മുസ്തശ്ഫൽ ഹുസൈനിന്റെ പിറകു വശത്താണ് ഞങ്ങളുടെ താമസം. ഈജിപ്തിന്റെ പുലർക്കാല കാഴ്ച മനോഹരമാണ്. ഉത്തരേന്ത്യൻ ഗല്ലികളെ ഓർമിപ്പിക്കുന്ന റൂമും പരിസരവും. കെട്ടിടങ്ങൾക്കു മേൽ സൂര്യന്റെ കിരണങ്ങൾ വീഴുമ്പോൾ, അവക്ക് പഴമയുടെ ചൂടും ചൂരുമുണ്ട്. എവിടെയും പുരാതനതയും നവീനതയും ചേർന്നൊഴുകുന്ന മനോഹരമായ കാഴ്ചകളാണ് കാണാനാകുന്നത്.
ഉച്ചവെയിലിന്റെ കഠിനമായ ചൂട് റൂമിന്റെ ഉള്ളിൽ ഒട്ടും അനുഭവപ്പെടുന്നില്ല.
ഗ്രൗണ്ട് ഫ്ളോറിലാണ് ഞങ്ങളുള്ളത്. ഇടത് ഭാഗത്തുള്ള വാതിലിലൂടെ പ്രവേശിച്ചാൽ ആദ്യം കാണുന്നത് അടുക്കളയാണ്. ഒരു ചെറിയ കിച്ചൻ. ഒരാൾക്ക് നിന്ന് തിരിയാൻ മാത്രം ഇടം. ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഈ പരിമിതമായ ലോകം തന്നെ ധാരാളം. അടുക്കളയുടെ ഒരു മൂലയിലൂടെയാണ് ബാത്‌റൂമിലേക്ക് പ്രവേശിക്കേണ്ടത്. വളരെ കുറഞ്ഞ സ്ഥലത്ത് ഇത്രയും സൗകര്യങ്ങൾ ചെയ്ത ഇവിടുത്തെ എൻജിനീയർമാരുടെ പ്ലാനും ബുദ്ധിയും സമ്മതിച്ചിരിക്കുന്നു! വിശാലമായ ബാത്‌റൂമിൽ വാഷിംഗ് മെഷീൻ, ഹീറ്റർ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. അടുക്കളക്കപ്പുറത്ത് ഡൈനിംഗ് ഹാൾ, സിറ്റൗട്ട്, മജ്‌ലിസ്, ബെഡ്‌റൂം, അയേൺ കോർണർ, സ്റ്റഡി റൂം, സ്റ്റോർ റൂം, എല്ലാം റൂമിന്റെ ഭാഗമായി സംവിധാനിച്ചിരിക്കുന്നു. ഭക്ഷണം പാകം ചെയ്ത് കഴിഞ്ഞാൽ, ഒരു തളികയിൽ നിന്ന് ഞങ്ങൾ മൂന്നോ നാലോ പേരാണ് കഴിക്കുക. ചിലപ്പോൾ അഞ്ചാളുകൾ വരെ ഉണ്ടാകും.
അഡ്മിഷനുമായി ബന്ധപ്പെട്ട ആലോചനകളിലും അതിനുവേണ്ട പേപ്പർ വർക്കുകളുടെയും പിന്നാലെയായിരുന്നു ആദ്യത്തെ രണ്ട് ദിവസങ്ങൾ. ഈജിപ്തിലെ പുതിയ കാഴ്ചകൾ കാര്യമായി ശ്രദ്ധിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ന് വെള്ളിയാഴ്ചയാണ്. ഞങ്ങൾ നേരത്തെ തന്നെ ഒരുങ്ങി റൂമിൽ നിന്നിറങ്ങി. കനത്ത വെയിലിൽ ചുട്ടുപൊള്ളുന്ന പാതയിലൂടെ നടന്നു. വഴിയോരക്കാഴ്ചകൾ ഈജിപ്തിന്റെ തനത് ജീവിതം വരച്ചുകാട്ടുന്നുണ്ടായിരുന്നു. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ, ഇടുങ്ങിയ ഗല്ലികൾ, തിരക്കേറിയ സൂഖുകൾ, കൊടും ചൂടിലും പാതയോരങ്ങളിൽ അധ്വാനിക്കുന്ന തൊഴിലാളികൾ, അങ്ങനെ വ്യത്യസ്തമായ കാഴ്ചകൾ കണ്ട് ഞങ്ങൾ മുന്നോട്ട് നീങ്ങി. ഈജിപ്തിലെ കാലാവസ്ഥ, ചൂടാണെങ്കിൽ കഠിനമായ ചൂടും, തണുപ്പാണെങ്കിൽ എല്ലു കോച്ചുന്ന തണുപ്പുമാണെന്ന് ഇവിടെയുള്ള വിദ്യാർഥികൾ പറഞ്ഞു.
ഏകദേശം ഒരു കിലോമീറ്ററോളം നടന്നു ഞങ്ങൾ മസ്ജിദ് സാലിഹ് ജഅഫരിയുടെ സമീപത്തെത്തി. കൊടും ചൂടിൽ ആശ്വാസത്തിന്റെ തണുത്ത കാറ്റ് പോലെ പള്ളിയിൽ നിന്നും ഒഴുകിയെത്തിയ ഖിറാഅത്തിന്റെ മനോഹരമായ ശബ്ദം കാതുകൾക്ക് ആനന്ദം പകർന്നു. ഒരു ഖാരിഅ്, പൊതുജനങ്ങൾ കേൾക്കുന്ന വിധത്തിൽ (പള്ളിയുടെ അകത്തും പുറത്തും) ജുമുഅക്ക് അരമണിക്കൂർ മുമ്പ് ഖുർആൻ പാരായണം ചെയ്യും. അല്ലെങ്കിൽ റേഡിയോയിൽ ഖിറാഅത്ത് സംപ്രേഷണം ചെയ്യും. ഇത് ഇവിടെയുള്ള പതിവ് കാഴ്ചയാണ്.
ഞങ്ങൾ പള്ളിക്കകത്ത് കടന്നു. ശീതീകരിച്ച വിശാലമായ അകത്തളം. ഉയരം കൂടിയ മേൽക്കൂരകൾ, ഭംഗിയുള്ള മഞ്ഞയും തവിട്ടും കലർന്ന ഭിത്തികൾ, കൊത്തുപണികൾ ചെയ്ത കമാനങ്ങൾ. മേൽക്കൂരയെ താങ്ങിനിർത്തുന്ന വലിയ തൂണുകൾക്ക് സ്വർണ നിറത്തിലുള്ള മുകളറ്റം ഒരു പ്രത്യേക ആകർഷണീയത നൽകിയിരിക്കുന്നു. നിലത്ത് തവിട്ടു നിറത്തിലുള്ള പരവതാനികൾ വിരിച്ചിട്ടുണ്ട്. വലിയ ചാൻഡിലിയറുകൾ (പള്ളിയുടെ മേൽക്കൂരയിൽ നിന്ന് തൂക്കിയിട്ടിരിക്കുന്ന അലങ്കാര വിളക്കുകൾ) പള്ളിക്ക് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ട്. ഓരോന്നിലും ഒരുപാട് വിളക്കുകൾ തൂങ്ങിനിൽക്കുന്നത് കൊണ്ട് അകത്ത് നല്ല വെളിച്ചം കിട്ടുന്നുണ്ട്. വശങ്ങളിലുള്ള ജനലുകളിലൂടെ പുറത്തുനിന്നുള്ള പ്രകാശവും എത്തുന്നുണ്ട്.
ബാങ്ക് കൊടുത്ത ഉടനെ രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കരിക്കാനുള്ള സമയമേ ഉള്ളൂ. പെട്ടെന്ന് ഖുതുബ തുടങ്ങി. നല്ല ഉയരമുള്ള മിമ്പറാണ്. ഏകദേശം രണ്ടാളുടെ ഉയരം വരും! അര മണിക്കൂറോളം നീണ്ട ഖുതുബക്ക് ശേഷമാണ് നിസ്‌കാരം നടന്നത്. പിന്നീട് പള്ളിക്ക് ചാരെ അന്ത്യവിശ്രമം കൊള്ളുന്ന ജാമിഉൽ അസ്ഹറിലെ ഇമാമും മുദർരിസുമായിരുന്ന സൂഫീ ഗുരു, ശൈഖ് സ്വാലിഹുൽ ജഅഫരിയുടെ മഖാം സിയാറത്ത് ചെയ്താണ് ഞങ്ങൾ മടങ്ങിയത്.






